കാലം മാറി. വിമാനവും വിമാനത്താവളവും പുതിയ തലമുറയുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. തീവണ്ടിയിൽ കിതച്ച് കുതിച്ചു പാഞ്ഞവർ ഇപ്പോൾ വിമാനത്തിൽ പറന്ന് ദൂരങ്ങൾ കീഴടക്കുകയാണ്. രണ്ടായിരവും അതിലധികവും കിലോമീറ്ററുകൾ വിരലിലെണ്ണാവുന്ന മണിക്കൂറുകൾകൊണ്ട് പറന്ന് പിന്നിട്ടെത്തുന്നവർക്കും പറക്കാനെത്തുന്നവർക്കും അതിനനുസരിച്ചുള്ള അടിസ്ഥാനസൗകര്യം ഒരുക്കുന്നിടത്താണ് വിമാനത്താവളങ്ങളുടെ വിജയം നിലകൊള്ളുന്നത്. വരാനും പോകാനുമുള്ള മികച്ച റോഡാണ് അതിൽ ഏറ്റവും 
പ്രധാനം. 

  ഉദ്ഘാടനം ചെയ്ത് ഒരുവർഷമാകുമ്പോഴേക്കും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ഒന്നരലക്ഷത്തിലധികം പേർ യാത്രചെയ്തു. കണ്ണൂരിനുപുറമെ കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽനിന്നുള്ളവരാണ് പ്രധാനമായും വിമാനത്താവളം ഉപയോഗിക്കുന്നത്. തൊട്ടടുത്ത് കർണാടകയിലെ കുടകിൽനിന്നുള്ളവർക്കും ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് കണ്ണൂർ. ആഭ്യന്തര സർവീസുകൾക്കൊപ്പം അന്താരാഷ്ട്ര സർവീസുകളും കാര്യമായ രീതിയിൽ തുടങ്ങിയതോടെ വരുംനാളുകളിൽ വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനനുസരിച്ച് റോഡ് വികസിച്ചില്ലെങ്കിൽ മുരടിക്കുക വിമാനത്താവളവും അതുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന വികസനവുമാണ്. അക്കാര്യം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അടുത്തിടെ നടന്ന യോഗം വിമാനത്താവളത്തിലേക്കുള്ള റോഡുകൾ അടിയന്തരപ്രാധാന്യത്തോടെ വികസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് തലശ്ശേരി, കുറ്റ്യാടി, മാനന്തവാടി, കർണാടക അതിർത്തിയിലെ കൂട്ടുപുഴ, മേ​െല ചൊവ്വ, തളിപ്പറമ്പ് എന്നിവിടങ്ങളിൽനിന്നുള്ള റോഡുകളാണ് വിമാനത്താവള റോഡായി വികസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങൾ തടസ്സമില്ലാതെ ഒഴുകുന്ന റോഡുകൾ വിമാനത്താവളത്തിനൊപ്പം അത് കടന്നുപോകുന്ന നാട്ടിലും വികസനമെത്തിക്കുമെന്നുറപ്പാണ്. കവലകളുടെ രൂപംമാറും. ജനങ്ങളുടെ ജീവിതനിലവാരത്തിലും അത് പ്രതിഫലിക്കും.
  തലശ്ശേരി, കുറ്റ്യാടി, മാനന്തവാടി റോഡുകൾ നാലുവരിയായി നിർമിക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്നതിനാൽ രണ്ടുഘട്ടമായി പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ രണ്ടുവരിയായാണ് റോഡ് വികസിപ്പിക്കുക. 

   കിഫ്ബി ഫണ്ടുപയോഗിച്ച്‌ റോഡുകൾ വികസിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ കർണാടക (ഐ.ഡി.സി.കെ.) ആണ് റോഡിന്റെ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നത്. അതിനുവേണ്ടിയുള്ള സർവേ അവർ ഇതിനകം തുടങ്ങിയിട്ടുണ്ട്. ആറുമാസത്തിനകം വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.)തയ്യാറാക്കും. ഡി.പി.ആർ. തയ്യാറായിക്കഴിഞ്ഞാലുടൻ ടെൻഡർ നടപടിയിലേക്ക് നീങ്ങാനാണ് മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചിരിക്കുന്നത്. വിമാനത്താവള സമീപനറോഡുകൾക്കുള്ള ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക ഉത്തരവായിക്കഴിഞ്ഞുവെന്നതും പദ്ധതി വിമാനവേഗത്തിൽ മുന്നോട്ടുപോകുമെന്നതിന്റെ 
സൂചനയാണ്. 

