ഇവിടെ സ്നേഹമാണ് സർവം. മനുഷ്യത്വമാണ് മതം. കാരുണ്യത്തിന്റെ സദസ്സിൽ സ്നേഹത്തിന്റെ മഹാസംഗമത്തിന് തുടക്കമായി.
കിഴക്കൻ മലയോരത്തെ പ്രമുഖ സിയാറത്ത് കേന്ദ്രമായ ബളാൽ കല്ലംചിറ മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹതിയുടെ പേരിൽ വർഷം തോറും നടക്കുന്ന ഉറൂസിന് കൊടിയേറി. കല്ലംചിറ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ.അസീസാണ് ഉറൂസിന് കൊടി ഉയർത്തിയത്.
1930-കളിലാണ് കല്ലൻചിറയിൽ ആദ്യമായി മുസ്‌ലിം പള്ളി സ്ഥാപിച്ചത്. കട്ടയും ഓടും ഉപയോഗിച്ചാണ് ആദ്യത്തെ പള്ളി നിർമിച്ചത്. ആദ്യത്തെ മദ്രസ നിർമിച്ചതാവട്ടെ ഓടപ്പായയിലും.
 മധ്യതിരുവിതാംകൂറിൽനിന്ന്‌ കല്ലൻചിറയിലേക്ക് ആളുകൾ കുടിയേറിത്തുടങ്ങിയതോടെ പള്ളി പുതുക്കിപ്പണിയേണ്ടത് ആവശ്യമായി വന്നു.
1990-കളിൽ സി.എം.അസൈനാർ ചെയർമാനായുള്ള കമ്മിറ്റി പള്ളി പുനർ നിർമിച്ചു. ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം മതവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകി 2010-ൽ മദ്രസയും പുതുക്കിപ്പണിത് സെക്കൻഡറി മദ്രസ ആയി ഉയർത്തി.     
കല്ലൻചിറ മഖാമും ഉറൂസും  
1957-ലെ ഭൂപരിഷ്കരണ നിയമത്തോടെ ജന്മിമാരുടെ സ്വത്തുക്കൾ ഏറെയും കുടിയാന്മാർക്ക് കൊടുക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഉടുമ്പുന്തല കുഞ്ഞാമിന ഉമ്മയുടെ സ്വത്തുക്കൾ ഏറെയും എൻ.എസ്.എസ്. എസ്റ്റേറ്റിന് കൈമാറി. കാനനപാതയിലൂടെയുള്ള സഞ്ചാരം ദുർഘടമായപ്പോൾ ജന്മികുടുംബങ്ങൾ മുൻകൈയെടുത്ത് റോഡ് നിർമാണം തുടങ്ങി.
ഇപ്പോൾ മഖാം സ്ഥിതിചെയ്യുന്ന മൈതാനത്തിലൂടെയാണ് ആദ്യത്തെ റോഡുനിർമാണം തുടങ്ങിയത്. എന്നാൽ ഈ സ്ഥലത്ത് റോഡ് കിളച്ചുകൊണ്ടിരുന്നവർക്കും മറ്റും അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ചിലർക്ക് മോഹാലസ്യമുണ്ടായി. കാരണമന്വേഷിച്ചുള്ള യാത്ര ചെന്നെത്തിയത് ഒരു വലിയ മരത്തിന്റെ അരികിലായി സ്ഥിതിചെയ്തിരുന്ന വലിയൊരുകല്ലിൽ. കല്ലിന്റെ തൊട്ടരുകിൽ കബർ കാണപ്പെട്ടു.
ആ കബറിന്റെ അന്വേഷണം ചെന്നെത്തിയത് മങ്കയത്ത് താമസിച്ചിരുന്ന ഒരു ഉമ്മയിലും മകളിലും. വളരെയധികം സത്കർമങ്ങൾ ചെയ്തുകൊണ്ട് പ്രാർഥനയോടെ ജീവിച്ചിരുന്ന അവർ ഇവിടെ പതിവായി വരാറുണ്ടായിരുന്നത്രേ.
ഒരു ദിവസം മകൾ ഉമ്മയോട് പറഞ്ഞു ഈ സ്ഥലം വളരെ വിശുദ്ധമാണെന്നും ഇവിടെ മയ്യത്ത് മറവു ചെയ്യാൻ പറ്റിയ സ്ഥലമാണെന്നും.
എതാനും സമയത്തിനകം തന്നെ മകൾ അവിടെ മരിച്ചുവീഴുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. 1956-ൽ ടി.പി.മൊയ്തു വിന്റെ നേതൃത്വത്തിൽ ഈ കബർ സ്ഥാനത്ത് കട്ടയും മരവും ഉപയോഗിച്ച് ഓടുമേഞ്ഞ ഒരു മഖാം പണികഴിപ്പിച്ചു. പിന്നീടങ്ങോട്ട് പറഞ്ഞുകേട്ടും അനുഭവിച്ചറിഞ്ഞുമൊക്കെയായി ധാരാളം ആളുകൾ മഖാമിൽ സിയ്യാറത്തിനായി എത്തിത്തുടങ്ങി.
1988-ൽ മഖാം കെട്ടിട്ടം  പി.എച്ച്.മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പുനർനിർമിച്ചതാണ്. എന്നാൽ കാലപ്പഴക്കത്താൽ വീണ്ടും പുതുക്കിപ്പണിയേണ്ടിവന്നു.
2016-ൽ വി.കെ. അസീസ് ചെയർമാനായും എ.സി.ലത്തീഫ് കൺവീനറായും ടി.എം.അബ്ദുൾഖാദർ ഖജാൻജിയായുമുള്ള വിപുലമായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം നടത്തിയതിന്റെ ഫലമായി കല്ലംചിറയിൽ ഇന്ന് പുതിയ മഖാം കെട്ടിടം ഉയർന്നുകഴിഞ്ഞു.
ഉറൂസിന്റെ ഭാഗമായി ആത്മീയ സദസ്സ്, മാനവമൈത്രീസംഗമം, പുത്തരിസദ്യ തുടങ്ങിയ പരിപാടികൾക്കുശേഷം മാർച്ച് നാലിന്‌ ഉറൂസിന്‌ കൊടിയിറങ്ങും.