നാലാംക്ലാസിൽ സ്കൂൾപഠനം നിർത്തിയ ശ്രീധരന്റെ ചതുർഭാഷാ നിഘണ്ടു പുറത്തിറങ്ങുന്നു. ബീഡിത്തൊഴിലാളിയായിരുന്ന ശ്രീധരന്റെ ഏറെക്കാലത്തെ ആഗ്രഹം. ബീഡിത്തൊഴിലാളിയായിരിക്കെ സ്വയം പഠിച്ച് ഇ.എസ്.എൽ.സി. നേടിയ ശ്രീധരന്റെ ഔപചാരിക വിദ്യാഭ്യാസം അതോടെ അവസാനിച്ചു. ശ്രീധരന്റെ പിന്നീടുള്ള പഠനം ജീവിതമായിരുന്നു. 
നിതാന്തപരിശ്രമത്തിലൂടെ മലയാളം-തമിഴ് നിഘണ്ടു പ്രസിദ്ധികരിച്ചു. സീനിയർ സിറ്റിസൺസ് ഫോറം തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയാണ് മലയാളം, കന്നട, തമിഴ്, തെലുങ്ക് ചതുർഭാഷാ നിഘണ്ടു പ്രസിദ്ധീകരണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. 80 കഴിഞ്ഞ ശ്രീധരൻ സംഘടനയുടെ വയലളം യൂണിറ്റ് പ്രസിഡന്റ് കൂടിയാണ്. 
ഒരുലക്ഷത്തിൽപ്പരം വാക്കുകളുള്ള നിഘണ്ടുവിന് 900 പേജാണ് ലക്ഷ്യമിടുന്നത്. നിഘണ്ടു തയ്യാറാക്കാൻ ഞാറ്റ്യേല ശ്രീധരൻ നടത്തിയ പരിശ്രമവും അദ്ദേഹത്തിന്റെ ജീവിതവും കോർത്തിണക്കി ഡോക്യുമെന്ററി തയ്യാറായി. നന്ദൻ നിർമിച്ച 'വാക്കുകളെ സ്വപ്നം കാണുമ്പോൾ' ആദ്യ പ്രദർശനം ഞായറാഴ്ച തലശ്ശേരിയിൽ നടക്കും. പഴയ ബസ് സ്റ്റാൻഡ്‌ ജൂബിലി ഷോപ്പിങ് കോംപ്ലക്സിലാണ് 
പ്രദർശനം.
ജീവിതം
ചെറുപ്രായത്തിൽത്തന്നെ ശ്രീധരൻ ബീഡിത്തൊഴിലാളിയായി. അതോടെ വായനയുടെ വിശാലമായ ലോകത്തേക്ക് കടന്നു. ബീഡിത്തൊഴിലാളിയായി പാലക്കാട് കൽപ്പാത്തിയിൽ താമസിക്കുമ്പോൾ തമിഴ് പഠിക്കാൻ അവസരം ലഭിച്ചു. ബീഡിക്കമ്പനിയിൽ ലഭിച്ച തമിഴ് പത്രത്തിലൂടെ തമിഴ് ഭാഷ സ്വായത്തമാക്കി. 1970-ൽ ജലസേചനവകുപ്പിൽ നിയമനം ലഭിച്ചതോടെ ഭാഷാപഠനം മെച്ചപ്പെടുത്താൻ അവസരം ലഭിച്ചു. ഡോ. ടി.പി.സുകുമാരന്റെ നിർദേശ​െത്തത്തുടർന്ന് മലയാളത്തിലെ പ്രാദേശികഭാഷാ പ്രയോഗങ്ങളെപ്പറ്റി നിഘണ്ടു നിർമിക്കാൻ ശ്രമം 
തുടങ്ങി. 