തലശ്ശേരി    വിമാനത്താവളം

തലശ്ശേരി-കൊടുവള്ളി-പിണറായി-മമ്പറം-അഞ്ചരക്കണ്ടി വഴി വിമാനത്താവളത്തിലേക്കുള്ളതാണ് ഒന്നാമത്തെ റോഡ്. ബാലത്തിൽനിന്ന്‌ 24.5 കിലോമീറ്റർ നീളത്തിൽ 24 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. തലശ്ശേരി-മാഹി ബൈപ്പാസിൽ ബാലത്തുനിന്നാണ് വിമാനത്താവളത്തിലേക്കുള്ള നാലുവരി റോഡ് തുടങ്ങുന്നത്. 
  മൂന്ന് പ്രധാന പാലങ്ങളാണ് പുതിയ റോഡിനായി നിർമിക്കുക. ചേക്കുപ്പാലം, ചാമ്പാട് പാലം, കീഴല്ലൂർ പാലം എന്നിവയാണവ.  നിലവിൽ ഈ റോഡ് രണ്ടുവരിയാണ്. ഇതിന്റെ പുതിയ രൂപരേഖ അംഗീകരിച്ച് അതിർത്തിനിർണയം കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതിയും ആയിക്കഴിഞ്ഞു. 

കുറ്റ്യാടി    വിമാനത്താവളം

കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂർ-പൂക്കോട്-കൂത്തുപറമ്പ്-മട്ടന്നൂർ റോഡാണ് രണ്ടാമത്തേത്. അതിൽ കുറ്റ്യാടി മുതൽ നാദാപുരം വരെയുള്ള 23.29 കിലോമീറ്റർ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിന്റെ കോഴിക്കോട് റോഡ്‌സ് ഡിവിഷനാണ് മേൽനോട്ടം വഹിക്കുന്നത്. പെരിങ്ങത്തൂർ മുതൽ മട്ടന്നൂർ വരെയുള്ള 29.86 കിലോമീറ്റർ തലശ്ശേരി ഡിവിഷനും നോക്കും. ആകെ 53.15 കിലോമീറ്ററാണ് റോഡിന്റെ നീളം കണക്കാന്നത്. നിലവിൽ സ്റ്റേറ്റ് ഹൈവേ ആയ ഈ റോഡ് 24 മീറ്റർ വീതിയിൽ നാലുവരി റോഡാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ രണ്ടുവരി കെ.എസ്.ടി.പി. റോഡാണ് വീതികൂട്ടുക. മേക്കുന്നിലെ വളവുകൾ നികത്തി ഗതാഗതം സുഗമമാക്കും. പാനൂർ ടൗണിനെ ഒഴിവാക്കുന്നതിന് ബൈപ്പാസിനുള്ള പഠനം നടത്തും. 
  പെരിങ്ങത്തൂർ, പാത്തിപ്പാലം, മെരുവമ്പായി, ക​േരറ്റ എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ നിർമിക്കും. കോഴിക്കോട് ഭാഗത്ത് റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിന്റെ രൂപരേഖയായിക്കഴിഞ്ഞു. ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങുകയാണ്. പെരിങ്ങത്തൂർ മുതൽ മട്ടന്നൂർ വരെയുള്ള ഭാഗം നിലവിൽ രണ്ടുവരിയാണ്. കൂത്തുപറമ്പ് മുതൽ മട്ടന്നൂർ വരെയുള്ള 15.373 കിലോ മീറ്റർ കെ.എസ്.ടി.പി. പണി നടക്കുന്നു. 

മാനന്തവാടി    വിമാനത്താവളം

മാനന്തവാടി-ബോയ്‌സ്ടൗൺ- പേരാവൂർ-മാലൂർ-ശിവപുരം- മട്ടന്നൂർ ആണ് മൂന്നാമത്തെ റോഡ്. ബോയ്‌സ്ടൗണിൽ നിലവിലുള്ള ചുരം വികസിപ്പിച്ച് സഞ്ചാരം സുഗമമാക്കാനാണ് പദ്ധതി. കുറച്ചുഭാഗം വനഭൂമിയാണ്. അന്തിമ രൂപരേഖ തയ്യാറായിക്കഴിഞ്ഞതിനുശേഷം റോഡ് വികസനത്തിന് വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ആകെ ദൂരം 63.5 കിലോമീറ്റർ. മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും ഈ റോഡ് വികസിപ്പിക്കുന്നത്. പേരാവൂർ മുതൽ തൃക്കടാരിപ്പൊയിൽ വരെ നബാർഡിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് ഇതിനകം ഭരണാനുമതി ആയിട്ടുണ്ട്. കൊട്ടിയൂർ വന്യജീവിസങ്കേതത്തിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. അതിന്റെ അതിർത്തി നിർണയിക്കുന്നതിനുള്ള നടപടി പൂർത്തിയായിട്ടുണ്ട്.
  ശിവപുരം, കേളകം, പേരാവൂർ ടൗൺ എന്നിവിടങ്ങളിൽ ബൈപ്പാസിന് നിർദേശമുണ്ട്. കാഞ്ഞിരപ്പുഴയ്ക്കും കണിച്ചാറിനും പുതിയ പാലം നിർമിക്കും. മട്ടന്നൂർ ടൗണിലെ തിരക്കിൽ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ പെടുന്നത് ഒഴിവാക്കാൻ പഴശ്ശി കനാലിനോടു ചേർന്നുള്ള ചെറിയ റോഡ് നാലുവരിയായി വികസിപ്പിക്കും. കുറ്റ്യാടിയിൽനിന്നും മാനന്തവാടിയിൽ നിന്നുമുള്ള റോഡുകൾ മട്ടന്നൂരിന് 600 മീറ്റർ മുമ്പേ ഒന്നാകും.

