വിജയത്തിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്‌ പെരിയ ടൗണിലെ അഗ്രിഫ്രഷ് എന്ന വനിതാ നാടൻ പഴം പച്ചക്കറി സംസ്‌കരണ വിപണന യൂണിറ്റ്. ഉദുമ മഹാലക്ഷ്മി കുടുംബശ്രീ യൂണിറ്റിലെ പതിനൊന്ന് അംഗങ്ങൾ ആണ് യൂണിറ്റ്‌ നയിക്കുന്നത്. ചക്കയുടെ ഇരുപതോളം ഉത്‌പന്നങ്ങളാണ് പ്രധാന വരുമാനമാർഗം. 2017- ൽ പ്രവർത്തനമാരംഭിച്ച യൂണിറ്റിന് ഇപ്പോൾ മാസം ഒന്നരലക്ഷം രൂപയോളം വിറ്റുവരവുണ്ട്. ഓരോ അംഗത്തിനും പതിനായിരം രൂപയ്ക്ക് മുകളിൽ ശമ്പളമായി മാത്രം നൽകാൻ കഴിയുന്നു. ബാക്കി പണം സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നതിനോടൊപ്പം ഒരു വിഹിതം സംഘങ്ങളുടെ അടിയന്തരാവശ്യങ്ങൾ നേരിടാൻ  ബാങ്കിലും നിക്ഷേപിക്കുന്നുണ്ട്. അഗ്രിഫ്രഷിനോട് ചേർന്നുതന്നെ ഒരു നാടൻ ഭക്ഷണശാലയും ഇവർ നടത്തുന്നു. പെരിയ കേന്ദ്രസർവകലാശാല മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്ഥാപനങ്ങളിലെ പല ഉദ്യോഗസ്ഥരും വിദ്യാർഥികളും ഉച്ചഭക്ഷണം ഇവിടെനിന്നാണ്. ചക്കസീസൺ കഴിഞ്ഞാൽ വിവിധ തരം കറിപ്പൊടികളിലൂടെയും പപ്പായ, പൈനാപ്പിൾ, കപ്പ, കിഴങ്ങ്, കായ തുടങ്ങിയവയുടെ ഉത്‌പന്നങ്ങളിലൂടെയുമാണ് ഇവർ വരുമാനം കണ്ടെത്തുന്നത്. പ്രകൃതിദത്തമായ നിറങ്ങൾ മാത്രമടങ്ങിയ ചെമ്പരത്തി ജ്യൂസ്‌ അഗ്രിഫ്രഷിന്റെ മാത്രം 
സവിശേഷതയാണ്. 

  ഉത്‌പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ വിപണിയുടെ പുതിയ മേഖലകളിലേക്ക് ഇവർ കടക്കുകയാണ്. പച്ചക്കറികൾ കറിക്കു പാകമായ കഷണങ്ങളാക്കി നഗരപ്രദേശങ്ങളിൽ വീടുകളിൽ എത്തിക്കുന്നുമുണ്ട്‌ ഇവർ.  പെരിയയിലും സമീപപ്രദേശങ്ങളിൽനിന്നുമായി ഭക്ഷണശാല തുടങ്ങുന്നതിനുള്ള കരാറുകളും ഇവരെ തേടിയെത്തുന്നുണ്ട്. കേരള കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതിയുടെ ഭാഗമായി മടിക്കൈ കാർഷികവിപുലീകരണ സംഘത്തിന്റെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. ആത്മയുടെ, ജില്ലയിലെ മികച്ച കാർഷികാഭിരുചിയുള്ള സംഘത്തിനുള്ള അവാർഡും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്. ശോഭ ഉത്തമൻ(സെക്രട്ടറി), ടി. ഉഷ, എം. ഉഷ, എം. രുക്മിണി, പി. വിശാലക്ഷ്മി, എ. രോഷ്നി, എ. മഞ്ജുഷ, എ. കാർത്യായനി, ടി. അജിത, ടി. ബിന്ദു, ലക്ഷ്മി എന്നിവരാണ് ഇതിന്റെ പ്രവർത്തകർ. മടിക്കൈ കൃഷി ഓഫീസർ എസ്. അഞ്ജു, പുല്ലൂർ പെരിയ കൃഷി ഓഫീസർ സി. പ്രമോദ് കുമാർ, ബളാൽ കൃഷി അസിസ്റ്റന്റ് എം.വി. ബൈജു എന്നിവരാണ് സാങ്കേതിക സഹായം നൽകുന്നത്.