മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം പണിയാനായി ഉത്തരവിറങ്ങിയിട്ട് മൂന്ന്് മാസമായിട്ടും ഒന്നും നടന്നില്ല.  പത്ത് വർഷത്തിലധികമായി ഇടുങ്ങിയ വാടക കെട്ടിടത്തിലാണ്‌ സ്റ്റേഷൻ പ്രവർത്തിക്കുന്നത്‌.  കൊളച്ചേരി പഞ്ചായത്തിലെ കരിങ്കൽക്കുഴിയിലാണ്‌ പോലീസ്‌ സ്റ്റേഷൻ നിർമിക്കുന്നതിന്‌ സ്ഥലം നിശ്ചയിച്ചിരുന്നത്‌. പഴശ്ശി ജലസേചന വകുപ്പിനുകീഴിലെ സ്ഥലത്ത്് കൊളച്ചേരി പഞ്ചായത്ത് നിർമിച്ച  തിലക് പാർക്കിന്  സമീപത്തായാണിത്.  തുടക്കത്തിൽ പ്രദേശവാസികളുടെ എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് പോലീസ് സ്റ്റേഷൻ കെട്ടിടത്തിനായി എല്ലാവരുടെയും സമ്മതവും ലഭിച്ചിരുന്നതായാണറിയുന്നത്. 
   കളക്ടറുടെ നേതൃത്വത്തിൽ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലപരിശോധന നടത്തി. കെട്ടിടം പണിയാനുള്ള സ്ഥലത്തെ അടിക്കാടും നീക്കിയിരുന്നു.  എന്നാൽ പഴശ്ശി ജലസേചന വകുപ്പിൽനിന്ന് സ്ഥലം വിട്ടുകിട്ടാനുള്ള ഒരു നടപടിയും വകുപ്പുതലത്തിൽ ഉണ്ടായിട്ടില്ല. 
  മയ്യിൽ പോലീസ് സ്റ്റേഷൻ കെട്ടിടം കൊളച്ചേരി പഞ്ചായത്തിലേക്ക് മാറുന്നതിൽ മയ്യിലെ പൊതു സാംസ്കാരികപ്രവർത്തകർക്ക് അന്നേ താത്പര്യമുണ്ടായിരുന്നില്ല.  പോലീസ് സ്റ്റേഷൻ കെട്ടിടത്തിനായി കണ്ടക്കൈ ആയുർവേദാസ്പത്രിക്കു സമീപവും പാടിക്കുന്നിലും സ്ഥലം അനുവദിച്ചിട്ടും  കെട്ടിടം പണിയാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് മയ്യിൽ ടൗണിലെ വ്യാപാരികളും പറയുന്നത്.

മറുപടി കിട്ടാത്തത് പരിശോധിക്കണം

കരിങ്കൽക്കുഴിയിൽ പോലീസ് സ്റ്റേഷൻ കെട്ടിടം പണിയുന്നതിൽ ആർക്കും എതിർപ്പുണ്ടായിട്ടില്ല.  പഴശ്ശി ജലസേചന വകുപ്പിന്റെ അനുമതിയോടുകൂടിയാണ് സ്ഥലപരിശോധനയും മറ്റ് നടപടികളും ഔദ്യോഗികമായി  നീക്കിയത്. പിന്നീട് ജലസേചന വകുപ്പിൽനിന്ന് ഒരു മറുപടിയും കിട്ടാതായത് പരിശോധിക്കണം.
വി.ആർ.വിനീഷ്
എസ്.ഐ. മയ്യിൽ