‘സ്വാതന്ത്ര്യദിനം ജന്മസാഫല്യം'- ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം എ.സി.കണ്ണൻ നായർ തന്റെ ഡയറിയിൽ കുറിച്ചുവെച്ച വാക്കുകൾ. ഇപ്പോൾ അദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ ഡൽഹിയിലെ ജവാഹർലാൽ മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ രാജ്യത്തിന്റെ വിലപ്പെട്ട വസ്തുശേഖരങ്ങളിലൊന്നായി സൂക്ഷിച്ചിട്ടുണ്ട്. വടക്കൻ മലബാറിലെ ഫ്യൂഡൽ ജന്മി തറവാട്ടിൽ ജനിച്ച ഏച്ചിക്കാനത്ത് ചിറക്കര കണ്ണൻനായർ എങ്ങനെയാണ് നമ്മുടെ മണ്ണിൽ പ്രിയപ്പെട്ടവനായത് എന്നറിയണമെങ്കിൽ അദേഹം പിന്നിട്ട ത്യാഗത്തിന്റെയും സഹനത്തിന്റെയും ഏടുകൾ മറിച്ചുനോക്കണം.
അളന്നാൽ തീരാത്ത നെല്ലും ധാന്യങ്ങളും എച്ചിക്കാനം ചിറക്കറത്തറവാട്ടിൽ കുന്നുകൂടിയപ്പോൾ അധഃസ്ഥിതരുടെയും പട്ടിണിക്കോലങ്ങളുടെയും ജീവിതഗതി മാറ്റുന്നതിലായിരുന്നു എ.സി.കണ്ണൻ നായർക്ക് താത്പര്യം. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് അയിത്തോച്ചാടനം ജീവിതവ്രതമായി അദ്ദേഹം ഏറ്റെടുത്തു. ഹരിജനങ്ങളെ നിശ്ചിത അകലത്തിൽ നിർത്തുകയും കളത്തിനു പുറത്തുള്ള മൺതറയിൽ കുഴി കുത്തി വാഴയില ഇറക്കിവെച്ച് കഞ്ഞിവീഴ്ത്തിയിരുന്ന കാലം. പാടത്ത് പണിക്കെത്തിയ ഹരിജനങ്ങളെ കണ്ണൻ നായർ വീട്ടിനകത്ത് വിളിച്ചുകയറ്റുകയും കൂടെയിരുത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. അതിലൊരു ഹരിജൻ ബാലനെ വീട്ടിൽ സ്ഥിരമായി താമസിപ്പിച്ചു.
മകനെ അതിരറ്റ് സ്നേഹിച്ചിരുന്ന കണ്ണൻ നായരുടെ അച്ഛൻ വലിയ ചാത്തുക്കുട്ടി നമ്പ്യാർക്കും അമ്മ ഉണ്ണിനങ്ങ അമ്മയ്ക്കും മകന്റെ നടപടി താങ്ങാവുന്നതിൽ അപ്പുറത്തായിരുന്നു. എങ്കിലും മകനെ വേദനിപ്പിക്കാൻ അവർ തയ്യാറായില്ല. ഖാദിപ്രസ്ഥാനവും മദ്യവർജനവും നാട്ടിൽ പ്രചരിപ്പിക്കാൻ രാപകൽ ഓടിനടന്ന കണ്ണൻ നായർ വളരെ വേഗത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നായകനായി ഉയരുന്നത് അവർ കണ്ടു. വിദ്വാൻ പി.കേളുനായരും കാമ്പ്രത്ത് രാമൻ എഴുത്തച്ചൻ (മഹാകവി പി.കുഞ്ഞിരാമൻ നായരുടെ അച്ഛൻ) സ്ഥിരമായി വീട്ടലെത്തിയിരുന്നതും ചർച്ചകൾ നടത്തിയിരുന്നതും അവർക്ക് ആശ്വാസത്തിന് കാരണമായി. ഇവർ മൂന്നുപേരും ചേർന്നാണ് കാഞ്ഞങ്ങാട് ആദ്യമായി കോൺഗ്രസ് പാർട്ടി രൂപവത്കരിച്ചത്.
കോൺഗ്രസിന്റെ സമരപരിപാടികൾക്ക് ഉത്തരമലബാറിൽ അന്ന് നേത്യത്വം കൊടുത്തതുകൊണ്ട് മുൻനിരയിലുണ്ടായിരുന്നവരിൽ പ്രമുഖർ കെ.മാധവൻ, മേലത്ത് നാരായണൻ നമ്പ്യാർ, മുഹമ്മദ് ഷെറൂൽ, കണ്ടിഗെ കൃഷ്ണഭട്ട്, ഉമേശ് ബാബു, കെ.എൻ.കൃഷ്ണൻ നമ്പ്യാർ, ശങ്കർജി, നാരന്തട്ട രാമൻനായർ, ടി.ഗോപാലൻ നായർ എന്നിവരായിരുന്നു. ഹോംറൂൾ ശാഖ കാഞ്ഞാങ്ങാട്ട് സ്ഥാപിക്കുന്നതിനും കണ്ണൻ നായർ നേതൃത്വം നൽകി. 1926-ൽ വിദ്വാൻ പി.കേളു നായർ വെള്ളിക്കോത്ത് സ്ഥാപിച്ച വിജ്ഞാനദായനി സ്കൂളിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് കണ്ണൻ നായരായിരുന്നു. കെ.ടി.കുഞ്ഞിരാമൻ നമ്പ്യാർ, പി.കെ.രാഘവപണിക്കർ, ദാമോദര ഭക്ത എന്നിവർ മറ്റ് അധ്യാപകരുമായിരുന്നു. ഇംഗ്ലീഷ് സാഹിത്യകൃതികൾ മലയാളത്തിലേക്ക് വിവർത്തനംചെയ്ത് സാഹിത്യത്തിലും കഴിവുതെളിയിച്ചു. 'ബാലഗോപാലം' നാടകം അവതരിപ്പിച്ച് സ്വാതന്ത്ര്യസമരത്തിന് പണം സ്വരൂപിച്ചു. ഹാസ്യസാഹിത്യത്തിലും തിളങ്ങി. 1928-ൽ പയ്യന്നൂരിൽ നടന്ന സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ തിളങ്ങിനിന്നപ്പോഴും സ്വന്തം സ്ഥാനമാനങ്ങൾക്കുവേണ്ടി അദ്ദേഹം കരുക്കൾനീക്കിയില്ല. എന്നാൽ കെ.ടി.കുഞ്ഞിരാമൻ നമ്പ്യാരെ കെ.പി.സി.സി. പ്രസിഡന്റാക്കുന്നതിൽ കണ്ണൻ നായർ മുൻ നിരയിലുണ്ടായിരുന്നു.
