ഹെർമൻ ഗുണ്ടർട്ടിന്റെ പ്രവർത്തനകേന്ദ്രമായിരുന്ന ഇല്ലിക്കുന്നിലെ ബംഗ്ലാവ് മ്യൂസിയമാക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിൽ. പണി പൂർത്തിയാക്കി മ്യൂസിയം ഈവർഷം അവസാനം തുറന്നുകൊടുക്കും. 19-ാം നൂറ്റാണ്ടിൽ നിർമിച്ച ബംഗ്ലാവിന്റെ സംരക്ഷണപ്രവൃത്തിയും മ്യൂസിയം നിർമാണവുമാണ് ഇപ്പോൾ നടക്കുന്നത്.
ഒരുവർഷം മുമ്പാണ് പണിതുടങ്ങിയത്. പഴയ ശൈലിയിൽ നിലനിർത്തിയാണ് സംരക്ഷണം നടത്തുന്നത്. ബംഗ്ലാവിൽ പിൽക്കാലത്ത് അതിന്റെ തനിമചോരുന്ന വിധത്തിൽ മാറ്റങ്ങൾവരുത്തിയിരുന്നു. ആ മാറ്റങ്ങൾ നീക്കിയാണ് പഴമതോന്നിപ്പിക്കുന്ന രീതിയിൽ പുനഃസൃഷ്ടിക്കുന്നത്. അതിന്റെ ഭാഗമായി നാലുവശത്തെയും വരാന്തകളെ യോജിപ്പിക്കുന്ന രീതിയിലേക്ക് ഇപ്പോൾ മാറ്റിയിരിക്കുകയാണ്.
മുമ്പ് വരാന്തകൾ വിവിധ ആവശ്യങ്ങൾക്കുപയോഗിക്കുന്നതിനായി പരസ്പരബന്ധമില്ലാത്ത തരത്തിലേക്ക് മാറ്റിയിരുന്നു. പഴമയുടെ നിറം കൈവരിക്കാനുള്ള വിദ്യകളുപയോഗിച്ചാണ് പണിനടക്കുന്നത്. അതിനായി മേൽക്കൂരയുടെ കഴുക്കോലുകളും മറ്റും കശുവണ്ടിയുടെ എണ്ണ ഉപയോഗിച്ച് പോളീഷ് ചെയ്തിട്ടുണ്ട്. രണ്ടാൾപ്പൊക്കത്തിലുള്ള വലിയ വാതിലുകളും ജനാലകളും പാരമ്പര്യശൈലിയിൽ പോളീഷ് ചെയ്തു. പൊട്ടലുണ്ടായ കഴുക്കോലുകൾ ബലപ്പെടുത്തി.
തറയോടുകൾ പൊട്ടിയ സ്ഥാനത്ത് ടെറാകോട്ട ടൈലുകൾ പാകി. വിസ്താരമേറിയ മുറി സെമിനാർഹാളാക്കിമാറ്റിയിട്ടുണ്ട്. നിർമാണസമയത്ത് മംഗളൂരുവിൽനിന്ന് കൊണ്ടുവന്ന ഓടുകളാണ് മേൽക്കൂരയിലേത്. ഇതിന് ഒന്നരനൂറ്റാണ്ടുപിന്നിട്ടിട്ടും കേടുപാടുകളോ വിള്ളലുകളോ ഇല്ല. പഴമ നിലനിർത്താൻ അതിന് കഴിയുന്നു. കോഴിക്കോട് ആസ്ഥാനമായ ഡി എർത്ത് ആൻഡ് സ്പെയ്സ് ആർട്ട് എന്ന സ്ഥാപനമാണ് പദ്ധതിയുടെ രൂപകല്പന തയ്യാറാക്കിയത്.
രാജ്യാന്തര നിലവാരത്തിൽ
: ബംഗ്ലാവ് മ്യൂസിയമാക്കുമ്പോൾ ഒരുക്കേണ്ട കാര്യങ്ങളെക്കുറിച്ച് നേരേത്തതന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. രാജ്യാന്തരനിലവാരത്തിലുള്ള മ്യൂസിയമായി വിഭാവനംചെയ്തതിൽ പലതും ഇനിയും സാധ്യമാക്കേണ്ടതുണ്ട്.
