ആദ്യ​േത്തത് മാടായിയിൽ; വിജയി ജോൺ മാഞ്ഞൂരാൻ

ഉത്തരകേരളത്തിൽ ആദ്യമായി ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് 1970-ലായിരുന്നു -മാടായി മണ്ഡലത്തിൽ. പിൽക്കാലത്ത് കല്യാശ്ശേരി എന്ന മണ്ഡലമായിത്തീർന്നത് ഇതാണ്. കല്യാശ്ശേരി, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, കുഞ്ഞിമംഗലം, പാണപ്പുഴ, കടന്നപ്പള്ളി, മാട്ടൂൽ, മാടായി പഞ്ചായത്തുകൾ ചേർന്ന മണ്ഡലം. 
സപ്തകക്ഷി മന്ത്രിസഭ തകർന്ന് മുഖ്യമന്ത്രി ഇ.എം.എസ്. രാജിവെക്കുകയും മുന്നണിക്കകത്തെ കുറുമുന്നണിയെന്നറിയപ്പെട്ട കക്ഷികൾ ചേർന്ന് സി.അച്യുതമേനോന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാരുണ്ടാക്കിയ കാലം. കോൺഗ്രസ് പിളർന്ന് സംഘടനാ കോൺഗ്രസും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായ കാലം. 
സപ്തകക്ഷി മന്ത്രിസഭയിലെ അംഗമായിരുന്ന മത്തായി മാഞ്ഞൂരാന്റെ അകാലനിര്യാണം കാരണമാണ് മാടായിയിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. കേരളാ സോഷ്യലിസ്റ്റ് പാർട്ടിക്ക് സപ്തകക്ഷി മുന്നണി നൽകിയ ഒരേയൊരു സീറ്റായിരുന്നു ആ പാർട്ടിക്ക് കൈവിരലിലെണ്ണാവുന്നത്ര വോട്ടുപോലുമില്ലാത്ത മാടായി. മത്തായി മാഞ്ഞൂരാന് പകരം ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സഹോദരനായ  ജോൺ മാഞ്ഞൂരാൻ സ്ഥാനാർഥിയായി.
കോൺഗ്രസ് സ്ഥാനാർഥിയായി കെ.രാഘവൻ. സി.പി.ഐ.യും മുസ്‌ലിം ലീഗും കോൺഗ്രസിനൊപ്പം. സംഘടനാ കോൺഗ്രസ് സ്ഥാനാർഥിയായി എൻ.രാഘവൻ. ജനസംഘം സ്ഥാനാർഥിയായി പി.വി.രാമചന്ദ്രൻ നായർ. ഇരുഭാഗത്തെയും നേതാക്കളാകെ മാടായിയിൽ 'തമ്പടിച്ചു'. അതിരൂക്ഷമായ വാദപ്രതിവാദവും കോലാഹലവുംകൊണ്ട് കണ്ണൂർ ജില്ല തിളച്ചുമറിഞ്ഞു. 1970 ​േമയ് 20-ന് നടന്ന തിരഞ്ഞെടുപ്പിൽ ജോൺ മാഞ്ഞൂരാൻ 4002 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. അന്ന് സി.പി.എം. ജില്ലാ സെക്രട്ടറിയായ എം.വി.രാഘവനാണ് വിജയശില്പിയായി അറിയപ്പെട്ടത്. പിൽക്കാലത്ത് ഈ മണ്ഡലം സി.പി.എമ്മിന് സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളിലൊന്നായി. 1960-ൽ കെ.പി.ആർ.ഗോപാലൻ തോറ്റ മണ്ഡലമാണിത്. 
മാഞ്ഞൂരാന്റെ വിജയം കണ്ണൂർ ജില്ലയെ സംഘർഷഭൂമിയാക്കി. പിൽക്കാലത്തെ സി.പി.എം-കോൺഗ്രസ്, സി.പി.എം-ലീഗ് സംഘർഷങ്ങളുടെ തുടക്കം മാടായി ഉപതിരഞ്ഞെടുപ്പിലാണ്.  വീടുകൾ തകർക്കപ്പെട്ടു. നിരവധി പേർ മറ്റ് സ്ഥലങ്ങളിലേക്ക് മാറേണ്ടിവരികയും തിരുവനന്തപുരത്തേക്ക് 'അഭയാർഥിജാഥ' നടക്കുകയും ചെയ്തു...
വാശിയേറിയതും വലിയ കുഴപ്പങ്ങൾക്കിടയാക്കിയതുമായ തിരഞ്ഞെടുപ്പായിരുന്നെങ്കിലും ജയിച്ച എം.എൽ.എ.യ്ക്ക് കഷ്ടിച്ച് മൂന്നരമാസം മാത്രമാണ് സ്ഥാനത്ത് തുടരാനായത്. എന്തെന്നാൽ മന്ത്രിസഭ രാജിവെക്കുകയും നിയമസഭ പിരിച്ചുവിടുകയുമായിരുന്നു. 1970 സെപ്റ്റംബറിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ മാടായി മണ്ഡലത്തിന്റെ പ്രതിനിധി എം.വി.രാഘവനായി. 

