പ്ലാസ്റ്റിക്‌ നിരോധിച്ചതുമൂലം ഉത്‌പാദനം നിലച്ചുപോയ വസ്തുവാണ് സ്‌ട്രോ. വിലകൂടിയ വിദേശപാനീയങ്ങൾ മുതൽ നാരങ്ങാവെള്ളം കിട്ടിയാൽപോലും സ്‌ട്രോ ഉപയോഗിച്ച് കുടിക്കുന്നവരുണ്ട്‌ നമുക്കിടയിൽ. പ്ലാസ്റ്റിക് നിരോധിച്ചതോടെ സ്‌ട്രോയുടെ കാര്യത്തിൽ ഒരു തീരുമാനമായെങ്കിലും പകരം വെക്കാൻ ഒന്നുമെത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ വിദേശ മാർക്കറ്റുകളിൽവരെ വൻ ഡിമാൻഡുള്ള പ്രകൃതിദത്ത സ്‌ട്രോയുടെ നിർമാണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാസർകോട് പെരുമ്പള സ്വദേശി രാജ് കുമാർ. തൊടിയിലും പറമ്പിലും നാം വെറുതെ ഉപേക്ഷിച്ചുകളയുന്ന തെങ്ങോലയാണ് പ്രകൃതിദത്ത സ്‌ട്രോയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. 
  െബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ഡോ. സജി വർഗീസിന്റെ ആശയമാണ് ഓല സ്‌ട്രോ കണ്ടുപിടിത്തത്തിനുപിന്നിൽ. 
ഒരിക്കൽ കോളേജ് കാമ്പസിനുള്ളിൽ വീണ ഓലയുടെ ഒരുഭാഗം ചുരുണ്ടുകിടക്കുന്നത് കണ്ടു. ഇതിൽനിന്നാണ് തെങ്ങോലയിൽനിന്ന്‌ സ്‌ട്രോ കണ്ടുപിടിക്കാനുള്ള ആശയം രൂപപ്പെട്ടത്. 
 പിന്നീട് അതിനെപ്പറ്റി നിരവധി പഠനങ്ങൾ നടത്തിയപ്പോഴാണ് വ്യാവസായികമായി ഉത്‌പാദിപ്പിക്കാമെന്ന ചിന്ത കടന്നുവന്നത്. സുഹൃത്ത് വഴിയാണ് രാജ്‌കുമാർ സജി വർഗീസുമായി അടുത്തത്. പിന്നീട് രാജ്‌കുമാറിന്റെ ഗുരുവായി സജി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാർട്ടപ്പ് കമ്പനിയായ ബ്ലസിങ് പാംസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇപ്പോൾ ഇത് നിർമിക്കുന്നത്. ഈ കമ്പനിയുടെ ചെറിയ ഒരു യൂണിറ്റാണ് രാജ്‌കുമാറിന്റെ വീട്ടിൽ പ്രവർത്തിക്കുന്നത്. 
സ്‌ട്രോയുമായി ബന്ധപ്പെട്ട് ഒമ്പത് പേറ്റന്റുകൾ ഇപ്പോൾ സജി വർഗീസ്‌ സ്വന്തമാക്കിയിട്ടുണ്ട്. 
ഓലയിൽനിന്ന്‌ സ്‌ട്രോയിലേക്ക് 
മൂന്നുകഷ്ണം ഓലയുപയോഗിച്ചാണ് സ്‌ട്രോയുടെ നിർമാണം. ആദ്യപടിയായി ഓലകൾ ശേഖരിച്ച് ഈർക്കിൽ വേർപെടുത്തി വൃത്തിയാക്കിവെയ്ക്കും. പിന്നീട് ആവശ്യാനുസരണം മുറിച്ചെടുക്കും. 40 സെന്റിമീറ്ററുള്ള വലിയ ഓലയും 25 സെന്റിമീറ്ററുള്ള ചെറിയ രണ്ട് ഓലകളുമാണ് ഒരു സ്‌ട്രോയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. 
പിന്നീട് ഓല മൂന്നുതവണ വൃത്തിയുള്ള വെള്ളത്തിൽ കഴുകിയെടുക്കും. തുടർന്ന് അവയെ ബലപ്പെടുത്തുന്നതിനായി ആവിയിൽ പുഴുങ്ങും. അതോടെ ഓലയിൽ പൂപ്പൽ ബാധിക്കില്ലെന്നും  മടക്കിയാൽ ഒടിയില്ലെന്നും രാജ് കുമാർ പറയുന്നു. 
തുടർന്ന് നീളമുള്ള ഓലയുടെ ഒരുവശം യന്ത്രമുപയോഗിച്ച് രാകിമിനുക്കും. പിന്നീട്  നീളമുള്ള ഒരു സ്റ്റീൽകമ്പിയിൽ ചുറ്റിയെടുക്കും. മിനുസപ്പെടുത്തിയ ഭാഗം പുറത്തുവരത്തക്കവണ്ണമാണ് ചുറ്റിയെടുക്കുക. 
