മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കടവത്തൂർ വി.വി.യു.പി.സ്കൂൾ പുഴസംരക്ഷണയാത്ര നടത്തി. മയ്യഴിപ്പുഴയിലെ കല്ലാച്ചേരി കടവിലാണ് സംരക്ഷണയാത്ര നടത്തിയത്. 
  പുഴ ഇന്ന് പലതരത്തിലുള്ള ഭീഷണി നേരിടുകയാണ്.  അറവുമാലിന്യംതള്ളൽ, പ്ലാസ്റ്റിക്കുകൾ വലിച്ചെറിയൽ, മീനിനായി നഞ്ചുകലക്കൽ, മണൽവാരൽ തുടങ്ങി കുറെ പ്രശ്നങ്ങൾ പുഴയുമായി ബന്ധപ്പെട്ട് ചർച്ചചെയ്ത്‌ മനസ്സിലാക്കി.
 നാട്ടുകാരുടെ കൂട്ടായ്മയുണ്ടാക്കിയും അധികൃതർക്ക് പരാതികൊടുത്തും പുഴയെ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. സ്കൂൾ ലീഡർ വി.സി. ദേവിക  പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കോഴിക്കോട് ജില്ലയെയും കണ്ണൂർ ജില്ലയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട പാലം നിർമിക്കാൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് ക്ലബ് അംഗങ്ങൾ. സീഡ് കോ-ഓർഡിനേറ്റർ  കെ.എം. സുനലൻ, ടി.കെ. ശ്രീജിത്ത്, കെ.ഷൈനി, എൻ.കെ. രാഗുൽ, എൻ. സുജിഷ, എം. ഷിജേഷ് എന്നിവർ നേതൃത്വം നൽകി.

യുദ്ധവിരുദ്ധ സെമിനാറുമായി 
മണത്തണ സ്കൂൾ
ഹിരോഷിമദിനാചരണത്തിന്റെ ഭാഗമായി മണത്തണ ജി.എച്ച്.എസ്.എസ്സിലെ വായന ക്ലബ്ബും സീഡ് ക്ലബ്ബും സംയുക്തമായി യുദ്ധവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ലോകസമാധാനത്തിന് ഭാരതീയപൈതൃകം, യുദ്ധത്തിന്റെ നാൾവഴികൾ, ലോകസമാധാനത്തിന് സാഹിത്യത്തിന്റെ സംഭാവന, യുദ്ധം നാടിനാപത്ത്, ഇനിയൊരു യുദ്ധം വേണ്ട എന്നിങ്ങനെയുള്ള പ്രബന്ധങ്ങളാണ് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചത്.
പ്രഥമാധ്യാപിക പി.കെ.രുഗ്മിണി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ പി.എസ്.ദേവനന്ദ, ഷഹ്ന കാസിം, പി.ദേവനന്ദ, കെ.വി.ശിവാനി, ജിയ ജോസഫ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ശിഖ തോട്ടത്തിൽ മോഡറേറ്ററായി. അലൻ കുര്യൻ, അക്ഷയ് വിനോദ് , മുഹമ്മദ് സിനാൻ, അശ്വതി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സീഡ് കോ-ഓർഡിനേറ്റർ കെ. ആർ.തങ്കച്ചൻ, പി.എം.കേശവൻ, എൽ.ആർ.സജ്ന, അമൃത ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി.

ഇനിയൊരു യുദ്ധം വേണ്ട
ഓഗസ്റ്റ് ഒൻപത്‌ നാഗസാക്കിദിനാചരണം ഏര്യം വിദ്യാമിത്രം യു.പി. സ്കൂൾ ആചരിച്ചു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനായി പ്ലക്കാർഡുകളുമായി സീഡ് വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി.
                ഇതിന്റെ ഭാഗമായി കടകളിലും മറ്റുള്ള ആൾക്കാർക്കും കുട്ടികൾ നിർമിച്ച സഡാക്കോ കൊക്കുകൾ നൽകി. സൈക്കിൾ റാലി പ്രഥമാധ്യാപകൻ സി.പി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പ്രത്യുഷ്, കെ.സി. മനോജ്, ഒ.പി. കുഞ്ഞഹമ്മദ്, കെ.വി.സുഗേഷ്, കെ.സി.ഉഷ, ടി.മേരി മാത്യു, എം.കെ.ഗിരിജ എന്നിവർ പങ്കെടുത്തു.