നീലേശ്വരത്ത് ടി.കെ.ചന്തൻ 

അടുത്ത ഉപതിരഞ്ഞെടുപ്പ് നീലേശ്വരത്താണ്. സി.പി.എമ്മിലെ വി.വി.കുഞ്ഞമ്പുവിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ടി.കെ.ചന്തൻ സി.പി.എം. സ്ഥാനാർഥി എം.കുഞ്ഞിരാമൻ മാസ്റ്റർ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ സ്വതന്ത്രനും. 1971-ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഇ.കെ.നായനാരായിരുന്നിട്ടുകൂടി, കയ്യൂർ ഉൾപ്പെട്ട ഈ മണ്ഡലത്തിൽ ലീഡ് കേവലം 1212 വോട്ടിന്റെതായിരുന്നു. അതിനാൽ രണ്ട് മുന്നണികളും ആവനാഴിയിലെ എല്ലാ ആയുധങ്ങളുമെടുത്ത് പ്രയോഗിച്ചു. സംസ്ഥാന നേതാക്കളും മന്ത്രിമാരും കവലയോഗങ്ങളിൽവരെ പ്രസംഗിച്ചു. 1973 ജനുവരി 22-നായിരുന്നു വോട്ടെടുപ്പ്. ഫലം വന്നപ്പോൾ ജയം ടി.കെ.സി. എന്നറിയപ്പെടുന്ന ടി.കെ.ചന്തന്. 6130 വോട്ടിന്റെ ഭൂരിപക്ഷം. 

ഇരിക്കൂറിൽ ഇ.കെ.നായനാർ 

അടുത്ത ഉപതിരഞ്ഞെടുപ്പ് ഇരിക്കൂറിലായിരുന്നു. കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷം നടമാടുന്ന കാലം. ഇരിക്കൂർ എം.എൽ.എ.യായ എ.കുഞ്ഞിക്കണ്ണൻ 1973 നവംബർ 23-ന് അന്തരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1974 ഏപ്രിലിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി ഇ.കെ.നായനാർ ഇടതുപക്ഷ സ്ഥാനാർഥിയായി. കാസർകോട് മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാമചന്ദ്രൻ കടന്നപ്പള്ളിയോട് തോറ്റതായിരുന്നു നായനാർ. കടുത്ത രാഷ്ട്രീയപോരാട്ടം നടക്കുന്ന കാലത്ത് നായനാർ മത്സരിക്കാനെത്തിയത് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ഇരിക്കൂറിലേക്കാക്കി. കോൺഗ്രസ്-സി.പി.ഐ. നേതൃത്വത്തിലുള്ള ഐക്യമുന്നണി സ്ഥാനാർഥിയായി  ആർ.എസ്.പി.യിലെ കെ.അബ്ദുൾഖാദർ. ഇ.എം.എസ്., എ.കെ.ജി., മന്ത്രിമാരായ കെ.കരുണാകരൻ, ബേബിജോൺ, ടി.വി.തോമസ് എന്നിവരെല്ലാം കണ്ണൂരിൽ ക്യാമ്പ്‌ചെയ്ത് പ്രവർത്തനം. കോർണർ യോഗങ്ങളിൽവരെ ഉന്നതനേതാക്കളുടെ പ്രസംഗം. ഇടതുപക്ഷത്തെ നയിച്ച് എം.വി.രാഘവനും കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിയെ നയിച്ച് എൻ.രാമകൃഷ്ണനും. 
തിരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പാണ് ട്രാൻസ്പോർട്ട് സമരവുമായി ബന്ധപ്പെട്ട് മട്ടന്നൂർ ചാവശ്ശേരിയിൽ നടന്ന ബസ് തീവെപ്പും കൊലപാതകവും പ്രചാരണത്തിൽ സി.പി.എമ്മിന് വലിയ തിരിച്ചടിയായി. മട്ടന്നൂരും ചാവശ്ശേരിയും ഉൾപ്പെട്ട  മണ്ഡലം. പ്രചാരണത്തിനിടയിൽത്തന്നെ സംഘർഷങ്ങൾ. വോട്ടെടുപ്പ് ദിവസം ഇരിക്കൂറിൽ വെച്ച് എം.വി.രാഘവൻ ആക്രമിക്കപ്പെടുകയും സാരമായ പരിക്കോടെ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഇ.കെ.നായനാർ 1822 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആർ.എസ്.പി.എന്ന പാർട്ടിയും മൺവെട്ടിയും മൺകോരി എന്ന ചിഹ്നവും മലബാർ മേഖലയിൽ വ്യപാകമായ പ്രചാരം നേടിയത് ഇരിക്കൂർ ഉപതിരഞ്ഞെടുപ്പോടെയാണ്. 