മംഗളൂരുവിൽ ബാസൽ മിഷന്റെ മ്യൂസിയത്തിൽ ഗുണ്ടർട്ട് ഉപയോഗിച്ച കല്ലച്ചും മറ്റ് സാമഗ്രികളുമുണ്ട്. ഇവയുടെ മാതൃകകൾ തയ്യാറാക്കി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്. തലശ്ശേരിയിലും കണ്ണൂരിലുംനിന്ന് ഗുണ്ടർട്ട് ശേഖരിച്ച താളിയോലകളുംമറ്റും ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിലുമുണ്ട്.
പയ്യന്നൂർപ്പാട്ട് പോലുള്ള ഓലക്കെട്ടുകളും പഴശ്ശിരാജയുടെ കത്തുകളടങ്ങിയ ഓലകളും ഇക്കൂട്ടത്തിലുണ്ട്. 1796-1804 കാലത്ത് വടക്കൻ കേരളത്തിലെ രാജാക്കന്മാരും പ്രമാണിമാരും സാധാരണക്കാരും ബ്രിട്ടീഷ് കമ്പനി അധികൃതരുമായി നടത്തിയ കത്തിടപാടുകളായ തലശ്ശേരിരേഖകൾ ഗുണ്ടർട്ട് സമാഹരിച്ചിരുന്നു. അതും അവിടെയാണ്. അവയെക്കുറിച്ചെല്ലാമുള്ള പൂർണവിവരങ്ങൾ മ്യൂസിയത്തിലേക്ക് സമാഹരിക്കും. ഇവിടെ ദൃശ്യ-ശ്രാവ്യ രീതിയിൽ ഗുണ്ടർട്ടിന്റെ സംഭാവനകൾ അവതരിപ്പിക്കുന്ന പ്രദർശനങ്ങളൊരുക്കൽ, ഭാഷയ്ക്ക് സംഭാവന നൽകിയ തലശ്ശേരിക്കാരെക്കുറിച്ചുള്ള വിവരങ്ങളുംമറ്റും മ്യൂസിയത്തിലൊരുക്കും. ഗുണ്ടർട്ടിന് സഹായമേകിയ ഊരാച്ചേരിഗുരുക്കന്മാർ, ഭാഷയ്ക്ക് സംഭാവനയേകിയ ശേഷഗിരി പ്രഭു, സാഹിത്യചരിത്രത്തിലിടംനേടിയ ഒ.ചന്തുമേനോൻ, സഞ്ജയൻ, സർക്കസിന്റെ കുലപതിയെന്ന വിശേഷണമുള്ള കീലേരി കുഞ്ഞിക്കണ്ണൻ എന്നിവരുടെ സംഭാവനകളെ സ്മരിക്കുന്ന രേഖകൾക്കും ചിത്രങ്ങൾക്കും മ്യൂസിയത്തിലിടമുണ്ടാകും.
അപൂർവ പുസ്തകങ്ങൾ
: ജർമനിയിലെ സർവകലാശാലകളുമായി സഹകരിച്ചാണ് ഭാഷാപഠനകേന്ദ്രം ഒരുക്കുക. ഇതിന്റെ ഭാഗമായി ജർമൻ പണ്ഡിത മേരി എലിസബത്ത് മുള്ളർ 45 ലക്ഷം രൂപ ചെലവഴിച്ച് കൊണ്ടുവന്ന പുസ്തകങ്ങൾ മ്യൂസിയം ലൈബ്രറിയിലേക്ക് സംഭാവനചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, ജർമൻ ഭാഷകളിലുള്ള പുസ്തകങ്ങൾ കഴിഞ്ഞ മാസം ഇവിടെയെത്തി. കേരളത്തിലെ പ്രമുഖ ജർമൻ പൈതൃകസ്മാരകമാണ് ഗുണ്ടർട്ട് ഭവനം.
