'ഗുഡ് ലക്ക് ടു എവരിബഡി' ( Good Luck to everybody) മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ആദ്യവാചകമാണിത്. മലയാളത്തിലെ ആദ്യ സംസാരസിനിമയായ ബാലനിലെ ആദ്യ സംഭാഷണമായിരുന്നു അത്. മലയാളസിനിമ ലോകത്തോളം വളർന്ന ഇക്കാലത്ത് ബാലൻ എന്ന ബ്ലാക്ക് ആൻഡ്‌ വൈറ്റ് സിനിമയെ ഓർക്കാൻ മലയാളസിനിമയുടെ പുതിയ തലമുറയ്ക്ക് താത്‌പര്യം ഉണ്ടാവില്ല. എങ്കിലും ഈ വർഷം എൺപതാം വാർഷികം ആഘോഷിക്കുന്ന ബാലൻ സിനിമയിലെ പ്രധാന നടൻ സി.ഒ.എൻ.നമ്പ്യാരെന്ന കണ്ണൂരുകാരനെ അഭിമാനത്തോടെ മാത്രമേ നമുക്ക് ഓർക്കാൻ കഴിയൂ. 
സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുള്ള ഈ നടന്റെ മകൻ എം.വി.പവിത്രൻ അഭിനയവും സ്വാതന്ത്ര്യസമരവും നെഞ്ചോടുചേർത്ത അച്ഛന്റെ ഓർമകളിൽ അഭിമാനിക്കുന്നു.
കണ്ണൂർ ചക്കാട്ട് ഒതയോത്ത് നാരായണൻ നമ്പ്യാർ എന്ന സി.ഒ.എൻ.നമ്പ്യാർ ബാലനിലെ ബാരിസ്റ്റർ പ്രഭാകരനെന്ന മുഖ്യകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കല്യാശ്ശേരിയിലെ രാമപുരത്ത് നാരായണൻ നമ്പ്യാരുടെ മകൻ. 1903-ലായിരുന്നു ജനനം. കണ്ണൂർ ഗവ. ഹൈസ്കൂളിലെ പഠനത്തിനുശേഷം എറണാകുളം മഹാരാജാസിൽനിന്ന് ബി.എ. ഇക്കണോമിക്സിൽ ബിരുദം നേടി.
ആദ്യം സ്വാതന്ത്ര്യസമരത്തിൽ
ഗാന്ധിജിയുടെ വലിയ ഭക്തനായിരുന്നു നമ്പ്യാർ. ആത്മാർഥതയുള്ള കോൺഗ്രസുകാരൻ. ഡിഗ്രി അവസാനവർഷമായപ്പോൾ  രാഷ്ട്രീയത്തിലിറങ്ങി. കേളപ്പജിയോടും മൊയാരത്ത് ശങ്കരനോടുമുള്ള സൗഹൃദം സ്വാതന്ത്ര്യസമരത്തിലിറങ്ങാൻ പ്രചോദനമായി. വട്ടമേശസമ്മേളനം കഴിഞ്ഞ് ഗാന്ധിജിയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് ആന്ധ്രയിലെ കാളഹസ്തിയിൽവെച്ച് അറസ്റ്റുചെയ്യപ്പെട്ട നമ്പ്യാർ വെല്ലൂർ, തിരുപ്പതി, തിരുച്ചിറപ്പിള്ളി ജയിലുകളിൽ തടവനുഭവിച്ചു. മദിരാശി ഗൂഢാലോചനക്കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെവിട്ടു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് താമ്രപത്രവും പെൻഷനും ലഭിച്ചിരുന്നു.
സിനിമയിലേക്ക്
ജയിൽവാസത്തിനുശേഷം നാട്ടിലെത്തിയപ്പോഴാണ് മോഡേൺ തീയറ്റേഴ്സിന്റെ പത്രപ്പരസ്യം കണ്ട് സിനിമാനടനാകാൻ അപേക്ഷ അയച്ചത്. പല പോസുകളിലുമുള്ള ഫോട്ടോകളെടുത്ത് അയച്ചുകൊടുത്തു. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ നമ്പ്യാർക്ക് അവസരം ലഭിച്ചു. ടി.ആർ.സുന്ദരമായിരുന്നു നിർമാതാവ്. എസ്.നൊട്ടാണി സംവിധായകനും. 
