വ്യത്യസ്തങ്ങളായ അറുനൂറിലധികം  സസ്യങ്ങൾ... 91 തരം ചിത്രശലഭങ്ങൾ... 54 പക്ഷിവർഗങ്ങൾ... ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനത്തിലെ വൈവിധ്യങ്ങളുടെ പട്ടിക ഇങ്ങനെ  നീളുന്നു. ശ്രീകണ്ഠപുരം ബസ്‌സ്റ്റാൻഡിൽനിന്ന് മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടൂർ പന്നിയോട്ടുമൂലയിലുള്ള ഈ ജൈവവൈവിധ്യ പാർക്കിലെത്താം. 
ശ്രീകണ്ഠപുരം പഞ്ചായത്തിന്റെ 2007-08 വർഷത്തെ പദ്ധതിയിൽ  ജൈവവൈവിധ്യ പാർക്ക് ഉൾപ്പെടുത്തിയതു മുതൽ ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുന്നത് സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റാണ്. 
നാല് ഏക്കർ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ അധ്യാപകരും വിദ്യാർഥികളുമെത്താത്ത ഇടങ്ങളോ ഇവരുടെ സ്പർശമേൽക്കാത്ത ജൈവ സമ്പത്തോ ഇന്നില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ നുകരാൻ പുസ്തകങ്ങൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിയ ഈ വിദ്യാർഥികൾ പഠനത്തിന്റെ പുതിയ മാതൃകയാണ് സൃഷ്ടിച്ചത്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് നാട്ടുകാരെയും വിദ്യാർഥികളെയും ബോധവത്കരിക്കുന്നതിലും മുൻപന്തിയിലാണ് ഇവർ. 
ആശയം, തുടക്കം
ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനായിരുന്ന എൻ.എസ്.എസ്‌. യൂണിറ്റ് സ്‌പെഷ്യൽ ഓഫീസർ ടി.എം. രാജേന്ദ്രനാണ് 12 വർഷം മുൻപ് ജൈവവൈവിധ്യ ഉദ്യാനം എന്ന ഒരാശയത്തിന്‌ വിത്തിട്ടത്‌. ഓരോ ഗ്രാമത്തിന്റെ ഐശ്വര്യവും സമൃദ്ധിയും പ്രകൃതിയുമായുള്ള സഹവാസത്തിൽ അധിഷ്ഠിതമാണെന്നും ഇതിനായി സ്കൂൾപരിസരത്ത് ജൈവവൈവിധ്യകേന്ദ്രം വേണമെന്നും ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിനോട് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് അന്ന് പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന നാലേക്കർ  വൈവിധ്യങ്ങളുടെ ലോകത്തിനായി തുറന്ന് കൊടുക്കുകയായിരുന്നു. 
2007-08 വർഷത്തെ രണ്ടാം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഈ പദ്ധതിക്ക് കരുത്തേകിയപ്പോൾ തരിശായിക്കിടന്ന കുന്നിൻ പ്രദേശത്തെ പച്ചപ്പണിയിക്കാൻ ശ്രീകണ്ഠപുരം സ്‌കൂളിലെ കുട്ടികൾ  കഠിനാധ്വാനം ചെയ്തു. മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ ആദ്യവർഷം ആരംഭിച്ചു. പരമ്പരാഗതരീതിയിലുള്ള ട്രഞ്ചിങ് സംവിധാനം ഒരുക്കി. പാലക്കാടൻ ആദിവാസികളുടെ ശാസ്ത്രീയ ജലസംഭരണ രീതിയും ആരംഭിച്ചു. 