ബംഗ്ലാവ് സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതി ചർച്ചചെയ്യുന്നതിന് ജർമൻ കോൺസുലേറ്റിലെ കോൺസുലർ ഡോ. സയ്ദ് ഇബ്രാഹിം 2017 ജനുവരിയിൽ തലശ്ശേരി സന്ദർശിച്ചിരുന്നു. എ.എൻ.ഷംസീർ എം.എൽ.എ. മുൻകൈയെടുത്താണ് ചർച്ചനടത്തിയത്. ബംഗ്ലാവ് സംരക്ഷിച്ച് ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതിക്ക് രൂപംനൽകുമെന്ന് സയ്ദ് ഇബ്രാഹിം പറഞ്ഞിരുന്നു. തുടർന്ന് ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയമാക്കുന്ന കാര്യം ചർച്ചചെയ്യുന്നതിന് സെമിനാറും സംഘടിപ്പിച്ചു. ഈ ചർച്ചകളിലെ അഭിപ്രായങ്ങളും നിർദേശങ്ങളും ബംഗ്ലാവ് മ്യൂസിയമാക്കി വികസിപ്പിക്കുന്നതിന് മുതൽക്കൂട്ടായി.
രണ്ടുകോടിയുടെ പദ്ധതി
: ടൂറിസം വകുപ്പാണ് തലശ്ശേരി പൈതൃക നഗരം പദ്ധതിയുടെ ഭാഗമായി ഗുണ്ടർട്ട് ബംഗ്ലാവ് സംരക്ഷിച്ച് മ്യൂസിയവും ഭാഷാപഠനകേന്ദ്രവുമാക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ ആദ്യഘട്ടമാണ് ബംഗ്ലാവിന്റെ സംരക്ഷണവും മ്യൂസിയവും. അടുത്ത ഘട്ടം ഭാഷാപഠനഗവേഷണകേന്ദ്രമാക്കി വികസിപ്പിക്കൽ. ആദ്യഘട്ടം നടപ്പാക്കുന്നതിന് സംസ്ഥാനസർക്കാർ ബജറ്റിൽ 2.10 കോടി രൂപയാണനുവദിച്ചത്.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ(സി.എസ്.ഐ.)യുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഗുണ്ടർട്ട് ബംഗ്ലാവ്. ഇതിന്റെ സമീപത്തുള്ള നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷന്റെ ക്ലാസ്മുറികളായി ഇതുപയോഗിച്ചിരുന്നു. സി.എസ്.ഐ. അധികൃതരുമായി ജർമൻ കോൺസുലേറ്റ് ചർച്ചചെയ്താണ് സംരക്ഷണത്തിനും മ്യൂസിയമാക്കുന്നതിനുമുള്ള അനുമതി ലഭിച്ചത്. ബംഗ്ലാവിനടുത്തുള്ള സി.എസ്.ഐ. പള്ളി കൂടി സംരക്ഷിക്കുന്നരീതിയിലാണ് പദ്ധതി തയ്യാറാക്കിയത്.
ബംഗ്ലാവിന്റെ ചരിത്രം
: കല്ലും മരവുംകൊണ്ട് നിർമിച്ച കെട്ടിടം ഒന്നരനൂറ്റാണ്ട് കഴിഞ്ഞിട്ടും കാര്യമായ പോറലേൽക്കാതെ നിലനിൽക്കുകയാണ്. ചോർച്ചപോലുമില്ല. ജഡ്ജിയായിരുന്ന സ്ട്രെയ്ഞ്ചാണ് ഇല്ലിക്കുന്നിന്റെ മുകളിൽ തലയുയർത്തിനിൽക്കുന്ന കൂറ്റൻ മരങ്ങൾക്കിടയിൽ വിശാലമായ മുറികളുള്ള ബംഗ്ലാവ് പണികഴിപ്പിച്ചത്.
1846-ൽ അതുവരെയുണ്ടായിരുന്ന നാലേക്കറിനുപുറമെ ഏഴയൽക്കാരിൽനിന്ന് സ്ട്രെയ്ഞ്ച് വാങ്ങിയ സ്ഥലവും ചേർന്നതാണ് ബംഗ്ലാവിന്റെ സ്ഥലം.