കാസർകോട്  ബി.എം.അബ്ദുറഹ്‌മാൻ

അടുത്ത ഉപ തിരഞ്ഞെടുപ്പ് കാസർകോട്ടും തലശ്ശേരിയിലുമായിരുന്നു- 1979-​േമയ് മാസം. കാസർകോട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ ടി.ഇ.ഇബ്രാഹിമിന്റെ മരണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇടതുപക്ഷത്തിന് വളരെ സ്വാധീനം കുറഞ്ഞ മണ്ഡലമായിരുന്നിട്ടും എൽ.ഡി.എഫ്. സ്ഥാനാർഥിയായ ബി.എം.അബ്ദുറഹ്‌മാൻ തിരഞ്ഞെടുക്കപ്പെട്ട അദ്ഭുതമാണ് അത്തവണ കാസർകോട്ടുണ്ടായത്. അഖിലേന്ത്യാ മുസ്‌ലിം ലീഗിലെ ബി.എം.അബ്ദുറഹഷ്‌മാനെ എതിർത്തത് അന്ന് അത്രയൊന്നും പ്രസിദ്ധനായിക്കഴിഞ്ഞിട്ടില്ലാത്ത സി.ടി.അഹമ്മദലിയാണ്. 1150 വോട്ടിനായിരുന്നു അഖിലേന്ത്യാ ലീഗിന്റെ വിജയം. അന്ന് തോറ്റ സി.ടി.അഹമ്മദലി പിന്നീട് തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 

തലശ്ശേരിയിൽ എം.വി.രാജഗോപാലൻ 

പാട്യം ഗോപാലന്റെ അകാല നിര്യാണത്തെത്തുടർന്നാണ് 1979 ​േമയ് മാസം തലശ്ശേരിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തലശ്ശേരിയിൽ ആർ.എസ്.എസ്-സി.പി.എം. സംഘർഷം വ്യാപകമാകാൻ തുടങ്ങിയ കാലമാണ്. സി.പി.എം. സ്ഥാനാർഥിയായി മത്സരിക്കുന്നത് തലശ്ശേരി ഏരിയാ സെക്രട്ടറി എം.വി.രാജഗോപാലൻ എന്ന രാജു മാസ്റ്റർ. രാഷ്ട്രീയ എതിരാളികളുടെ കടുത്ത ശത്രുവും  അനുയായികളുടെ ആരാധനാപാത്രവുമായ പ്രാദേശികനേതാവ്. വാശിയേറിയ തിരഞ്ഞെടുപ്പിൽ രാജഗോപാലൻ 20658 വോട്ടുനേടിയാണ് ജയിച്ചത്. 1977-ൽ പാട്യം ഗോപാലൻ 8493 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.ഐ.യിലെ കെ.ശ്രീധരനെ പരാജയപ്പെടുത്തിയതായിരുന്നു. രണ്ടുവർഷത്തിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ അത് 20000 കടക്കുകയായിരുന്നു. 