കുന്നിൻചെരിവ് തട്ടുകളായി തിരിച്ചാണ് ചെടികൾ നട്ടത്. അപൂർവവും അന്യംനിന്നുപോയതുമായ ചെടികൾക്കാണ് പാർക്കിൽ പ്രാമുഖ്യം നൽകിയത്. ഒരേ തരത്തിലുള്ള രണ്ട് ചെടികൾ വീതമാണ് പാർക്കിലുള്ളത്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന സസ്യജൈവ വൈവിധ്യം സംരക്ഷിച്ചായിരുന്നു നിർമാണം. പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോ​േളജ്, കൽപ്പറ്റയിലെ ഡോ. എം.എസ്. സ്വാമിനാഥൻ കാർഷിക ജൈവവൈവിധ്യ പഠന കേന്ദ്രം, വയനാട്ടിലെ േപര്യ എന്നിവിടങ്ങളിൽനിന്നാണ് ചെടികൾ കൊണ്ടുവന്നത്. 
വൈവിധ്യങ്ങളുടെ 
കലവറ
പഴച്ചെടികൾ, വള്ളിച്ചെടികൾ, മുളകൾ, പൂച്ചെടികൾ, വന്മരങ്ങൾ തുടങ്ങി കറുകപ്പുല്ലിനു വരെ ഈ പാർക്കിൽ സ്ഥാനമുണ്ട്. സസ്യങ്ങളിലെ വൈവിധ്യം പലതരം ചിത്രശലഭങ്ങളേയും പക്ഷികളേയും പാർക്കിലേക്ക് ആകർഷിച്ചു. ചെറുപ്രാണികൾ, നിശാശലഭങ്ങൾ, തുമ്പികൾ തുടങ്ങിയവയെല്ലാം ഇവിടെ ധാരാളമായുണ്ട്.
നാല്പാമരം, ദശമൂലം, ദശപുഷ്പം എന്നീ വിഭാഗത്തിൽപ്പെട്ട ഒട്ടുമിക്ക ചെടികളും പാർക്കിൽ ഉണ്ട്. ചെടികളെ തിരിച്ചറിയുന്നതിനായി ഓരോ ചെടിയുടെ മുന്നിലും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പേര്, ശാസ്ത്രീയനാമം, കുടുംബം എന്നിവ പ്രദർശിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. 
പണ്ടുകാലത്ത് ഒാരോ നക്ഷത്രത്തിലും ജനിക്കുന്നയാൾ ഒരു നിശ്ചിതമരം വെച്ചുപിടിപ്പിക്കണമെന്നുണ്ടായിരുന്നു. 27 ജന്മനക്ഷത്രങ്ങൾക്ക് അനുയോജ്യമായ മരങ്ങൾ വെച്ചുപിടിപ്പിച്ച് ഒരു നക്ഷത്രവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്കായി കല്ലുകൾ പാകിയ നടപ്പാതയുമുണ്ട്. എല്ലാ വർഷവും ഇവിടെ ജൈവവൈവിധ്യ പഠന സർവേകൾ നടത്തി ഇതിന്റെ അടിസ്ഥാനത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ വിപുലീകരിക്കാറുണ്ട്.  കുട്ടികൾക്കായി പ്രകൃതിപഠന ക്യാമ്പുകൾ, വനയാത്ര തുടങ്ങിയവ ഇവിടെ നടത്താറുണ്ട്. ജൈവവൈവിധ്യ പഠനത്തിനായി ചെടികളുടെ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തിയ ഫീൽഡ് ഗൈഡുകൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഓരില എന്ന പേരിൽ മൂന്നു വാള്യങ്ങളിലായാണ് ഫീൽഡ് ഗൈഡ് തയ്യാറാക്കിയത്. ജൈവവൈവിധ്യ പാർക്കിനെക്കുറിച്ചുള്ള 'പൂവാംകുരുന്നില' എന്ന ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്.
ശലഭങ്ങൾക്കായി 
കൈപ്പുസ്തകം
വിവിധയിനം ചിത്രശലഭങ്ങളാണ് ജൈവവൈവിധ്യ ഉദ്യാനത്തിലെ പ്രധാന ആകർഷണം. ഇവിടത്തെ ശലഭങ്ങളെ നിരീക്ഷിച്ച് സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്  കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പാർക്കിൽനിന്ന് നിരീക്ഷിച്ചു രേഖപ്പെടുത്തിയ 89 ചിത്രശലഭങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് പുസ്തകത്തിലുള്ളത്. 