അദ്ദേഹമാണ് ഗുണ്ടർട്ടിനെ തലശ്ശേരിയിലേക്ക് ക്ഷണിച്ചത്. ബാസൽമിഷന്റെ ശാഖ തലശ്ശേരിയിൽ സ്ഥാപിക്കുന്നതിന് സ്ഥലവും കെട്ടിടവും സ്ട്രെയ്ഞ്ച് വാഗ്ദാനംചെയ്തു. 1839 മാർച്ച് 21-ന് 25-ാം വയസ്സിലാണ് ഗുണ്ടർട്ട് കുടുംബത്തോടൊപ്പം തലശ്ശേരിയിലെത്തിയത്. ഏപ്രിൽ 12-ന് ബംഗ്ലാവിൽ താമസം
തുടങ്ങി. പിന്നീടുള്ളത് മലയാളഭാഷയുടെയും മാധ്യമചരിത്രത്തിന്റെയും വിലമതിക്കാനാകാത്ത ഏടുകൾ. ഏപ്രിൽ 12-നാണ് ബംഗ്ലാവ് ബാസൽ മിഷന്റെ കേന്ദ്രമായതെങ്കിലും സ്വിറ്റ്സർലൻഡിലെ ബാസൽമിഷൻ രേഖകളിൽ ബംഗ്ലാവ് രജിസ്റ്റർ ചെയ്യപ്പെട്ടത് 1852-ൽ മാത്രമാണെന്ന് കാണാം.
നാല് വീടുകളും പള്ളിക്കൂടവും കൂടാതെ അച്ചടിശാലയും നെയ്ത്തുശാലയുമുണ്ടായിരുന്നതായി ഈ രേഖയിലുണ്ട്. ചേർത്തടച്ചാൽത്തന്നെ തനിയെ പൂട്ടുവീഴുന്ന വാതിലുകളുണ്ട്. ഗുണ്ടർട്ടിന്റെ രണ്ടരവയസ്സുള്ള ഒരു മകൻ മരിച്ചത് അദ്ദേഹം ബംഗ്ലാവിൽ താമസിക്കുമ്പോഴായിരുന്നു. ആ കുഞ്ഞിനെ ഇവിടെയുള്ള സെമിത്തേരിയിലാണ് അടക്കം
ചെയ്തത്. പള്ളി രജിസ്റ്ററിൽ 11-ാം പേരായി അത് രേഖപ്പെടുത്തിയിട്ടുണ്ട്. 1845 ഒക്ടോബർ 23-ന് ബംഗ്ലാവിന്റെ വരാന്തയിൽ മിഷൻ വകയായി ലിത്തോ പ്രസ് സ്ഥാപിച്ചു. തലശ്ശേരി മിഷൻ പ്രസ് എന്നാണ് ചരിത്രമായി മാറിയ അച്ചടികേന്ദ്രം അറിയപ്പെട്ടത്. ഈ അച്ചുകൂടത്തിലൂടെ 1846 നവംബർ ഒന്നിന് 'മലയാളപഞ്ചാംഗം' എന്ന ചെറിയ പുസ്തകം വെളിച്ചംകണ്ടു. 1847 ജൂണിൽ മലയാളത്തിലെ ആദ്യ പത്രമായ 'രാജ്യസമാചാരം' പുറംലോകത്തെത്തി. 1847 ഒക്ടോബറിൽ രണ്ടാമത്തെ പത്രമായ 'പശ്ചിമോദയം' പുറത്തിറങ്ങിയതും ഇതേ ബംഗ്ലാവിൽനിന്നുതന്നെ. ഗുണ്ടർട്ട് മലയാളവ്യാകരണരചന തുടങ്ങിയതും ഇവിടെവെച്ചാണ്. 45-ാം വയസ്സിൽ നാട്ടിലേക്ക് കപ്പൽകയറുമ്പോഴേക്കും മലയാളക്കരയ്ക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ സമ്മാനിച്ചിരുന്നു.