ഡോക്ടേഴ്‌സ് ഡേ
മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഡോക്‌ടേഴ്‌സ്‌ ഡേ ആചരിച്ചു. സീഡ്, ഇക്കോ ക്ലബ്, ഭൂമിത്രസേന, ദേശീയ ഹരിതസേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രഥമാധ്യാപിക(ഇൻചാർജ്) പി.മിനി ഉദ്ഘാടനം 
ചെയ്തു. 
പാരമ്പര്യവൈദ്യൻ എൻ.ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി. ടി.എം.സുസ്മിത അധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ സി.കെ.രാധാകൃഷ്ണൻ, സി.ജീജ, സീഡ് കോ-ഓർഡിനേറ്റർ പി.വി.പ്രഭാകരൻ, പി.എസ്.ചൈതന്യ എന്നിവർ സംസാരിച്ചു.

 

കുട്ടികൾ തൊട്ടപ്പോൾ 
പാഴ്‌വസ്തുക്കളിൽ ജീവൻ
പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർഥികൾ ഉണ്ടാക്കിയ വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ച് ചെറുപുഴ ജെ.എം.യു.പി.സ്‌കൂൾ സീഡ് ക്ലബ്. വലിച്ചെറിയുന്ന വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് ഉപകാരമുള്ള വസ്തുക്കൾ ഉണ്ടാക്കാൻ വിദ്യാർഥികൾ രംഗത്തുവന്നു. പ്ലാസ്റ്റിക് കത്തിക്കാതെ പുതിയ ഉത്പന്നങ്ങളാക്കി. പ്ലാസ്റ്റിക് സഞ്ചികളും ഹാർഡ് ബോർഡും കരകൗശല വസ്തുക്കളായി പുനർജനിച്ചു.   കാടുവെട്ട് യന്ത്രം, യന്ത്രമനുഷ്യൻ, മിനി മോട്ടോർ ഫാൻ, ചവിട്ടി, പൂപ്പാത്രം, പെൻ- മെഴുകുതിരി സ്റ്റാൻഡ്‌, പലതരം വിളക്കുകൾ, മൺരൂപങ്ങൾ തുടങ്ങിയവയെല്ലാം വിദ്യാർഥികൾ ഉണ്ടാക്കി. 
  സീഡ് കോ-ഓർഡിനേറ്റർ പി.ലീന, എം.വി.ജിഷ, എ.ജയ, വിദ്യാർഥികളായ െസനിഗ മനോജ്, അനുദർശ്, നിരഞ്ജൻ, ശില്പ വർഗീസ്, മിത്ര രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

മധുര
വനം
ലോക പ്രകൃതിസംരക്ഷണദിനത്തിൽ കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ മധുരവനത്തിന് തുടക്കം കുറിച്ചു. 
കുട്ടികൾ വീടുകളിൽനിന്നു ശേഖരിച്ച പ്ലാവ്, മാവ് തുടങ്ങിയവയുടെ തൈകൾ ജൈവവൈവിധ്യപാർക്കിന് സമീപത്ത് നട്ടുപിടിപ്പിച്ചുകൊണ്ടാണ് തുടക്കംകുറിച്ചത്. മധുരവനത്തിൽ വ്യത്യസ്ത ഇനം പ്ലാവ്, മാവ് എന്നിവ നട്ടുപിടിപ്പിക്കാനാണ് ശ്രമം. സീഡ് കോ- ഓർഡിനേറ്റർ പി. നാരായണൻ നേതൃത്വം നൽകി.