ഗതാഗതക്കുരുക്ക് പരിഹരിക്കാനാവാതെ ചക്കരക്കല്ലിൽ ഇപ്പോഴും യാത്രാദുരിതവുമായി ജനങ്ങൾ. രാവിലെയും വൈകീട്ടും ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. വാഹനങ്ങൾ ടൗൺ കടന്നുപോകാൻ ഏറെസമയം കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോഴും. മൂന്ന് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ചക്കരക്കല്ലിന്റെ ടൗൺ വികസന പ്രവർത്തനങ്ങൾ വൈകുന്നത് കുരുക്ക് വർധിക്കാനിടയായി. 
പാർക്കിങ്‌, പ്രാഥമിക സൗകര്യങ്ങളുടെ പരിമിതി എന്നിവയൊക്കെ  പ്രശ്നങ്ങളാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം തുറന്നതോടെ താഴെ ചൊവ്വ-മട്ടന്നൂർ റോഡിലെ വാഹനഗതാഗതം നിലവിലുള്ളതിന്റെ പതിന്മടങ്ങ് വർധിച്ചു. ഈ റോഡിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പട്ടണമാണ് ചക്കരക്കല്ല്.  
  കുരുക്ക് പരിഹരിക്കാൻ പോലീസിന്റെ നിരീക്ഷണവും ആവശ്യമാണ്. ഒട്ടേറെ രോഗികൾ ചികിത്സതേടിയെത്തുന്ന ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലെ വാഹന പാർക്കിങ്‌ രോഗികൾക്കും നാട്ടുകാർക്കും ദുരിതമായി. ഒരുഭാഗത്ത് സ്റ്റോപ്പും മറുഭാഗത്ത് സ്വകാര്യ-ടാക്സി വാഹനങ്ങളുടെ നിർത്തിയിടലും ചേർന്ന് കടുത്ത ഗതാഗതതടസ്സമാണ് പലപ്പോഴും ആസ്പത്രിയുടെ മുന്നിലുണ്ടാകുന്നത്.  

ആദ്യം പരിഹരിക്കേണ്ടത് 

അഞ്ചരക്കണ്ടി ഭാഗത്തുനിന്നുവരുന്ന എല്ലാ ബസ്സുകളും കണ്ണൂർ ഭാഗത്തുനിന്നുവരുന്നവയും ടൗണിനടുത്ത ജങ്ഷനിൽ നിർത്തുന്നത് ഏതാണ്ട് ഒരേസ്ഥലത്താണ്‌. ഇതും മാറണം. 
അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ടാക്സിസ്റ്റാൻഡിന്‌ സമീപത്ത് ഒരു സ്റ്റോപ്പനുവദിച്ച് നിർത്തുന്ന തരത്തിലാക്കണം. അതിനായി ടാക്സിസ്റ്റാൻഡും പ്രധാനറോഡും വേർതിരിച്ചുള്ള പഴയ കടമുറികൾ നീക്കംചെയ്യണം. മാത്രമല്ല ടാക്സിസ്റ്റാൻഡിന്റെ വികസനവും ഇതുവഴി സാധ്യമാകും. 
അഞ്ചരക്കണ്ടിവഴി ചക്കരക്കല്ലിലെത്തുന്ന ബസ് ചക്കരക്കല്ല് പഴയ കരുണ ടാക്കീസ് സമീപത്തെ റോഡുവഴിയോ മറ്റോ തിരിച്ച് ഇരിവേരി സി.എച്ച്.സി.ക്ക് സമീപത്തുകൂടി ബസ്‌സ്റ്റാൻഡിലേക്ക് എത്തണം. പ്രധാന റോഡിലെ ഗതാഗത തടസ്സം പരിഹരിക്കാൻ ഇതുവഴി സാധ്യതയുണ്ട്. 
 മാത്രമല്ല ഈ റോഡിലെ ടാക്സി വാഹന പാർക്കിങ്‌ പഴയ കമ്യൂണിറ്റി ഹാൾ സ്ഥലത്ത് ഉപയോഗിക്കാം.