അബിയു പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. രൂപത്തിൽ സപ്പോട്ടയോടും നിറത്തിൽ പേരക്കയോടും സാമ്യമുള്ള, തെക്കെ അമേരിക്കൻ സ്വദേശി. പനനൊങ്കിന് മധുരം ഏറിയാൽ എങ്ങനെയിരിക്കും, അതാണ് സ്വാദ്. 600 ഗ്രാം വരെ തൂക്കം വെക്കുന്ന അബിയു പഴം ജ്യൂസുണ്ടാക്കാനും പച്ചയ്ക്ക് കഴിക്കാനും 
ഉഗ്രൻ. 
  കേരളത്തിൽ അപൂർവമായ ഇൗ വിദേശിയെ കാണാൻ കണ്ണൂർ പോലീസ് മൈതാനത്ത് നടന്നുവരുന്ന കണ്ണൂർ പുഷ്പോത്സവനഗരിയിലെത്തിയാൽ മതി.
അബിയു പഴത്തിനുപുറമെ ബ്ലൂ ​െബറി, അവക്കാഡോ, ഒലിവ്, ദുരിയാൻ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, പാഷൻ ഫ്രൂട്ട്, ആയൂർ ചക്ക തുടങ്ങി നിരവധി വിദേശികളും സ്വദേശികളുമായ പഴങ്ങൾ കായ്ച്ചുനിൽക്കുന്നതും കാണാം, ചെടികൾ സ്വന്തമാക്കുകയുമാവാം. കുരുവില്ലാത്ത ചെറുനാരങ്ങയാണ് ശ്രദ്ധയാകർഷിക്കുന്ന 
മറ്റൊരിനം. 
പുഞ്ചിരിക്കും പൂക്കൾ
മഞ്ഞപ്പട്ട് മുറിച്ചടുക്കിയതുപോലുള്ള മാരിഗോൾഡ്, ദീർഘായുസ്സുള്ള ജർബറ, ബോൺസായിയിലെ വർണവസന്തമായ അഡീനിയം, വർണയുടുപ്പിട്ട് തുള്ളിച്ചാടുന്ന ഡാൻസിങ്‌ ബ്യൂട്ടി, അതിരാണിയെ ഓർമിപ്പിക്കുന്ന മെലസ്ട്രോഫ.. നിറക്കാഴ്ചയാണ് പൂക്കളുടെ ലോകത്ത്. 
കൂട്ടത്തിൽ നമ്മുടെ സ്വന്തം കനകാംബരവും പൂച്ചവാലും നന്ത്യാർവട്ടവുമുണ്ട്. റോസാപ്പൂക്കളുടെയും ചെമ്പരത്തിയുടെയും വൈവിധ്യങ്ങൾ പുഷ്പസ്നേഹികളെ അമ്പരപ്പിക്കാൻ പോന്നവ. വർണങ്ങൾ വാരിയൊഴിച്ച ഇലച്ചെടികളും അകത്തളങ്ങളിൽ ഓമനിച്ചുവളർത്താവുന്ന ഇൻഡോർ ഇനങ്ങളും ചെറുമരങ്ങളായി വളരുന്ന അലങ്കാരസസ്യങ്ങളും യഥേഷ്ടം. ലക്കി ബാംബുവിന്റെയും കള്ളിമുൾ ഇനങ്ങളുടെയും വൻശേഖരമാണ് മറ്റൊരു പ്രത്യേകത.
  ജില്ലാ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റിയാണ് പുഷ്പോത്സവത്തിന്റെ സംഘാടകർ. സർക്കാർ-അർധസർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ പവലിയനുകൾ, പൂമ്പാറ്റകളുടെ മാത്രം ചിത്രങ്ങളുള്ള ഫോട്ടോ പ്രദർശനം, ഉദ്യാനപരിപാലനത്തിനുള്ള സാമഗ്രികളുടെയും ചുമർചിത്രങ്ങളുടെയും സ്റ്റാൾ, കൊതിയേറ്റുന്ന ഭക്ഷ്യഇനങ്ങളുള്ള ഫുഡ് കോർട്ടുകൾ എന്നിവയുമുണ്ട്. രാവിലെ മുതൽ വിവിധ മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകീട്ടാണ് കലാപരിപാടികൾ. ഫെബ്രുവരി മൂന്നിന് സമാപിക്കും.
വരുംദിവസങ്ങളിലെ പരിപാടികൾ
31-ന്:  ‘കേരളത്തിലെ നാളികേരകൃഷി: പ്രശ്നങ്ങളും പ്രതിവിധികളും’ എന്ന വിഷയത്തിൽ സെമിനാർ 10.30, കാർഷിക ക്വിസ് 12.00, പാചകമത്സരം 2.30, നൃത്തനൃത്യങ്ങൾ 6.30
ഫെബ്രുവരി ഒന്നിന് :  ‘ഔഷധസസ്യങ്ങളും നാട്ടറിവുകളും’ എന്ന വിഷയത്തിൽ സെമിനാർ 10.30, പുഷ്പറാണി-പുഷ്പരാജ മത്സരം 4.00, പുഞ്ചിരി മത്സരം 5.30, മാതൃഭൂമി-കൃഷ്ണ ബ്ലൂംസ് ഭരതം ഗാനോത്സവം 6.30
രണ്ടിന് : മൈലാഞ്ചിയിടൽ മത്സരം 11.00, കൊട്ടമെടയൽ-ഓലമെടയൽ മത്സരം(സ്ത്രീകൾക്ക്) 3.00, സംസ്ഥാന സ്കൂൾ കലോത്സവ വിജയികളുടെ കലാപരിപാടികൾ ‘സർഗോദയം’ 6.30
മൂന്നിന് : സമാപനസമ്മേളനം ഉദ്ഘാടനം ഉത്തരമേഖലാ ഡി.െഎ.ജി. കെ.സേതുരാമൻ 6.00