ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച മഹാപണ്ഡിതന്മാരായ ഊരാച്ചേരി ഗുരുനാഥന്മാരുടെ നാട്ടിൽ ഒരു സർക്കാർ കലാലയം. അതാണ് 2014-ൽ ചൊക്ലിയിൽ  തുടങ്ങിയ തലശ്ശേരി ഗവ. കോളേജ്. അഞ്ചാംവർഷത്തിലേക്ക് ചുവടുവെയ്ക്കുമ്പോഴും ഭൗതികമായ സൗകര്യങ്ങളുടെ പരിമിതികളിൽ നിവർന്നു നിൽക്കാൻ വിഷമിക്കുകയാണീ കലാലയം. 
  ചൊക്ലി ഒളവിലത്തെ നാരായണൻപറമ്പിലെ റഹ്‌മാനിയ യത്തീംഖാനയുടെ വാടകക്കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തനം. 
കോളേജിനെ നാട്ടുകാർ രണ്ടുകൈയും നീട്ടിയാണ് വരവേറ്റത്. ജനകീയപങ്കാളിത്തത്തോടെ കർമസമിതി രൂപവത്കരിച്ചാണ് കലാലയം യാഥാർഥ്യമാക്കുന്നതിന് ചുക്കാൻ പിടിച്ചത്.  1.5 കോടി രൂപയാണ് കർമസമിതി പിരിച്ചെടുത്തത്.  ചൊക്ലിയിൽനിന്ന് മത്തിപ്പറമ്പ് റോഡിലെ തുളുവർകുന്നിൽ 5.50 ഏക്കർ വാങ്ങിയത് മാത്രമല്ല, ഇപ്പോഴുള്ള താത്കാലിക കെട്ടിടത്തിന്റെ വാടക നൽകുന്നതും കർമസമിതിയാണ്.  

നാലാം വർഷവും കെട്ടിടമായില്ല

    ക്ലാസ് മുറികളും രണ്ട് ഓഫീസ് മുറികളുമടങ്ങുന്ന താത്കാലിക കെട്ടിടനിർമാണം അവസാനഘട്ടത്തിലെത്തിനിൽക്കുകയാണ്. തൊട്ടടുത്തുതന്നെ രണ്ടു ബ്ലോക്കുകളിലായുള്ള സ്ഥിരം കെട്ടിടനിർമാണവും നടക്കുന്നുണ്ട്. 2016 നവംബർ 20-ന് പണി പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് അതേവർഷം ഓഗസ്റ്റിൽ കരാർ നൽകിയത്. എന്നാൽ ഒരുവർഷമായിട്ടും പണി ഇഴഞ്ഞുനീങ്ങിയതോടെ കർമസമിതി ഇടപെട്ടു. പണി നിർത്താൻ കരാറുകാരനോട് കർമസമിതി നിർദേശിച്ചു. ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ വടകരയിലെ നിർമാണക്കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. താത്‌കാലിക കെട്ടിടത്തിലേക്ക് അടുത്ത ഒന്നോരണ്ടോ മാസം കൊണ്ട് ക്ലാസുകൾ മാറ്റാനായേക്കുമെന്നാണ് പ്രതീക്ഷ.  

സ്ഥിരം അധ്യാപകരായി

ബി.എ.ചരിത്രം, ബി.കോം, ബി.സി.എ. കോഴ്‌സുകളാണ് ഇവിടെയുള്ളത്. ആദ്യബാച്ച് പഠനം പൂർത്തിയാക്കി കഴിഞ്ഞവർഷം പുറത്തിറങ്ങി. കഴിഞ്ഞവർഷം ബി.സി.എ.ക്ക് കണ്ണൂർ സർവകലാശാലയിൽ തന്നെ മികച്ച വിജയം ഈ കോളേജിനായിരുന്നു-88 ശതമാനം. രണ്ടാംസ്ഥാനത്തുള്ള കോളേജിനാകട്ടെ 64 ശതമാനം മാത്രം. സ്ഥിരം അധ്യാപകരുടെ കുറവായിരുന്നു കോളേജിനെ അലട്ടിയ പ്രധാന പ്രശ്നം. ഈ അധ്യയന വർഷത്തോടെ കംപ്യൂട്ടർ സയൻസിന് ഒഴികെയുള്ള വിഷയങ്ങൾക്കെല്ലാം സ്ഥിരം അധ്യാപകരായത് കോളേജിന് കരുത്താകും. 

മാസ്റ്റർ പ്ലാൻ അംഗീകരിക്കണം

കോളേജിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. സർക്കാർ അംഗീകരിച്ച് അതുപ്രകാരമുള്ള വികസനത്തിന് തുടക്കമാകുന്നതോടെ പൂർണതയിലേക്ക് കോളേജ് ചുവടുവെച്ച് തുടങ്ങും. 
*പെൺകുട്ടികൾക്ക് ഹോസ്റ്റൽ. കാസർകോട്, വയനാട് ജില്ലകളിൽനിന്നും മറ്റുമുള്ള കുട്ടികൾ ഇപ്പോൾ താമസസൗകര്യത്തിന് ഹോസ്റ്റലുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
* കോളേജിന്റെ കംപ്യൂട്ടർ ലാബ് പരിമിത സൗകര്യത്തിലാണ്. ലാബ് വിപുലമാക്കുകയും ഗ്രന്ഥാലയം വികസിപ്പിക്കുകയും വേണം.
*പുതിയ കോഴ്‌സുകൾ: ഇപ്പോൾ മൂന്ന് കോഴ്‌സുകളെയുള്ളു. സ്ഥിരം കെട്ടിടമാകുന്നതോടെ പുതിയ കോഴ്‌സുകൾ അനുവദിക്കേണ്ടതുണ്ട്.