അപൂർവമായ ചോരക്കട്ടി ഭഗവതി എന്ന  രൗദ്രമൂർത്തിയെ കെട്ടിയാടുന്ന ഒരേയൊരു കോലക്കാരനാണ് ലക്ഷ്മണൻ കുരിക്കൾ. ഇതുപോലെ പുലയവംശവീരനായ പുലിമറഞ്ഞതൊണ്ടച്ചൻ, വെള്ളൂർ വിരുന്തൻ, വീരപൂർവികരായ പനയാർ കുരിക്കൾ, മരുതിയോടൻ കുരിക്കൾ, ചോരക്കളത്തിൽ ഗുരുനാഥൻ, ചിറ്റോത്ത് കുരിക്കൾ, കോയി കുരിക്കൾ തുടങ്ങിയവ കെട്ടിയാടാൻ ക്ഷണിക്കപ്പെടുന്ന കോലക്കാരനാണ് ഇദ്ദേഹം. പട്ടുവത്തെ പ്രശസ്ത തെയ്യക്കാരനായ കോറോക്കുടിയൻ കാഞ്ഞന്റെയും തല്പരിയൻ നാരായണിയുടെയും മകനായ ലക്ഷ്മണൻ തെയ്യക്കാരനെന്ന കുരിക്കൾപദവി നേടുന്നത് 18-ാം വയസ്സിലാണ്. തുടർന്നിങ്ങോളം ആ കലാസപര്യയിലാണ് ജീവിതം.
  തന്റെ കുലത്തൊഴിലിനെ ​െനഞ്ചോടു ചേർത്തുപിടിക്കുന്ന ലക്ഷ്മണൻകുരിക്കൾ ആധാരമെഴുത്തുകാരനാണ് തളിപ്പറമ്പുകാർക്ക്. പക്ഷേ ആ ഗാനധാരയുടെ തെളിമയും തുടിവാദ്യവാദനസാമർഥ്യവും തെയ്യാട്ടത്തിലെ പകർന്നാട്ടവും ആരെയും വിസ്മയിപ്പിക്കും.
   അൻപത്തൊന്നുവയസ്സുകാരനായ ലക്ഷ്മണൻ  കുരിക്കൾ പതിനഞ്ചാം വയസ്സിലാണ് ഭരണൂൽ ഭഗവതിക്കാവിൽ ആദ്യതെയ്യക്കോലമായ കാൽപ്പെരുമാറ്റ് തിരുവപ്പന കെട്ടിയാടിയത്. തുടിവാദ്യ വാദനത്തിലും തോറ്റംപാട്ടിലും അഗ്രഗണ്യനായ കുരിക്കൾക്ക് തെയ്യക്കാലമായാൽ ഉറക്കമില്ലാത്ത രാവുകളാണ്. അടുത്തും അകലെയുള്ള കാവുകളിലെല്ലാം ലക്ഷ്മണൻ  കുരിക്കളുടെ തോറ്റാലാപനവും ഇന്ന് അനിവാര്യമായിരിക്കുന്നു. കാരണം തൊണ്ണൂറ്ു ശതമാനം തെയ്യങ്ങളുടെയും സുദീർഘങ്ങളായ തോറ്റംപാട്ടുകൾ ഹൃദിസ്ഥമായ ഒരേയൊരു പ്രതിഭയാണദ്ദേഹം.
പരമ്പരാഗതമായ ഒട്ടേറെ ആചാരാനുഷ്ഠാനങ്ങൾ കടന്നുവേണം പുലയകലാകാരൻ പൂർണതയിലെത്താൻ. മണിക്കൂറുകൾ നീണ്ടുനില്ക്കുന്ന അരങ്ങാറ്റം തോറ്റം അപ്പോഴേക്കും ആ യുവാവ് ഹൃദിസ്ഥമാക്കിയിട്ടുണ്ടാവണം. പൂപ്പാട്ട്, കൂത്തുപാട്ട്, തുടങ്ങിയവ കഴിഞ്ഞാണ് അരങ്ങാറ്റ് കോലം തിമർത്താടുക. അരങ്ങാറ്റ് കഴിഞ്ഞാൽ അരപ്പുലയൻ എന്നാണ് ചൊല്ല്.
തനി നാടോടിശൈലിയിലുള്ളതും അകൃത്രിമസുന്ദരവുമാണ് പുലയത്തെയ്യങ്ങൾ. തിരിയോല, വാഴപ്പോള, അരിച്ചാന്ത്, മഞ്ഞൾപ്പൊടി, കരി, തെച്ചിപ്പൂ തുടങ്ങിയവയാണ് ചമയവസ്തുക്കൾ. 
ഉതിരച്ചാമുണ്ഡി, ഉച്ചാർഗുളികൻ, ഉച്ചാർ പൊട്ടൻ, കരിഞ്ചാമുണ്ഡി, കലിയൻ, കലിച്ചി, കാരണോൻ, കാലിച്ചാൻ, കുഞ്ഞാർ കുറത്തി, കല്ലന്താറ്റു ഭഗവതി, തമ്പുരാട്ടി, തിരുവപ്പൻ, കുട്ടിച്ചാത്തൻ, പടമടക്കി, ഈറ്റുമൂർത്തി , പുലിമറഞ്ഞ കുരിക്കൾ, വെള്ളൂർ വിരുന്തൻ, മരുതിയോടൻ കുരിക്കൾ തുടങ്ങി 'ഒന്നൂറേ നാല്പതു' തെയ്യങ്ങളുണ്ടിവർക്ക്.
      കേരളക്കരയുടെ ആദിദ്രാവിഡസംസ്കാരത്തിന്റെ ഈടുവെപ്പുകളാണ് പുലയത്തെയ്യങ്ങളെന്ന് ഗവേഷകനായ ഡോ. ആർ.സി. കരിപ്പത്ത് അഭിപ്രായപ്പെടുന്നു.