ഓം ഹ്രീം ഹോക്കസ് ഫോക്കസ് ഹോക്കസ് ഫോക്കസ് ഹോക്കസ് ഫോക്കസ് ...ഭും... അത്ഭുതം ... കത്തിച്ചുവെച്ച മെഴുകുതിരി അതാ ഒരുകൂട്ടം പൂക്കളായി മാറിയിരിക്കുന്നു.  കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ അധ്യാപകനാണ് ഇ.പി.ഷാജിത്ത് കുമാർ. ബോധവത്‌കരണസന്ദേശം മറ്റൊരാളിലേക്ക് പകരാൻ മാജിക്കിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്ന ഷാജിത്തിന് തിരക്കൊഴിഞ്ഞ നേരമില്ല. 
  ക്രിസ്മസ് അവധിദിവസങ്ങൾ പൂർണ്ണമായും എൻ.എസ്.എസ്.ക്യാമ്പുകളിലാണ്. പുകവലിക്കെതിരെ സിഗററ്റ് മാജിക്, പ്ലാസ്റ്റിക്കിനെതിരെ ഫ്ളവർ മാജിക്‌, ബ്ലാക്ക് മണിക്കെതിരെ കറൻസി മാജിക്‌, ആത്മഹത്യക്കെതിരെ കയർ മാജിക്‌ തുടങ്ങിയവയാണ് ഷാജിത്ത് കുമാറിന്റെ 
നമ്പറുകൾ. 
20 വർഷത്തോളമായി വിവിധ വിദ്യാലയങ്ങളിൽ സൗജന്യമായി ഷാജിത്ത് മാജിക് അവതരിപ്പിച്ചുവരുന്നു. വർഷങ്ങൾക്കുമുൻപ് മജിഷ്യൻമാരായ സനൽ കണ്ണൂർ, കൃഷ്ണൻ റെയിൽവേ കണ്ണൂർ, സുധീർ മാടക്കത്ത് നീലേശ്വരം, പദ്മനാഭൻ അന്നൂർ എന്നിവരെ പരിചയപ്പെട്ടതുമുതലാണ് മാജിക്കിനോട് കമ്പം കയറിയത്. പിന്നീട് മാജിക് പുസ്തകങ്ങൾ വായിച്ച് സ്വയം 
പരിശീലിച്ചു. 
മാന്ത്രികവും കൃഷിയും
  ഇപ്പോൾ മാജിക്കിലൂടെ അധ്യാപനവും മധുരതരമാക്കുകയാണ് ഈ അധ്യാപകൻ മാതൃഭൂമി സീഡ് ക്ലബ് കോ ഓർഡിനേറ്റർ കൂടിയായ ഷാജിത്ത് കുമാർ കുട്ടികൾക്കൊപ്പം ചേർന്ന് വിദ്യലയത്തിൽ നല്ലൊരു പച്ചക്കറിത്തോട്ടവുമൊരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പാഠഭാഗങ്ങൾക്കൊപ്പം കൃഷിപാഠവും അഭ്യസിപ്പിക്കുകയാണ് ഈ 
അധ്യാപകൻ. വിദ്യാർഥികൾക്ക് അക്കൗണ്ടിങ്ങിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കാൻ 12 വർഷം മുൻപ് കൊടക്കാട് ബാങ്കുമായി സഹകരിച്ച് തുടങ്ങിയ 'ക്ലാസ് മുറിയിലൊരു ബാങ്ക്' പദ്ധതി സംസ്ഥാനതലത്തിൽ ശ്രദ്ധനേടുകയുണ്ടായി. അതിപ്പോഴും തുടരുന്നു. 
2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയാണ് ഷാജിത്ത്. കരിവെള്ളൂർ വൈദ്യുതി സെക്ഷൻ ഓഫീസിലെ സീനിയർ അസിസ്റ്റന്റ് പ്രീതിയാണ് ഭാര്യ. മക്കൾ: അഭിനന്ദ, 
അഭിവേദ്.