മയ്യഴിയിലെ ആദ്യത്തെ ഗ്രന്ഥാലയത്തിന്‌ 100 വയസ്സ് തികയുമ്പോൾ പുതിയ കെട്ടിടത്തിലേക്ക്‌. ആധുനിക സൗകര്യങ്ങളോടെയും സജ്ജീകരണങ്ങളോടെയും നിർമിച്ച ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം ശനിയാഴ്ച നാടിന്‌ സമർപ്പിക്കും. 
  ബിബ്ലിയോ തീക്കെ പബ്ലിക്- ഡോൻ ഫയിറ്റ് പാർ അസോസിയേഷൻ എന്ന ഫ്രഞ്ച് നാമത്തിലാണ്‌ ഗ്രന്ഥാലയം അറിയപ്പെട്ടിരുന്നത്‌. ഫ്രഞ്ച് വിദ്യാലയമായ എക്കോൾ ആഞ്ചലേസ് ദ്‌ മാഹെ (പിന്നീട് ലബോർധനെസ് കോളേജ്) വിദ്യാർഥികൾ, മെമ്പേഴ്‌സ് ഓഫ് ലീഡിങ് സിറ്റിസൺസ് ഓഫ് ലേക്കാലിറ്റി എന്നീ കൂട്ടായ്മകൾ ചേർന്നാണ് 1918-ൽ ഗ്രന്ഥശാല തുടങ്ങിയത്.  1955 ഓഗസ്റ്റ്‌ 15-ന് ഗ്രന്ഥാലയം സർക്കാരിന് കൈമാറി. അന്നത്തെ ഓൾഡ് ബോയ്സ് അസോസിഷേൻ പ്രസിഡന്റ് ഡോ. വി.നാരായണനായിരുന്നു  മാഹി അഡ്മിനിസ്ട്രേറ്റർ സി.എസ്.ശേഷാദ്രിക്ക് ഗ്രന്ഥാലയം കൈമാറിയത്. കെട്ടിടം, പുസ്തകങ്ങൾ, ഫണ്ട് തുടങ്ങി എല്ലാ ആസ്തികളും അന്ന്‌ സർക്കാരിന് നൽകി. പുതുച്ചേരിയിലെ സെൻട്രൽ ലൈബ്രറിയുടെ നിലവാരത്തിൽ മാഹിയിലെ ഗ്രന്ഥാലയവും പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൈമാറ്റം.  
  പുതുച്ചേരി കലാസാംസ്കാരിക വകുപ്പിനു കീഴിലുള്ള പുതുച്ചേരിയിലെ റോമൻ റോളണ്ട് ലൈബ്രറിയുടെ കീഴിലാണ് മാഹി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ലൈബ്രറികളും ഇപ്പോൾ പ്രവർത്തിക്കുന്നത്.  
  പുതുച്ചേരി പൊതുമരാമത്ത് വകുപ്പാണ് കമനീയമായ ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്. ടാഗോർ പാർക്കിന് സമീപം ഫ്രഞ്ച് ശില്പമാതൃകയിൽ നിർമിച്ച ആധുനിക സൗകര്യങ്ങളുള്ള സർക്കാർ ഗ്രന്ഥപ്പുര ഇനി മയ്യഴിക്കാരെ വായനയുടെ അനന്തലോകത്തേക്ക് ആനയിക്കും. താഴത്തെ നിലയിൽ വായനശാലയും മുകളിലത്തെ നിലയിൽ ഗ്രന്ഥപ്പുരയുമാണ് പ്രവർത്തിക്കുക. 
   2011-ൽ തറക്കല്ലിട്ട കെട്ടിടം 85 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. ഇ.വത്സരാജ് മന്ത്രിയായിരിക്കെയാണ് ലൈബ്രറി നിർമാണത്തിന് തുകയനുവദിച്ചത്. വിവിധ ഭാഷകളിലായി 35000-ലേറെ പുസ്തകശേഖരങ്ങളാണ് ഈ ഗ്രന്ഥാലയത്തിലുള്ളത്. ഇതിൽ പതിനഞ്ചായിരത്തോളം മലയാളപുസ്തകങ്ങളും മൂവായിരത്തോളം ഫ്രഞ്ച് പുസ്തകങ്ങളും നാലായിരത്തോളം തമിഴ് ഗ്രന്ഥങ്ങളും പതിനായിരത്തോളം  ഹിന്ദി പുസ്തകങ്ങളും ഉൾപ്പെടും. മലബാർ മേഖലയിൽ ഇത്രയേറെ ഹിന്ദി പുസ്തകങ്ങളുള്ള ഗ്രന്ഥാലയം വേറെയില്ല. അമൂല്യങ്ങളായ നിയമപുസ്തകങ്ങളുടെ വൻ റഫറൻസ് ശേഖരവും ഇവിടെയുണ്ട്. കുട്ടികൾക്കും വനിതകൾക്കുമുള്ള പ്രത്യേക പുസ്തകശേഖരവും മറ്റൊരു ആകർഷണമാണ്.
    ഇരുപത് വർത്തമാനപത്രങ്ങളും അമേരിക്കൻ ടൈംസ്‌ ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള എൺപതോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനശാലയിലെത്തുന്നുണ്ട്. ഒട്ടേറെ ചരിത്ര പുസ്തകങ്ങളുൾപ്പെടെയുള്ള റഫറൻസിനുള്ള ഗ്രന്ഥങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്. ഉത്തരകേരളത്തിലെ ഒട്ടുമിക്ക ചരിത്രാന്വേഷകരും ഗവേഷകരും വിദ്യാർഥികളും ഉദ്യോഗാർഥികളും ഈ ലൈബ്രറിയിലെത്തുക പതിവാണെന്ന് മയ്യഴിയിലെ സാംസ്കാരിക വകുപ്പ് മേധാവിയും ലൈബ്രറി  ഇൻഫർമേഷൻ അസിസ്റ്റന്റുമായ എം.എ.കൃഷ്ണൻ പറഞ്ഞു.
    മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ തൊട്ട് മലയാളത്തിലെയും ഒപ്പം മയ്യഴിക്കാരായ ഗ്രന്ഥകാരന്മാരുടെയും രചനകളത്രയും ഇവിടത്തെ അലമാരകളിലുണ്ട്. ദൃശ്യമാധ്യമങ്ങളും ഇന്റർനെറ്റുമെല്ലാം പുത്തൻ തലമുറയുടെ വിജ്ഞാനമേഖല കൈയടക്കുമ്പോഴും നിത്യേന നൂറുകണക്കിന് വായനക്കാർ വന്നെത്തുന്ന ഗ്രന്ഥപ്പുരയായി മയ്യഴി പബ്ലിക്‌ ലൈബ്രറി നിലനിൽക്കുന്നുവെന്ന് സന്ദർശകപുസ്തകംതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാഹി മേഖലയിൽ ചാലക്കരയിലും പള്ളൂരിലും പന്തക്കലിലും ലൈബ്രറിയുടെ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. 29-ന് ഉച്ചയ്ക്ക്‌ 12-ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം മയ്യഴിക്ക് സമർപ്പിക്കും. സ്പീക്കർ വി.വൈദ്യലിംഗം, മന്ത്രി എ.നമശ്ശിവായം എന്നിവരും  സംബന്ധിക്കും.