കീച്ചേരിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം പരന്നതോട നാട്ടുകാർ ഭീതിയിലായി. ഞായറാഴ്ച രാത്രി 10 മണിയോടെ കീച്ചേരി ദേശീയ പാതയിൽ ശക്തി മെറ്റൽസിന്റെ സമീപത്തേക്ക് റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ടതായാണ് പ്രദേശവാസിയായ കാർ യാത്രക്കാരൻ പറഞ്ഞത്. തുടർന്ന് കീച്ചേരിയിലെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും വിവരം പോലീസിൽ  അറിയിക്കുകയും ചെയ്തു.. 
വിവരമറിഞ്ഞ് വളപട്ടണം പോലീസും സ്ഥലത്തെത്തി പ്രദേശമാകെ നിരീക്ഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തിങ്കളാഴ്ച രാവിലെ ഇരിട്ടിയിലുള്ള വനംവകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീം സ്ഥലത്തെത്തി പരിസരത്തും മറ്റും  വിശദമായ പരിശോധന നടത്തി. പുലിയുടെ കാൽപാടുകൾ ഒന്നുംതന്നെ കണ്ടെത്താനായില്ല. തൊട്ടടുത്ത ഫർണിച്ചർ കടയിലെ സി.സി.ടി.വി. ദൃശ്യവും പരിശോധിച്ചെങ്കിലും പുലിയുടേതെന്ന് കരുതുന്ന ഒരു തെളിവുകളും കണ്ടെത്താനായില്ല. 
കടുത്ത പേമാരിയും  ഉരുൾപൊട്ടലും ഉണ്ടായ സാഹചര്യത്തിൽ പുലിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്  പോലീസ് പറഞ്ഞു.  എന്നാൽ ചിലയിനം കാട്ടുപൂച്ചകൾ ഉണ്ടെന്നും അവ പുലിയുടെ ആകൃതിയിലാണെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു. ഇത്തരം കാട്ടുപൂച്ചയെ ആയിരിക്കാം കാർ യാത്രക്കാരൻ  കണ്ടതെന്ന നിഗമനത്തിലാണ്  വനം വകുപ്പ് ജീവനക്കാർ. 
ഈ പ്രദേശങ്ങളിൽ ഇത്തരം കാട്ടു പൂച്ചകൾ ധാരാളമുണ്ടെന്നും ഇവ ഉപദ്രവകാരികളല്ലെന്നും  അതിൽ  ഭയപ്പെടാനില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

വാട്സാപ്പിൽ പുലിയിറങ്ങിയതായുള്ള   വിവിധതരം ചിത്രങ്ങൾ പരന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നും പോലീസ്  അറിയിച്ചു. അത്തരം തെറ്റായ ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിക്കരുതെന്ന് പോലീസും  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  വളപട്ടണം സി.ഐ. എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം ഞായറാഴ്ച  രാത്രിയിലും  തിങ്കളാഴ്ച രാവിലെയും  നാട്ടുകാരുടെ ഭീതി അകാറ്റാനായി സ്ഥലത്ത് ക്യാമ്പ് ചെയ്തു. ഇരിട്ടിയിൽനിന്ന്‌ എത്തിയ വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് സ്കീമിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശശികുമാർ ചെങ്ങൽ വീട്ടിൽ, പി.പി.രാജീവൻ, വൈ.ഷിബു മോൻ, റിയാസ് മാങ്ങാട് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.