ചമ്പാട്ടെ പന്ന്യന്നൂർ വില്ലേജ് ഓഫീസിലെത്തുന്നവർ അറിയാത്തൊരു കാര്യമുണ്ട്. തങ്ങൾ കാണാനെത്തിയ വില്ലേജ് ഓഫീസർ ഒരു ദേശീയ ചാമ്പ്യനാണെന്ന കാര്യം. ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഷോട്ട്പുട്ടിൽ ദേശീയ ചാമ്പ്യനാണ് സലീം.
  ജനുവരി 10, 11, 12 തീയതികളിൽ കോഴിക്കോട്ട് നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിലാണ് ഷോട്ട്പുട്ടിൽ കെ.പി.സലിം സ്വർണം നേടിയത്.
28 സംസ്ഥാനങ്ങളിൽനിന്ന്‌ മത്സരാർഥികൾ എത്തിയിരുന്നു. അവരെ പിന്തള്ളിയാണ് മമ്പറം കുയിലിൽ പീടിക സ്വദേശി സലിം കിളച്ചപറമ്പത്ത് സ്വർണം നേടിയത്. 
ഛത്തീസ്ഗഢിൽ നടന്ന അഖിലേന്ത്യാ സിവിൽ സർവീസ് മീറ്റിൽ ഷോട്ട്പുട്ടിൽ വെള്ളിമെഡലും നേടിയിട്ടുണ്ട് സലിം. തുടർച്ചയായി രണ്ടുതവണ വെങ്കലമെഡലും ഷോട്ട്പുട്ടിൽ ലഭിച്ചിരുന്നു. സംസ്ഥാന സിവിൽ സർവീസ് മീറ്റിലും മാസ്റ്റേഴ്സ് മീറ്റിലും വർഷങ്ങളായി ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും ചാമ്പ്യനാണ്.
  ദിവസവും രാവിലെ ആറുമുതൽ ഏഴുവരെ നീളുന്ന പരിശീലനമാണ് ഇതിനായി സലിം നടത്തുന്നത്. നേരത്തേ മട്ടന്നൂർ ലാൻഡ് ആൻഡ് അക്വിസിഷൻ ഓഫീസിൽ ജോലിചെയ്തതിനുശേഷമാണ് വില്ലേജ് ഓഫീസറായി പന്ന്യന്നൂരിൽ എത്തുന്നത്. ഭാര്യ രുക്സാനയും മകൻ സഹലുമടങ്ങുന്നതാണ് സലീമിന്റെ കുടുംബം.