ചിറക്കൽ തമ്പുരാന്റെ കീഴിലെ ജന്മി കുടുംബമായ പ്രശസ്തമായ ഏറമ്പാല നായനാർ തറവാട്ടിലാണ് ജന്മമെങ്കിലും എന്നും സാധാരണക്കാരന്റെ പക്ഷത്തായിരുന്നു നായനാർ. ഏറമ്പാലയിൽ കൃഷ്ണൻ നായനാർ ജനിക്കുന്നതിന് 150 വർഷം മുൻപുതന്നെ നിർമിച്ചതാണ് തറവാട് വീട്. രണ്ടരനൂറ്റാണ്ട് പിന്നിട്ടിട്ടും ഏറമ്പാല തറവാട് വീട് ഇന്നും ഒരു ചരിത്രസ്മാരകമായി നിലനിർത്താൻ തറവാട്ടംഗങ്ങൾക്ക് സാധിച്ചത് അഭിനന്ദനാർഹമാണ്. നിലവിൽ തറവാട്ടിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന മുതിർന്ന അംഗം ഗോപിനാഥൻ നായനാരാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയാണ് തറവാട് പുതുക്കിയത്.
പഴയ നായർ തറവാടായതിനാൽ മരുമക്കത്തായ പ്രകാരം ഇരുനൂറിലധികം പേർ തറവാടിന് അവകാശികളായിട്ടുണ്ട്. 18 മുറികളും വിശാലമായ വരാന്തകളും ഉള്ളതാണ് വീട്. നായനാരുടെ മാതാപിതാക്കൾ താമസിച്ച മുറിയും ഇപ്പോഴും തറവാട്ടിനുള്ളിലുണ്ട്. തറവാടിനുസമീപത്ത് ഏറമ്പാല ശ്രീകൃഷ്ണക്ഷേത്രം, പുതിയഭഗവതി ദേവസ്ഥാനം, നാഗസ്ഥാനം, രണ്ട് കുളം എന്നിവയുമുണ്ട്.
നായനാരുടെ ബാല്യകാലം പിന്നിടുന്നതിനു മുൻപ് തന്നെ തറവാടിന് സമീപത്ത് പിതാവ് പുതിയൊരു വീട് നിർമിച്ചു. പിന്നീട് താമസം അതിലേക്കാക്കി. ആ വീട്ടിലാണ് നായനാർ വളർന്നത്. ആ വീടിന്റെ ചുമരിൽ നായനാരുടെ മാതാപിതാക്കളുടെയും സഹോദരൻ ഇ.നാരായണൻ നായനാരുടെയും ചിത്രത്തോടൊപ്പം നായനാരുടെ ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ കുടുംബവീട് ഇപ്പോൾ സഹോദരപുത്രി നളിനിയാണ് പരിപാലിക്കുന്നത്.
ഇതിന് സമീപത്താണ് പിന്നീട് ‘ശാരദാസ്’ നിർമിച്ചത്.