മലയാളവും തമിഴും വഴങ്ങുന്ന സ്ഥിതിക്ക് മറ്റു രണ്ടു ദ്രാവിഡഭാഷകൾകൂടി പഠിച്ച് ചതുർഭാഷാ നിഘണ്ടു നിർമിക്കാനുള്ള ശ്രമം അന്ന്‌ തുടങ്ങിയതാണ്. ജലസേചനവകുപ്പിൽ ഒന്നിച്ച് ജോലിചെയ്ത കന്നട സംസാരിക്കുന്ന ഗോവിന്ദനായ്ക്ക്, എഴുത്തുകാരൻ സി.രാഘവൻ എന്നിവരുടെ സഹായത്തോടെ കന്നട പഠിച്ചു. കർണാടകയിൽ താമസിച്ചും കന്നടഭാഷയിലുള്ള അറിവ് ദൃഢമാക്കി. കരിമ്പം കൃഷിഫാമിലെ ആന്ധ്രക്കാരൻ ഈശ്വരപ്രസാദിന്റെ സഹായത്തോടെ തെലുങ്കു പഠനം തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ സീതമ്മയും 
സഹായിച്ചു. 
ആന്ധ്രയിലെ നെല്ലൂരിൽ പോയി താമസിച്ച് തെലുങ്കിൽ കൂടുതൽ പ്രാവീണ്യം നേടി. 1994-ൽ സർവീസിൽനിന്ന് വിരമിച്ചതോടെ മുഴുവൻ സമയം നിഘണ്ടു നിർമാണത്തിലേക്ക് തിരിഞ്ഞു. രാവിലെ ആറു മുതൽ രാത്രി 10 വരെയും ചില ദിവസങ്ങളിൽ രാത്രിയും പഠനം തുടർന്നു.
പല ഭാഷകളിലായി 28-ൽപ്പരം ശബ്ദകോശങ്ങളും റഫറൻസ് പുസ്തകങ്ങളും കൂട്ടിനുണ്ടായിരുന്നു. വലിയ രജിസ്റ്ററിൽ നാലു ഭാഷകൾക്കായി നാലു കോളങ്ങൾ വരഞ്ഞാണ് എഴുതിയത്. മലയാളത്തിലെ ഓരോ വാക്കിനും നാനാർഥങ്ങൾക്ക് സമാനമായ കന്നട, തമിഴ്, തെലുങ്ക് വാക്കുകൾ. മലയാളലിപിയിലാണ് നാലുഭാഷയിലെ വാക്കുകളും.മറ്റു ഭാഷയിലെ സമാനപദങ്ങൾ എളുപ്പത്തിൽ കണ്ടെത്താം. നിഘണ്ടുവിന് പ്രസാധകരെ കണ്ടെത്തൽ പ്രയാസമായി. നാലു ഭാഷകളിലും പ്രാവീണ്യമുള്ള ഒരാൾക്കുമാത്ര​േമ പ്രൂഫ് വായിച്ചു കണ്ടെ
ത്താനാവു.  
ഏപ്രിലിൽ പ്രകാശനം
ചതുർഭാഷാനിഘണ്ടു എപ്രിൽ അവസാനം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഫെബ്രുവരി രണ്ടിന് തലശ്ശേരിയിൽ യോഗം ചേരുമെന്ന് ടി.പി.ശ്രീധരൻ, വി.പി.ബാലൻ, അഡ്വ. കെ.കെ.രമേഷ്, കെ.ടി.ബാബുരാജ്‌ എന്നിവർ പറഞ്ഞു. യോഗത്തിൽ വാക്കുകളെ സ്വപ്നം കാണുമ്പോൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. നിഘണ്ടു നിർമാണത്തിനായി ശ്രീധരൻ നടത്തിയ തിരു​െനൽവേലി, കാസർകോട് യാത്രകൾ ഡോക്യുമെന്റിയിൽ ഉൾപ്പെടുത്തിയതായി നിർമാണവും സംവിധാനവും നിർവഹിച്ച നന്ദൻ പറഞ്ഞു. നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്റെ മകനാണ് നന്ദൻ. പ്രമുഖരുടെ അഭിപ്രായവും ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി ഒരുക്കിയത്.