ഓരോ ശലഭത്തിന്റെയും വർണചിത്രം, മലയാളം-ഇംഗ്ലീഷ് പേര്, ശാസ്ത്രീയനാമം, ആദ്യമായി ശലഭത്തെ വിവരിച്ച ശാസ്ത്രജ്ഞൻ, വർഷം, ശലഭത്തിന്റെ ലാർവ ഭക്ഷണമാക്കുന്ന സസ്യങ്ങൾ, അവയുടെ ശാസ്ത്രീയനാമം എന്നീ വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്.
ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി.സി.ബാലകൃഷ്ണൻ എഴുതിയ 'ശലഭോദ്യാനങ്ങൾ എങ്ങനെ വളർത്തിയെടുക്കാം' എന്ന ലേഖനവും ചിത്രശലഭങ്ങളുടെ ജീവിതചക്രം, ജീവിതരീതി എന്നിവയെ സംബന്ധിച്ച് ശലഭനിരീക്ഷകനായ ഗിരീഷ് മോഹൻ എഴുതിയ ലേഖനവും പുസ്തകത്തിലുണ്ട്. കഴിഞ്ഞ വർഷം വനം മന്ത്രി കെ.രാജുവാണ് കൈപ്പുസ്തകം  പ്രകാശനം ചെയ്തത്.
പുരസ്‌കാരങ്ങളേറെ
അധ്യാപകരുടെ പിന്തുണയോടെ കുട്ടികൾ നടത്തുന്ന ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. 10 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ ഉദ്യാനമായി ഇതിനെ മാറ്റാൻ കഴിഞ്ഞു. 
2009-ൽ ജൈവവൈവിധ്യ ബോർഡിന്റെ ഹരിത വിദ്യാലയം പുരസ്‌കാരം, 2010-11 വർഷത്തെ വനം-വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്‌കാരം, 2015-ൽ ജൈവവൈവിധ്യ ബോർഡിന്റെ മികച്ച ജൈവവൈവിധ്യ ക്ലബ്ബിനുള്ള പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. 2018-ലെ വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് സ്‌കൂളിലെ അധ്യാപകനും എൻ.എസ്.എസ്. യൂണിറ്റ് സ്‌പെഷ്യൽ ഓഫീസറുമായ ടി.എം. രാജേന്ദ്രൻ അർഹനായിരുന്നു.
വിപുലപ്പെടുത്തണം 
ഈ മാതൃക
ജൈവമേഖലകൾ കടുത്ത വെല്ലുവിളികൾ നേരിടുന്ന സമയത്താണ് വ്യത്യസ്തമായ ആശയവുമായി സ്‌കൂൾ മുന്നോട്ട് വന്നത്.  സമൃദ്ധമായ ഈ ജൈവവൈവിധ്യം അന്യംനിന്നുപോകാതിരിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്നാണ് ജൈവ കലവറ ഒരുക്കിയ ഒരു കൂട്ടം വിദ്യാർഥികൾ പഠിപ്പിക്കുന്നത്. 
ഈ ആശയം നിലനിർത്തുകയും വിപുലപ്പെടുത്തുകയും വേണമെന്നാണ് കുട്ടികൾ പറയുന്നത്.
  മാതൃകാപരമായ പ്രവർത്തനത്തിലൂടെ ശ്രദ്ധ നേടിയ ഈ പദ്ധതി വിപുലപ്പെടുത്താൻ സാമ്പത്തികമായ സഹായം ഇനിയും ആവശ്യമാണ്. നഗരസഭയുടെയും സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണം ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകൂ. പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച് ഈ ഉദ്യമത്തിന് കൈത്താങ്ങ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കൂളും വിദ്യാർഥികളും.