ഉദുമയിൽ കെ.പുരുഷോത്തമൻ

അടുത്ത തിരഞ്ഞെടുപ്പ്  ഉദുമയിലും പെരിങ്ങളത്തുമായിരുന്നു. ഉദുമ ഉപതിരഞ്ഞെടുപ്പ് പ്രത്യേകം ശ്രദ്ധേയമാകാൻ പല കാരണങ്ങളുണ്ടായിരുന്നു.  ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച എം.കുഞ്ഞിരാമൻ നമ്പ്യാർ എം.എൽ.എ. സ്ഥാനം രാജിവെച്ചതാണ്‌ ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 
1982-ലെ എട്ടാം കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിത്വം ആഗ്രഹിച്ച നമ്പ്യാർക്ക് ടിക്കറ്റ് കിട്ടിയില്ല. മുന്നണിയിലെ ധാരണ പ്രകാരം ലീഗിനായിരുന്നു സീറ്റ്. ഇതേത്തുടർന്നാണ് കുഞ്ഞിരാമൻ നമ്പ്യാർ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചത്. ആറായിരത്തഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം ജയിച്ചു. എന്നാൽ സ്വന്തം പാർട്ടിയായ കോൺഗ്രസിനെതിരെ സി.പി.എം. പിന്തുണയോടെ മത്സരിച്ച് ജയിച്ചത് വലിയ മനസ്സാക്ഷിക്കുത്തുണ്ടാക്കി. ഇതേത്തുടർന്നാണ് കുഞ്ഞിരാമൻ നമ്പ്യാർ രാജിവെച്ചത്.
ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞിരാമൻ നമ്പ്യാർ ഐക്യജനാധിപത്യമുന്നണിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകുന്ന അദ്ഭുതമാണ് പിന്നീട് കണ്ടത്. സി.പി.എം. പ്രമുഖ അഭിഭാഷകൻ കൂടിയായ കെ.പുരുഷോത്തമനെയാണ് രംഗത്തിറക്കിയത്. വാശിയേറിയ തിരഞ്ഞെടുപ്പിൽ കെ.പുരുഷോത്തമൻ അയ്യായിരത്തിൽപ്പരം വോട്ടിന് വിജയിച്ചു.  

പെരിങ്ങളത്ത്  ഇ.ടി.മുഹമ്മദ് ബഷീർ 

പെരിങ്ങളത്ത്  അഖിലേന്ത്യാ ലീഗിലെ എൻ.എ.എം. പെരിങ്ങത്തൂർ എന്നറിയപ്പെട്ട എൻ.എ.മമ്മു ഹാജി മരണപ്പെട്ടതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. എൽ.ഡി.എഫ്. സ്ഥാനാർഥിയായി അഖിലേന്ത്യാ ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീർ. യു.ഡി.എഫ്. സ്ഥാനാർഥിയായി യൂണിയൻ ലീഗിലെ പാണാറത്ത് കുഞ്ഞഹമ്മദ് ഹാജി. 
വലിയ ഭൂരിപക്ഷത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ വിജയിച്ചു. മാവൂർ ഗ്വാളിയർ റയൺസിലെ എസ്.ടി.യു. നേതാവായിരുന്ന ഇ.ടി.മുഹമ്മദ് ബഷീർ ആ തിരഞ്ഞെടുപ്പോടെയാണ് കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവായി ഉയരുന്നത്.  

തലശ്ശേരിയിൽ നായനാർ   

അടുത്തത് 1996-ലെ തലശ്ശേരി ഉപതിരഞ്ഞെടുപ്പാണ്. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രചാരണ നായകനായിരുന്ന ഇ.കെ.നായനാർ മത്സരിച്ചിരുന്നില്ല. 
മുന്നണി ജയിച്ചാൽ വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാനായിരുന്നു സി.പി.എം. തീരുമാനം. എന്നാൽ മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്.അച്യുതാനന്ദൻ പരാജയപ്പെടുകയും  എൽ.ഡി.എഫ്. ഭൂരിപക്ഷം നേടുകയും ചെയ്തു. ഇതേത്തുടർന്ന് നായനാർ മുഖ്യമന്ത്രിയായി. എം.എൽ.എ. അല്ലാത്ത നായനാർ മുഖ്യമന്ത്രി. ആറുമാസത്തിനകം നായനാർക്ക് നിയമസഭാംഗമായേ പറ്റൂ. നായനാർക്കായി കണ്ടെത്തിയ മണ്ഡലം തലശ്ശേരിയാണ്. 
തലശ്ശേരിയിൽനിന്ന്‌ കെ.പി.മമ്മുവിനെ രാജിവെപ്പിച്ച് നായനാർ അവിടെ മത്സരിക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് അഡ്വ. ടി.ആസഫലി യു.ഡി.എഫ്. സ്ഥാനാർഥി. 24501 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് നായനാർ മുഖ്യമന്ത്രിസ്ഥാനത്ത് തുടർന്നു.