കോട്ടയം കമലയെന്ന എം.കെ.കമലമ്മയാണ് ബാരിസ്റ്റർ പ്രഭാകരനെന്ന നമ്പ്യാരുടെ കഥാപാത്രത്തിന്റെ ഭാര്യയായി നായികാവേഷത്തിലെത്തിയത്. കെ.കെ.അരൂർ, ആലപ്പി വിൻസന്റ്, കെ.എൻ.ലക്ഷ്മിക്കുട്ടി, എ.ബി.പയസ്, മാസ്റ്റർ മദൻ ഗോപാൽ എന്നിവരും മുഖ്യവേഷങ്ങളിലെത്തി.
1937-ൽ സേലത്തെ മോഡേൺ സ്റ്റുഡിയോയിലായിരുന്നു ബാലന്റെ പിറവി. അടുത്തവർഷം ചിത്രം പ്രദർശനത്തിനെത്തി. അഞ്ച്‌ പ്രിൻറുകളിലായാണ് ചിത്രം പകർത്തിയത്. 50 രൂപ അഡ്വാൻസ് കൈപ്പറ്റിയാണ് നിർമാതാവ് എ.സുന്ദരവുമായി നമ്പ്യാർ എഗ്രിമെന്റ് ഒപ്പുവെച്ച് അഭിനയിക്കാൻ തുടങ്ങിയത്. ഒരുവർഷത്തിലേറെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ബാലനുശേഷമാണ് ശബ്ദസിനിമയെന്ന വിപ്ലവകരമായ മുന്നേറ്റം മലയാളസിനിമയിൽ ഉണ്ടായത്.
 ബാലനുശേഷം
 അപ്പൻ തമ്പുരാന്റെ ഭൂതരായരിൽ അഭിനയിക്കാനായിരുന്നു നമ്പ്യാരുടെ അടുത്ത നിയോഗം. മലയാളിയല്ലാത്ത സംവിധായകനുവേണ്ടി ഭൂതരായർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും നമ്പ്യാർതന്നെ. സാമ്പത്തികപ്രയാസം കാരണം ചിത്രത്തിന്റെ പണി മുടങ്ങിയതോടെ നമ്പ്യാർ സിനിമാരംഗത്തുനിന്ന് ഉൾവലിഞ്ഞു. സ്വാതന്ത്ര്യലബ്ദിയോടെ രാഷ്ട്രീയത്തിൽനിന്ന്‌ പൂർണമായി മാറിനിന്നു.
പലവിഷയങ്ങളിലും പാണ്ഡിത്യമുണ്ടായിരുന്നു നമ്പ്യാർക്ക്. സംസ്കൃതവും ജ്യോതിഷവും നന്നായി അറിയാമായിരുന്നു. കണക്കായിരുന്നു ഇഷ്ടവിഷയം. 
മലബാറിലെ പല സ്കൂളുകളിലും കണക്ക് അധ്യാപകനായി ജോലിചെയ്തിരുന്ന അദ്ദേഹം വാരം യു.പി.സ്കൂളിൽനിന്ന് പ്രഥമാധ്യാപകനായാണ് വിരമിച്ചത്.
ഏകാന്തതയെ 
സ്നേഹിച്ച ഒരാൾ
സി.ഒ.എൻ.നമ്പ്യാർ മൂന്ന് വിവാഹം കഴിച്ചിരുന്നു. തിരൂർ കീഴേടത്ത് പാഞ്ചാലിക്കുട്ടിയാണ് ആദ്യ ഭാര്യ. തുടർന്ന് തലശ്ശേരിക്കാരി കുഞ്ഞുലക്ഷ്മിയമ്മയെ വിവാഹം ചെയ്തു. രണ്ടു വിവാഹത്തിലുമായി അഞ്ചു മക്കൾ. മൂന്നാം ഭാര്യയായ കുട്ടിപ്പാറുവിലുണ്ടായ ഏക മകനാണ് പവിത്രൻ. 
