: ചെറുപ്പക്കാർക്കിടയിൽപ്പോലും ഇന്ന് ഹൃദ്രോഗം പിടിമുറുക്കുകയാണ്. തെറ്റായ ജീവിതശൈലിയാണ് മിക്കവരിലും  കൊഴുപ്പ് അടിഞ്ഞുകൂടി രക്തക്കുഴലുകൾ അടയുന്ന കൊറൊണറി ഹൃദയരോഗങ്ങളെ വിളിച്ചുവരുത്തുന്നത്. ചികിത്സയ്ക്കുവേണ്ട ഭാരിച്ച ചെലവ് സാധാരണക്കാരായ രോഗികൾക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ കോഴിക്കോട്ടെ മുതിർന്ന ഹൃദ്രോഗ വിദഗ്‌ധനും കേരള ഹാർട്ട്കെയർ സൊസൈറ്റി സ്ഥാപക പ്രസിഡന്റുമായ ഡോ. കെ. കുഞ്ഞാലിയുടെ ‘ഓപ്പണിങ്‌ ഹാർട്ട് പ്രോഗ്രം’ ചികിത്സാരീതി പ്രസക്തമാവുകയാണ്. അത്യാവശ്യംവേണ്ട മരുന്നു പ്രയോഗവും ജീവിതശൈലിയിലുള്ള മാറ്റങ്ങളും വഴി  രോഗമുക്തിയൊരുക്കുന്നതാണ് ഡോ. കുഞ്ഞാലിയുടെ രീതി. 
ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റും ബൈപ്പാസ് ശസ്ത്രക്രിയയുമെല്ലാം ഇതുവഴി പരമാവധി ഒഴിവാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഡോക്ടർ ചികിത്സിച്ച ഒരു രോഗിയുടെ ഹൃദയരക്തക്കുഴലിലെ തടസ്സം നൂറുശതമാനം നീങ്ങിയ കേസ് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ചിരുന്നു. ഹൃദ്രോഗ ചികിത്സയെക്കുറിച്ച് ഡോ. കുഞ്ഞാലി സംസാരിക്കുന്നു

ഭൂരിഭാഗം ഹൃദ്രോഗികൾക്കും ആൻജിയോപ്ലാസ്റ്റിയും  ശസ്ത്രക്രിയയുമൊന്നും ആവശ്യമില്ല എന്ന നിഗമനത്തിൽ എങ്ങനെയാണ് ഡോക്ടർ എത്തിച്ചേർന്നത്?
കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിചെയ്ത കാലത്തെ അനുഭവങ്ങളിൽനിന്നാണ് ഇക്കാര്യം മനസ്സിലാക്കാൻ കഴിഞ്ഞത്. വർഷത്തിൽ ആയിരം രോഗികൾക്കെങ്കിലും ഞാനും ആൻജിയോ പ്ലാസ്റ്റിയും ബൈപ്പാസ് സർജറിയുമെല്ലാം നിർദേശിക്കാറുണ്ടായിരുന്നു. എന്നാൽ, പകുതിയിലേറെപ്പേർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇതിന് കഴിയാറില്ല. ചിലർ പേടികൊണ്ടും പിൻമാറും. മരണം മുന്നിൽക്കണ്ട് ജീവിക്കുന്ന ഇവർക്ക് മരുന്നുനൽകുകയായിരുന്നു ചെയ്യാറ്‌. അങ്ങനെയിരിക്കെയാണ് കൗതുകകരമായ ഒരു വസ്തുത ശ്രദ്ധയിൽപ്പെട്ടത്. ആൻജിയോപ്ലാസ്റ്റിയും ശസ്ത്രക്രിയയും ചെയ്ത രോഗികളെക്കാൾ കൂടുതൽക്കാലം ജീവിക്കുന്നത് മരുന്ന് ചികിത്സയ്ക്ക് വിധേയരായവരായിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ ലോകത്ത് ലഭ്യമായ കണക്കുകളെല്ലാം പരിശോധിച്ചു. എന്റെ നിഗമനങ്ങൾ ശരിവെക്കുന്നതായിരുന്നു സ്ഥിതിവിവരക്കണക്കുകൾ. അങ്ങനെയാണ് ചികിത്സാരീതിയിൽ മാറ്റംവേണമെന്ന് ബോധ്യപ്പെട്ടത്.
 എന്താണ് ഡോക്ടറുടെ സവിശേഷമായ ചികിത്സാരീതി?
