'എന്റെ മുത്തപ്പാ  രക്ഷിക്കണേ' എന്ന് ഉള്ളുരുകി വിളിക്കുന്ന ആരെയും മുത്തപ്പൻ കൈവെടിയില്ല എന്ന് ഉറച്ചുവിശ്വസിക്കുന്ന എണ്ണമില്ലാത്തവരുടെ ഏറ്റവും ഉത്തമ തീർഥാടകകേന്ദ്രമാണ് പറശ്ശിനിക്കടവ് മടപ്പുര മുത്തപ്പൻ ക്ഷേത്രം. ഡിസംബർ രണ്ടിന് രാവിലെ നടക്കുന്ന കൊടിയേറ്റത്തോടെ  തുടങ്ങുന്ന ഉത്സവാഘോഷം ഡിസംബർ ആറിന് നടക്കുന്ന കലശാട്ടത്തോടെ സമാപിക്കും.

ഉത്സവത്തിനു മുന്നോടിയായി ക്ഷേത്രത്തിന്റെ വിവിധ അവകാശികളായ പെരുവണ്ണാൻ, പെരുന്തട്ടാൻ, പെരുംകൊല്ലൻ, വിശ്വകർമൻ, മൂശാരി എന്നിവരുടെ നേതൃത്വത്തിൽ പുതുക്കിയ തിരുമുടി, കച്ച, ഉടയാടകൾ, സ്വർണം, വെള്ളി ആഭരണങ്ങൾ, തിരുവായുധങ്ങൾ എന്നിവ സമർപ്പിക്കുന്ന ചടങ്ങുകളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. കൊടിയേറ്റത്തിന് മുന്നോടിയായി പുണ്യാഹം തളിക്കലും ഗണപതിഹോമവും നടക്കും. ക്ഷേത്രം മടയൻ പി.എം.മുകുന്ദന്റെ  സാന്നിധ്യത്തിൽ ക്ഷേത്രംതന്ത്രി മാടമനയില്ലത്ത് തമ്പ്രാക്കൾ ഡിസംബർ രണ്ടിന് രാവിലെ ഒൻപതുമണിക്കും 9.37-നും ഇടയിൽ അഞ്ചുദിവസത്തെ മഹോത്സവത്തിന് തുടക്കം കുറിക്കും.
മഹോത്സവ ചടങ്ങുകൾ 

ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് പറശ്ശിനി മടപ്പുര തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നിവേദ്യ സാധനങ്ങൾ  ശ്രീകോവിലിൽ സമർപ്പിക്കും. തുടർന്ന് 2.30-ന് മലയിറക്കവും മൂന്നുമുതൽ പൂർവിക ആചാരപ്രകാരം തയ്യിൽ തറവാട്ടുകാർ ആയോധനകലാഭ്യാസത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്യും. തെക്കരുടെ വരവ് എന്ന് അറിയപ്പെടുന്ന കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ വർണപ്പകിട്ടാർന്ന കാഴ്ചവരവുകളും പിന്നീട് പ്രവേശിക്കും. സന്ധ്യക്ക് മുത്തപ്പൻ വെള്ളാട്ടം പുറപ്പെടും. രാത്രി 11 മണിക്ക് കുന്നുമ്മൽ തറവാട്ടിൽനിന്ന്‌ ക്ഷേത്രത്തിലേക്ക് കലശം എഴുന്നള്ളിപ്പും നടക്കും.
മൂന്നിന് രാവിലെ മഹോത്സവനാളിലെ ആദ്യ തിരുവപ്പന ആറുമണിക്ക് തുടങ്ങും. രാവിലെ 11.30 വരെ ഭക്തർക്ക് ദർശനം നൽകും. തുടർന്ന് ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രവേശിച്ച വരവുകാരെ തിരിച്ചയക്കുന്ന ചടങ്ങ് നടക്കും. തുടർന്ന് ഡിസംബർ 3, 4, 5 തീയതികളിൽ വൈകുന്നേരം വെള്ളാട്ടവും 4, 5 തീയതികളിൽ രാവിലെ തിരുവപ്പന വെള്ളാട്ടവും നടക്കും. ആറിന് രാവിലെ മഹോത്സവ ചടങ്ങുകൾ അവസാനിക്കുമെങ്കിലും തുടർന്ന് എല്ലാ ദിവസവും പുലർ​െച്ച തിരുവപ്പനയും വൈകുന്നേരം വെള്ളാട്ടവും നടക്കും.
അനുബന്ധ പരിപാടികൾ 

മഹോത്സവത്തിന്റെ ഭാഗമായി നിരവധി അ നുബന്ധ പരിപാടികളും നടക്കും.
ഡിസംബർ 5, 6, 7 തീയതികളിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗത്തിന്റെ നേതൃത്വത്തിൽ പ്രമുഖ കഥകളി കലാകാരന്മാരെ ഉൾപ്പെടുത്തി കഥകളി നടക്കും.
പറശ്ശിനിക്കടവ് മുത്തപ്പൻ സേവാസമിതിയുടെ നേതൃത്വത്തിൽ ഡിസംബർ അഞ്ചിന് വൈകുന്നേരം ആന്തൂർ പുതിയഭഗവതി ക്ഷേത്രത്തിൽനിന്ന്‌ ഘോഷയാത്ര പുറപ്പെടും. കമ്പിൽക്കടവ്, കൊവ്വൽ വഴി  മുത്തപ്പൻ ക്ഷേത്രസന്നിധിയിൽ സമാപിക്കും.
പറശ്ശിനിക്കടവ് കച്ചവടക്ഷേമസംഘവും വിപുലമായ ഉത്സവാഘോഷ പരിപാടികൾ നടത്തും. ഡിസംബർ നാലിന് രാത്രി ഏഴുമണിക്ക് നൃത്തം, ഗാനമേള, കോമഡി എന്നിവ കോർത്തിണക്കി സൂപ്പർ മെഗാഷോയും നടത്തും
ക്ഷേത്രപ്പെരുമ