മുകളിൽ പശതേച്ചശേഷം ചെറിയ ഓലകൾ ഇരുവശത്തുമായി ഒട്ടിച്ചുവെക്കും. ആരോഗ്യത്തിന് ഹാനികരമല്ലാത്ത അമേരിക്കൻ നിർമിത പശയാണ് അതിനായി ഉപയോഗിക്കുന്നത്. ഏതാനും മിനിറ്റുകൾക്കകം ഓല ഉണങ്ങും. പിന്നീട് സ്റ്റീൽ കമ്പിയിൽനിന്ന്‌ ഇളക്കിയെടുത്ത് ഇരുവശവും വൃത്തിയായി മുറിച്ചെടുക്കും.
കേരളത്തിലെ ആദ്യ യൂണിറ്റ്‌
കേരളത്തിൽ തെങ്ങോലയിൽനിന്ന്‌ സ്‌ട്രോയുണ്ടാക്കുന്ന ആദ്യ യൂണിറ്റാണ് രാജ്‌കുമാറിന്റെ വീട്ടിൽ പ്രവർത്തിക്കുന്നത്. നിർമാണം പൂർണമായും കൈകൊണ്ടാണ്. ഒരുദിവസം ഏകദേശം 300 
സ്‌ട്രോകൾ മാത്രമേ നിർമിച്ചെടുക്കാനാവൂ. ഒരു സ്‌ട്രോയ്ക്ക് ഏകദേശം അഞ്ചുരൂപ മുതൽമുടക്ക് വരുന്നുണ്ട്. നിലവിൽ ഇവിടെ ഉത്‌പാദിപ്പിക്കുന്ന സ്‌ട്രോകൾ െബംഗളൂരുവിലേക്കാണ് കൊണ്ടുപോകുന്നത്. വിദേശ കമ്പനികൾക്ക് സാമ്പിളുകൾ നല്കാനായാണ് ഇവയുപയോഗിക്കുന്നത്. 
രണ്ടുവർഷമാണ് സ്ട്രോയുടെ കാലാവധി. യു.എസ്, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ വൻ ആവശ്യക്കാരാണ് ഓല സ്ട്രോ തേടിയെത്തുന്നത്. ഓലനിർമാണത്തിന് സഹായവുമായി ഭാര്യ ബീന രാജും മകൻ ജുവൽ രാജും രാജ്കുമാറിനൊപ്പമുണ്ട്.  
ധനമന്ത്രിയുടെ സന്ദർശനം
അപ്രതീക്ഷിതമായാണ് ധനമന്ത്രി തോമസ് ഐസക് രാജ്‌കുമാറിന്റെ പ്രകൃതിദത്ത സ്‌ട്രോകളെപ്പറ്റി കേട്ടറിഞ്ഞതും അവ നേരിട്ട് പഠിക്കുന്നതിനായി രാജ്‌കുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തിയതും. 
വ്യാഴാഴ്ച രാവിലെയാണ് ധനമന്ത്രി രാജ് കുമാറിന്റെ വീട്ടിലെത്തിയത്. വീടിനോട് ചേർന്ന് പിൻഭാഗത്താണ് ഓലസ്‌ട്രോ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. സ്‌ട്രോനിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ മന്ത്രി നേരിട്ട് മനസ്സി
ലാക്കി.
ആറുപേരാണ് ഇപ്പോൾ ജോലിയിലേർപ്പെട്ടിരിക്കുന്നത്. കൈകൊണ്ട് നിർമിക്കുന്നതായതിനാൽ വിദേശകമ്പനികളുടെ വലിയ ഓർഡറുകൾ സ്വീകരിക്കാനാവുന്നില്ലെന്നും 
ഓലകീറാനും കഴുകാനുമൊക്കെയായി യന്ത്രം വികസിപ്പിച്ചിട്ടുണ്ടെന്നും അവ സ്ഥാപിച്ചാൽ ദിവസം 8000 സ്‌ട്രോകൾ വരെ ഉത്‌പാദിപ്പിക്കാനാവുമെന്നും രാജ്കുമാർ മന്ത്രിയെ അറിയിച്ചു. 
പ്രകൃതിദത്തമായ ഓലസ്‌ട്രോയുടെ നിർമാണം പഠിച്ച ധനമന്ത്രി ഇവിടത്തെ സാങ്കേതികവിദ്യ നവീകരിക്കാനും യന്ത്രോപകരണങ്ങൾ സ്ഥാപിക്കാനുള്ള 
സഹായം അനുവദിക്കുമെന്നും രാജ്കുമാറിന് ഉറപ്പുനല്കി. കൂടാതെ ഉത്‌പാദനം വിപുലമാക്കാൻ 
ആവശ്യമായ വായ്പാസൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 
മന്ത്രിയോടൊപ്പം സി.പി.സി.ആർ.ഐ. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.തമ്പാൻ, 
സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.