കൂട്ടുപുഴ    വിമാനത്താവളം

കൂട്ടുപുഴ- ഇരിട്ടി- മട്ടന്നൂർ-വായന്തോട് റോഡാണ് നാലുവരിയിൽ വികസിപ്പിക്കുന്ന മറ്റൊന്ന്. 32 കിലോമീറ്റർ റോഡ് നിർദിഷ്ട ദേശീയപാതയാണ്. നിലവിൽ രണ്ട് വരിയുള്ള റോഡിൽ കെ.എസ്.ടി.പി. പണി നടക്കുന്നുണ്ട്. ദേശീയപാതാ നിലവാരത്തിലേക്കുയരുന്നതോടെ ഗതാഗതം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

മേ​െല ചൊവ്വ    വിമാനത്താവളം

മേ​െല ചൊവ്വ-ചാലോട്-വായന്തോട് റോഡ്. ദേശീയപാതയാകുന്നതോടെ 26.3 കിലോമീറ്റർ റോഡ് വികസിപ്പിച്ച് വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളിലൊന്നാക്കി മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 

തളിപ്പറമ്പ്    വിമാനത്താവളം

തളിപ്പറമ്പ്- ചൊർക്കള- നണിച്ചേരിക്കടവ് പാലം- മയ്യിൽ- ചാലോട് റോഡാണ് തളിപ്പറമ്പിന് വടക്കുള്ളവർക്കായി വികസിപ്പിക്കുന്നത്. 27.2 കിലോമീറ്റർ റോഡ് നിലവിൽ രണ്ടുവരിയാണ്. നാട് പരിചയമില്ലാത്തവർക്ക് ഇതുവഴിയുള്ള വിമാനത്താവളയാത്ര ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വളവും തിരിവും കയറ്റിറക്കങ്ങളും കുറച്ച് വിമാനത്താവളത്തിലേക്ക് വടക്കുനിന്നുള്ള മികച്ച രണ്ടുവരിപ്പാത ഒരുക്കാനാണ് അധികൃതർ പദ്ധതി തയ്യാറാക്കുന്നത്. അതിനുള്ള ഭരണാനുമതി ആയിട്ടുണ്ട്. കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നതിന് അടങ്കൽ സാങ്കേതികാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

അപകടവും സ്തംഭനവുമില്ലാത്ത സ്വപ്‌നറോഡുകൾ

അപകടവും ഗതാഗതസ്തംഭനവുമില്ലാത്ത അന്താരാഷ്ട്രനിലവാരത്തിലുള്ള നാലുവരിപ്പാതയാണ് വിമാനത്താവളത്തിന് അനുബന്ധമായി വികസിപ്പിക്കാൻ അധികൃതർ ലക്ഷ്യമിടുന്നത്. മിന്നൽസമരങ്ങളുടെയും ഹർത്താലുകളുടെയും ഭാഗമായുള്ള വാഹനം തടയൽ ആ റോഡിൽ ഉണ്ടാകരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. വിദേശത്ത് നിന്നെത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയൊരു അനുഭവമായിരിക്കണം റോഡ് യാത്രയെന്നും അഭിപ്രായമുണ്ട്. 
  കടലിനപ്പുറത്തെ അറബ് നാടുകളിൽ നിന്ന് വിമാനത്തിൽ അഞ്ചുമണിക്കൂർ കൊണ്ട് കണ്ണൂരിലെത്താമെന്നിരിക്കെ വീട്ടിലെത്താൻ വൈകുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് റോഡ് മാർഗം ബസിന് ഏഴു മണിക്കൂറോളം വേണം. വിമാനത്തിനാണെങ്കിൽ അത് ഒരുമണിക്കൂർ മതി. 
വിമാനമിറങ്ങി വീടുപിടിക്കുന്നതിനിടയിൽ റോഡിൽ കുടുങ്ങിയാൽ യാത്രക്കാർക്ക് നഷ്ടമാകുന്നത് ഒരിക്കലും തിരിച്ചുകിട്ടാത്ത പണവും സമയവുമാണ്. 
  ഓരോ നാടിന്റെയും മുഖമാണ് മികച്ച റോഡിലൂടെ യാത്രക്കാരനിൽ തെളിയുന്നത്. കടന്നുപോകുന്ന വഴികളിലെല്ലാം വിമാനത്താവള റോഡ് വികസനവും കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് നാട്.