രാത്രി ഒമ്പതു മണി കഴിഞ്ഞാൽ കതിരൂർ, കൂത്തുപറമ്പ്, ചൊക്ലി, പിണറായി, പാലയാട്, 
കൊളശ്ശേരി, പെരിങ്ങത്തൂർ ഭാഗങ്ങളിലേക്ക് ബസ്സുകളില്ല. ആകെ സർവീസ് നടത്തുന്നത് കോപ്പാലം-കടവത്തൂർ വഴി പാനൂരിലേക്കുള്ള സ്വകാര്യ ബസ് മാത്രം.
 മറ്റു പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് രാത്രി ഒമ്പത് കഴിഞ്ഞാൽ ഓട്ടോ തന്നെ ആശ്രയം. ഉൾനാട്ടിലേക്ക് യാത്ര ചെയ്താൽ ബസ്‌കൂലിയുടെ അഞ്ചോ പത്തോ ഇരട്ടിയാകും ഓട്ടോക്കൂലി. 
 ഒമ്പത് മണിയായാൽ തലശ്ശേരിയിലൂടെ കടന്നുപോകുന്ന ദീർഘദൂര ബസ്സുകളും ബെംഗളൂരുവിലേക്കുള്ള പ്രത്യേക സർവീസ് ബസ്സുകളുമുണ്ടാകും. ഈ ബസുകൾ കാത്തുനിൽക്കുന്ന യാത്രക്കാർ മാത്രമാണ് ബസ് സ്റ്റാൻഡിൽ അവശേഷിക്കുക. ബസ് സർവീസുണ്ടെങ്കിൽ യാത്രക്കാരുമുണ്ടാകുമെന്ന് ചുരുക്കം.  
 ബസ്‌സ്റ്റാൻഡിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തുള്ള ഹൈമാസ്റ്റ് വിളക്കു മാത്രമാണ് വെളിച്ചത്തിനായുള്ളത്. ഇതുകൊണ്ടൊന്നും ബസ് സ്റ്റാൻഡിലെ ഇരുട്ട് പൂർണമായി മായ്ക്കാനാകുന്നില്ല. ബസ്സുകൾ നിർത്തിയിടുന്ന തെക്കുഭാഗത്ത് കട്ടപിടിച്ച ഇരുട്ടുമാത്രം.   
 രാത്രിയിൽ മുഴുവൻസമയ പോലീസ് സാന്നിധ്യവുമില്ല. ഇടയ്ക്ക് വന്നുപോകുന്ന പോലീസ് വാഹനം മാത്രം കാണാം.
 പോലീസ് സാന്നിധ്യമില്ലാത്തതിനാൽ രാത്രി എട്ടര പിന്നിട്ടാൽ കാറുകളും ഇരുചക്രവാഹനങ്ങളും തലങ്ങും വിലങ്ങും പായുന്നു. അനധികൃതമായ ഈ ഓട്ടം ബസ് യാത്രക്കാർക്ക് അപകടഭീഷണിയാണ്. 
 രാത്രി ഒമ്പത് കഴിഞ്ഞാൽ സ്റ്റാൻഡിലെത്തുന്ന ബസ്സുകൾ നിർത്തുന്നതിന് ക്രമീകരണമില്ല. ബസ് വരുമ്പോൾ യാത്രക്കാർ നെട്ടോട്ടമാണ്.
 മദ്യപരുടെ ശല്യമാണ് രാത്രിയാത്രക്കാരെ അലട്ടുന്ന പ്രശ്നങ്ങളിലൊന്ന്.
 യാത്രക്കാർ ബസ് കാത്തിരിക്കുന്ന ബസ് ടെർമിനൽ കെട്ടിടത്തിൽ വിളക്കുകളില്ല. സമീപത്തെ കടകളിൽനിന്ന് അരിച്ചെത്തുന്ന മങ്ങിയ വെളിച്ചം മാത്രം. 
 ബസ് ടെർമിനൽ തെരുവിൽ അന്തിയുറങ്ങുന്നവർ കൈയടക്കുന്നത് 
സ്ഥിരം കാഴ്ച. അതിനാൽ രാത്രിയിൽ സ്ത്രീയാത്രക്കാർ അങ്ങോട്ട് കയറാറില്ല. 
 യാത്രക്കാരുടെ ഇരിപ്പിടങ്ങളിൽ പലതും കാണാനില്ല. 
രാത്രിയുടെ മറവിൽ ചിലർ കവർന്നെടുക്കുന്നതാണെന്നാണ് പരാതി. ഇളകിയ ഇരിപ്പിടങ്ങൾ അഴിച്ചെടുത്ത് സൂക്ഷിച്ചതാണെന്ന് നഗരസഭ.