ഏകാന്തപഥികനെപ്പോലെ ഭാര്യമാരിൽ നിന്നകന്ന് കണ്ണൂർ കാപ്പാട് പുല്ലഞ്ചേരി തറവാട്ടിൽ സഹോദരി നാരായണിയോടൊപ്പമായിരുന്നു അവസാന കാലം. 1990 ഡിസംബർ 22-ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

അവഗണിക്കപ്പെട്ട ചരിത്രപുരുഷൻ
ഒരു സ്വാതന്ത്ര്യസമര സേനാനിയായിട്ടും കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ സി.ഒ.എൻ.നമ്പ്യാരുടെ പേര് അടയാളപ്പെട്ടിട്ടിട്ടില്ല. 1998-ൽ ഫിലിമോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ബാലനിലെ അഭിനേതാക്കളെ ആദരിച്ചിരുന്നു. 
ആ ദിവസം തന്റെ സ്വാതന്ത്ര്യസമര പെൻഷനു വേണ്ടി നമ്പ്യാർ കണ്ണൂരിലെ ട്രഷറിയിൽ ക്യൂവിലായിരുന്നു. നീണ്ട 30 വർഷം അന്യാധീനപ്പെട്ട കുടുംബ സ്വത്തിനുവേണ്ടി കോടതിവരാന്തകളിൽ ചെലവഴിക്കേണ്ടിയും വന്നു അദ്ദേഹത്തിന്.
   ബാലനിലെ പ്രധാന കഥാപാത്രം നമ്പ്യാർ അവതരിപ്പിച്ച ബാരിസ്റ്റർ പ്രഭാകര മേനോനായിരുന്നു. കഥയിലെ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത് ബാരിസ്റ്റർ പ്രഭാകരമേനോനെ കേന്ദ്രീകരിച്ചായിരുന്നു. 
പ്രഭാകരമേനോൻ നായിക സരസയെ വിവാഹം കഴിക്കുന്നതോടെയായിരുന്നു സിനിമ അവസാനിക്കുന്നത്. പ്രധാന കഥാപാത്രമായിരുന്നിട്ടും ആദ്യനായകനായി കെ.കെ.അരൂരിനെയാണ് പലയിടത്തും രേഖപ്പെടുത്തിയതെന്ന് മകൻ പവിത്രൻ പറയുന്നു. ബാലന്റ ചരിത്രത്തെപ്പറ്റി ആർ.ഗോപാലകൃഷ്ണൻ എഴുതിയ good Luck to every body എന്ന പുസ്തകത്തിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്‌.
പഞ്ചായത്ത് ജീവനക്കാരനായി വിരമിച്ച പവിത്രൻ അച്ഛനെക്കുറിച്ച് ലേഖനങ്ങൾ വന്ന പഴയ സിനിമാമാഗസിനുകളും പത്രങ്ങളും ഇന്നും നിധിപോലെ സൂക്ഷിക്കുന്നു.

 

അറിയപ്പെടാത്ത ദുരന്തകഥ

ബാലൻ സിനിമ ഒരു സിനിമാക്കഥ പോലെ അതുമായി ബന്ധപ്പെട്ടവർക്ക് നിർഭാഗ്യകരമായ ജീവിതമാണ് സമ്മാനിച്ചതെന്നാണ് യാഥാർഥ്യം. മുഖ്യനടൻ നമ്പ്യാർക്ക് 30 വർഷം കോടതി കയറിയിറങ്ങേണ്ടി വന്നപ്പോൾ നായിക കമലത്തിന് കടുത്ത ദാരിദ്ര്യത്തിലായിരുന്നു പിന്നീട് ജീവിതം. ആദ്യനായികയുമായി ഒളിച്ചോടിയ കഥാകൃത്ത്, എങ്ങോട്ട് പോയെന്ന് ബന്ധുക്കൾക്കുപോലും അറിയാത്ത സഹനടൻ, സാമ്പത്തികപരാധീനതകളുമായി മരിച്ച തിരക്കഥാകൃത്ത്, ഏതോ നാട്ടിൽ ആരുമറിയാതെ മരിച്ച വില്ലൻ, പാപ്പരായി തീർന്ന എഡിറ്റർ എന്നിങ്ങനെ പോകുന്നു ആ ദുരന്തചിത്രത്തിന്റെ ബാക്കിപത്രം. നിർമാതാവും സംവിധായകനും ഛായാഗ്രാഹകനും മാത്രമാണ് രക്ഷപ്പെെട്ടന്നത് ചരിത്രം.