അച്ഛനുമമ്മയ്ക്കും നൽകിയ വാക്ക് സത്യാനന്ദ് പാലിച്ചു. നാവികനായതിനൊപ്പം മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്നാംസ്ഥാനത്തോടെ ബിരുദം. ഏഴിമല നാവിക അക്കാദമിയിൽനിന്ന് മെഡലോടെ പരിശീലനം പൂർത്തിയാക്കിയിറങ്ങുമ്പോൾ സത്യാനന്ദിനുമുന്നിൽ വഴിതെളിച്ച കണ്ണുകൾ മാത്രം തെളിഞ്ഞില്ല.
2016-ൽ അച്ഛൻ ബാലചന്ദ്രപ്രഭുവും അമ്മ രമാഭായിയുമാണ് നാവിക അക്കാദമിയിലേക്ക് എത്തിച്ചത്. കഴിഞ്ഞദിവസം പരിശീലനവും പഠനവും പൂർത്തിയാക്കി സബ് ലെഫ്റ്റനന്റായി ഇറങ്ങി എയർ എൻജിനീയറിങ്ങിൽ പുതിയ നിയോഗത്തിലേക്ക് കടന്നപ്പോൾ ഇവർമാത്രം ഉണ്ടായിരുന്നില്ല.
2016 മേയിൽ ബാലചന്ദ്രപ്രഭുവും 2017 ഏപ്രിലിൽ രമാഭായിയും അപ്രതീക്ഷിതമായി മരിച്ചു. ചേർത്തല ആലുങ്കൽ സത്യാനന്ദപ്രഭു നാലുവർഷം മുമ്പുവരെ ചേർത്തല നഗരത്തിലെ ന്യൂസ്‌പേപ്പർ ബോയിയായിരുന്നു. മാതൃഭൂമി ഏജന്റായിരുന്ന അച്ഛൻ ബി.ബാലചന്ദ്രപ്രഭുവിന്റെ നിഴലായി പത്രവിതരണം നടത്തിയിരുന്നു.
അഞ്ചാംക്ലാസിൽ തുടങ്ങിയതാണ് പത്രവിതരണം. പരീക്ഷാദിനങ്ങളിൽപ്പോലും പത്രവിതരണം നടത്തിയിരുന്ന സത്യാനന്ദ് എസ്.എസ്.എൽ.സി.ക്കും തുടർന്ന് പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എൻജിനീയറാകണം എന്ന അച്ഛനമ്മമാരുടെ സ്വപ്നത്തിനൊപ്പം ഒരു ജോലിയുടെ കെട്ടുറപ്പുമായാണ് 2016-ൽ നാവികസേനയിൽ പരിശീലനവും പഠനവും തുടങ്ങിയത്.
മെക്കാനിക്കൽ എൻജിനീയറിങ്ങിലായിരുന്നു പ്രവേശനം. ഇപ്പോൾ അവിടെനിന്ന് ഒന്നാമനായാണ് ഇറങ്ങുന്നത്. നാവിക അക്കാദമിയിലെ പഠനവും പരിശീലനവും കണക്കാക്കുന്ന ഓവറോളിൽ വെങ്കലമെഡലും നേടി. നാവികസേനയിലെ ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്‌മിറൽ കരംബീർസിങ്ങാണ് മെഡൽ സമ്മാനിച്ചത്. സഹോദരി ദീപ്തി പ്രഭുവും കുടുംബവുമൊത്താണ് ഇപ്പോൾ കഴിയുന്നത്.