രോഗികളെ പരിശോധനകൾക്ക് വിധേയമാക്കി വിലയിരുത്തിയശേഷം പത്തുദിവസം ആശുപത്രിയിൽ കിടത്തും. ഭക്ഷണരീതിയിൽ എത്രമാത്രം മാറ്റംവരുത്തണം, എത്രമാത്രം കൊഴുപ്പ് കുറയ്ക്കണം, ഉപ്പ് കുറയ്ക്കണം, ഏതെല്ലാം പച്ചക്കറികളും പഴവർഗങ്ങളും കഴിക്കണം, എത്ര അളവിൽ കഴിക്കണം തുടങ്ങിയവയെല്ലാം രോഗികളെ പഠിപ്പിക്കും. രോഗിയുടെ ശേഷിക്കനുസരിച്ച് വ്യായാമം ചെയ്യിക്കും. ഹൃദയത്തിന് ഗുണം ചെയ്യുന്ന യോഗമുറകളും ധ്യാനവും പരിശീലിപ്പിക്കും. പല രോഗികൾക്കും മാനസിക സംഘർഷമുണ്ടാവും. ഇത് കുറയ്ക്കാനായി മനശ്ശാസ്ത്ര കൗൺസലിങ്ങും നൽകും.
 കൃത്യമായ അളവിൽ ശരിയായ മരുന്നുകളും നൽകേണ്ടതുണ്ട്. ഓരോ രോഗിക്കും എത്രമാത്രം തൂക്കം, ഹൃദയമിടിപ്പ്, കൊളസ്‌ട്രോൾ, രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ വേണമെന്ന് നിശ്ചയിക്കും. ഈ ലക്ഷ്യം കൈവരിക്കാനാവശ്യമായ മരുന്നാണ് നൽകുക. ഒപ്റ്റിമൽ മെഡിക്കൽ തെറാപ്പി (ഒ.എം.ടി.) എന്നാണ് ഈ ചികിത്സാരീതിയെ വിളിക്കുന്നത്.
എന്തു മാറ്റങ്ങളാണ് ചികിത്സ രോഗിയിൽ ഉണ്ടാക്കുക?
ചികിത്സ തുടങ്ങുന്നതോടെ രോഗിയുടെ അടഞ്ഞ രക്തക്കുഴലുകൾ മെല്ലെ തുറക്കാൻ ആരംഭിക്കും. വ്യായാമം ചെയ്യാനാരംഭിക്കുമ്പോൾ പുതിയ രക്തക്കുഴലുകൾ (കൊളാറ്ററൽ സർക്കുലേഷൻ) രൂപപ്പെടുകയും ചെയ്യും. മുപ്പതും നാൽപ്പതും വർഷങ്ങൾകൊണ്ടാണ് രക്തക്കുഴലുകൾ പൂർണമായി അടയുന്നത്. അത് തുറക്കാനും സാധാരണഗതിയിൽ ദീർഘകാലം വേണ്ടതാണ്. എന്നാൽ, ഏഴുവർഷംകൊണ്ട് ഒരു രോഗിയുടെ ബ്ലോക്ക് നൂറുശതമാനം മാറ്റാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 23 വർഷത്തിനിടെ ആറായിരത്തിലേറെ രോഗികളെ രക്ഷപ്പെടുത്താനായി.
ആർക്കാണ് ആൻജിയോപ്ലാസ്റ്റി ആവശ്യമായിവരുന്നത്?
 ഹൃദയാഘാതം സംഭവിക്കുന്നവർക്ക് അടിയന്തരമായി  ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടതുണ്ട്. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് നൂറുശതമാനം തടസ്സം ഉണ്ടാവുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. രോഗിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടും. ഹൃദയാഘാതമുണ്ടായി 45 മിനിറ്റിനകം ആൻജിയോപ്ലാസ്റ്റി ചെയ്താൽ 
ഹൃദയകോശങ്ങൾക്ക് നാശമുണ്ടാവില്ല. വൈകുംതോറും ഹൃദയകോശങ്ങൾ നശിക്കാനിടയാവും. ആൻജിയോപ്ലാസ്റ്റിക്കുശേഷം വീണ്ടും രോഗം വരാതിരിക്കാൻ ജീവിതശൈലീ മാറ്റത്തിലൂന്നിയ തുടർചികിത്സ ആവശ്യമാണ്.
ഡോക്ടറുടെ ചികിത്സാരീതിയെക്കുറിച്ച്  മെഡിക്കൽ രംഗത്തുള്ളവരുടെ പ്രതികരണം എന്തായിരുന്നു?
 എന്റെ നിഗമനങ്ങളെ ചിരിച്ചുതള്ളുകയാണ് ഭൂരിഭാഗം ഹൃദ്രോഗവിദഗ്‌ധരും തുടക്കത്തിൽ ചെയ്തത്. എന്നാലിന്ന് ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയെന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. 
അടുത്തിടെനടന്ന ശാസ്ത്രീയ പഠനങ്ങളും ഇതുതന്നെയാണ് തെളിയിക്കുന്നത്.