1927-ൽ ഗാന്ധിജിയുടെ ഉത്തരമലബാർ സന്ദർശനം അറിയിക്കാൻ വീടുകൾതോറും കയറിയിറങ്ങി പാട്ടുപാടി പ്രചാരണം നടത്തി. ഗാന്ധിജിക്കൊപ്പം ചെറുവത്തൂർ മുതൽ മംഗളൂരുവരെ തീവണ്ടിയിൽ കൂടെ യാത്രചെയ്തു. തന്റെ സ്വർണമോതിരവും 59 രൂപയും നൂലൂണ്ടയും ഗാന്ധിജിക്ക് സമ്മാനിച്ചു. പിന്നീട് ഗാന്ധിജിയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ നിരാഹാരസമരം നടത്തിയതിന് കണ്ണൻ നായർ മംഗളൂരു ജയിലിൽ അടക്കപ്പെട്ടു. കണ്ണൂരിൽ നടന്ന സൈമൺ കമ്മീഷൻ ബഹിഷ്കരണസമരത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ട് നിശാപാഠശാലകൾ ആരംഭിക്കാൻ വടക്കൻ കേരളത്തിൽ മുഴുവൻ ഓടിനടന്നു.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ആളുകൾക്ക് ബോധ്യപ്പെടുത്താൻ കഠിനാധ്വാനം ചെയ്തു. സ്വകാര്യ സ്വത്തുക്കൾ സമരപ്രവർത്തനങ്ങൾക്കുവേണ്ടി നിർലോഭം ചെലവഴിച്ചു. മക്കളുടെ ഫീസ് അടയ്ക്കുന്നതിനെക്കാൾ മനസ്സ് വ്യാകുലപ്പെട്ടത് ഹരിജനവിദ്യാർഥികളുടെ ഫീസ് അടയ്ക്കാൻ കഴിയാത്തതിലായിരുന്നു. പിന്നീട് ഔദ്യോഗികരംഗത്ത് ഉയരത്തിലെത്തിയ ഒരു ഹരിജൻ വിദ്യാർഥിയുടെ ഫീസടയ്ക്കാൻ പണം തികയാതെ വന്നപ്പോൾ ബന്ധുവായ മറ്റൊരു ജന്മിക്ക് കത്ത് കൊടുത്തയച്ച് പണം സംഘടിപ്പിച്ച ദിവസം അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചത് ഇപ്രകാരം- ഏറ്റവും സന്തോഷമുള്ള ദിവസം. ...ന്റെ ഫീസ് അടയ്ക്കാൻ സാധിച്ചു.
ഷഷ്ഠിപൂർത്തിയായപ്പോൾ കണ്ണൻ നായരുടെ ധനം ഏറെക്കുറെ തീർന്നു കഴിഞ്ഞിരുന്നു. അതിനെപ്പറ്റി അദ്ദേഹം ഡയറിയിൽ കുറിച്ചത് ഇപ്രകാരമാണ്- 'സ്വീകരണങ്ങളും സുവനീറും കൊട്ടും കുരവയുമെല്ലാതെ ആരുമാരും അറിയാതെ കഴിഞ്ഞുപോയ, ആഘോഷിക്കപ്പെടാതെ പോയ ഒരവസരം'.
'മാതൃഭൂമി'പത്രത്തിനുവേണ്ടി ഓഹരി പിരിക്കാൻ വന്നപ്പോൾ ഓഹരിയിൽ താത്പര്യമില്ലെന്ന് പറഞ്ഞ് 2000 രൂപ സംഭാവന നൽകി. അന്ന് ഒരു ഓഹരിക്ക് അഞ്ചുരൂപയായിരുന്നു വില. 'മാതൃഭൂമി' സ്വാതന്ത്ര്യസമരത്തിൽ ഏറ്റെടുത്ത ദൗത്യത്തെ ആദരിച്ചുകൊണ്ടായിരുന്നു കണ്ണൻ നായരുടെ ആ നിലപാട്. സ്വന്തമായതെല്ലാം നാടിനർപ്പിച്ച കണ്ണൻ നായർ ഇന്ന് ശാന്തമായി ഉറങ്ങുന്നു. ഒരിക്കൽപ്പോലും സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ അധികാരങ്ങൾക്കുവേണ്ടിയോ ആരുടെ മുന്നിലും ഓച്ഛാനിച്ച് നിൽക്കാതിരുന്ന ഭാരതത്തിന്റെ ആ ധീരപുത്രൻ നാടിന്റെ സ്മരണകളിലെങ്കിലുമുണ്ടാവാൻ അർഹിക്കുന്ന സ്മാരകം ഉയരണം. അതിന് ഭരണകൂടങ്ങൾ മുന്നിട്ടിറങ്ങണം.