ഭക്തിയുടെ അതിനിർവൃതിയും മനംനിറയെ സംതൃപ്തിയും സമാധാനവുമേകുന്ന ഉത്തമ തീർഥാടനകേന്ദ്രവും പുണ്യക്ഷേത്ര ഭൂമി കൂടിയാണ് പറശ്ശിനി മുത്തപ്പൻ ക്ഷേത്ര സങ്കേതം. തിരുവപ്പനയും വെള്ളാട്ടവും നേരിൽ ദർശിച്ച് അനുഗ്രഹം വാങ്ങുന്നതോടൊപ്പം സൗജന്യമായി ഭക്ഷണവും താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്നതും ഏറ്റവും വലിയ പ്രത്യേകത കൂടിയാണ്. 
    ഇവിടെ നിത്യേന എത്തുന്ന ജാതി/മത/വർഗഭേദ​െമന്യേയുള്ള  ആയിരക്കണക്കിനാളുകൾക്ക് ലഭിക്കുന്നത് എന്തെന്നില്ലാത  ഉന്മേഷമാണെന്നാണ് ഏറ്റവും വലിയ പ്രത്യേകത.
തെയ്യങ്ങളുടെ നാടിനു നടുവിൽ പറശ്ശിനി മടപ്പുര ക്ഷേത്രം തലയുയർത്തി നിൽക്കുന്നത് തന്നെ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗം കൂടിയാണ്.
പറശ്ശിനി മടപ്പുരയിലെ ആരാധനാരീതിയും പൂജാരീതികളും വ്യത്യസ്തമാണ്. ബിംബാരാ ധനയ്ക്കോ നിത്യപൂജയ്ക്കോ അല്ല മുഖ്യം. കെട്ടിയാടുന്ന കോലങ്ങളാണ് വിശ്വാസികൾക്ക്  ശരിയായ ദൈവരൂപം.
ക്ഷേത്രപൂജാരി മടയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. മൂന്ന് താവഴിക്കാരാണ് ക്ഷേത്രത്തിലെ മടയൻ. മടപ്പുരയിലെ മരുമക്കളിൽ മുതിർന്ന പുരുഷൻ ആരാണോ അവർക്കായിരിക്കും മടയന്റെ അവകാശം. നിലവിൽ പി.എം.മുകുന്ദൻ മടയനാണ് ഈ സ്ഥാനം അലങ്കരിക്കുന്നത്. 2008 ഡിസംബറിലാണ് സ്ഥാനാരോഹണം നടന്നത്.
പാരമ്പര്യമായി അവകാശം കിട്ടിയ പെരുവണ്ണാന്മാരാണ് മുത്തപ്പന്റെ കോലം കെട്ടിയാടുന്നത്. വാദ്യക്കാരും ഈ രീതിയിൽത്തന്നെ നിയോഗിക്കപ്പെട്ട പാരമ്പര്യ അവകാശികളാണ്.
അന്നദാനവും പ്രസാദവും

നിത്യേന ക്ഷേത്രസന്നിധിയിലെത്തുന്ന
എല്ലാ ഭക്തർക്കും രണ്ടുനേരം ഊണും രാവിലെ 7.30 മുതൽ രാത്രി എട്ടുമണിവരെ ചായയും മുത്തപ്പൻ പ്രസാദവും നൽകും.ഊൺ ഉച്ചയ്ക്ക് 12.15 മുതൽ 2.30 വരെയും രാത്രി 8.30 മുതൽ ആവശ്യക്കാർ തീരുന്നത് വരെയും ഭക്ഷണം നൽകും. എത്ര ഭക്ത ജനങ്ങൾ എത്തിയാലും ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണവും ഊട്ടുപുരയിൽ പൂർത്തിയാക്കിയിട്ടുണ്ട്.
മുത്തപ്പൻ പെരുമ

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റു ഉച്ചനീചത്വങ്ങളും നിറഞ്ഞുനിന്ന കാലഘട്ടത്തിൽ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിച്ചത് മുത്തപ്പനാണെന്നാണ് വിശ്വാസം. 
അങ്ങനെ വലിയ വിഭാഗം സാമാന്യജനങ്ങൾ ഗുരുവായും ഇഷ്ട​േദവനായും കുല ദൈവമായ ദേശത്തെ കാക്കുന്നവനായും കണ്ട് മുത്തപ്പനെ ആരാധിക്കുന്നു. മുത്തപ്പ സന്നിധിയിൽ പണ്ഡിത പാമര വ്യത്യാസമോ ധനിക-ദരിദ്രവ്യത്യാസമോ ഇല്ല. എല്ലാ വിഭാഗവും ക്ഷേത്രസന്നിധിയിലെത്തുന്നു. ''കൂടെനിന്ന് എല്ലാ ദുഃഖങ്ങളും തീർത്തുതന്നിട്ടില്ലേ .... ഇനിയും അങ്ങനെ ചെയ്താൽ പോരേ" എന്നുള്ള മുത്തപ്പന്റെ അനുഗ്രഹ ചൊരിയലുകൾ കേൾക്കുന്ന വിശ്വാസികൾ എല്ലാ ദുരിതങ്ങളിൽനിന്നും മോചിതരായി എന്ന് അഗാധമായ  നിർവൃതിയോടെ മടങ്ങുന്നത് മുത്തപ്പസന്നിധിയുടെ വിശിഷ്ടമായ മഹത്വമായി കരുതുന്നു...