മഷിക്കുത്തുകളിലേക്ക് ഭാവനയെ സന്നിവേശിപ്പിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന സുരേഷ് അന്നൂർ ഡോട്ട് ചിത്രരചനയുടെ രജതജൂബിലി നിറവിലാണ്. തുടക്കം മുതൽ ഒടുക്കംവരെ സൂക്ഷ്മതയും ഏകാഗ്രതയും ക്ഷമയും ആവശ്യമായ ഡോട്ട് ചിത്രരചനയിൽ പുതിയ ചരിത്രം രചിക്കുകയാണ് ഇദ്ദേഹം. മൺമറഞ്ഞ മലയാള സാഹിത്യനായകൻമാരുടെ ചിത്രങ്ങളാണ് മഷിക്കുത്തുകളിലൂടെ വരച്ചുനല്ക്കുന്നത്.  തികച്ചും സൗജന്യമായാണ് കേരളത്തിലെ ഗ്രന്ഥാലയങ്ങളിലേക്കും പൊതു വിദ്യാലയങ്ങളിലേക്കും ചിത്രങ്ങൾ  നല്കുന്നത്. ഫെയ്‌സ്ബുക്ക് സുഹൃത്തുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചിത്രങ്ങൾ ആവശ്യമുള്ള സ്കൂൾ അധികൃതർ, ഗ്രന്ഥശാലാ ഭാരവാഹികൾ 9497297405 എന്ന നമ്പറിൽ ബന്ധപ്പെടണം.

യേശുദാസ്, കെ.എസ്.ചിത്ര, മന്ത്രി തോമസ് ഐസക്ക് തുടങ്ങിയവർക്ക് അവരുടെചിത്രങ്ങൾ തത്സമയം വരച്ചുനല്കിയിട്ടുണ്ട്. നരേന്ദ്രമോദി, അബ്ദുൾകലാം, ഇ.എം.എസ്., കെ.കരുണാകരൻ, ഇ.കെ.നായനാർ തുടങ്ങി പ്രശസ്തരുടെയും നാട്ടുകാരുടെയും മുഖങ്ങൾ സുരേഷിന്റെ കുത്തുകളിട്ട ഇന്ദ്രജാലത്തിലൂടെ പുനർജനിച്ചിട്ടുണ്ട്.  ഡോട്ട് ചിത്രങ്ങൾക്കുപുറമെ നിരവധി  എണ്ണച്ചായാചിത്രങ്ങളും സുരേഷിന്റെതായിട്ടുണ്ട്. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിലെ ഗാന്ധിജിയുടെ എണ്ണച്ചായാചിത്രങ്ങൾ ശ്രദ്ധേയമാണ്. ഹൈസ്കൂൾ തലത്തിലെ ഹിന്ദി പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ഹ്രസ്വചിത്രങ്ങളും  സംവിധാനം ചെയ്തിട്ടുണ്ട്. എട്ടിക്കുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനും മാതൃഭൂമി സീഡ് കോ-ഓർഡിനേറ്ററുമായ സുരേഷ് കഴിഞ്ഞവർഷം  തന്റെ പത്താം ക്ലാസിലെ 42 വിദ്യാർഥികളുടെ ഡോട്ട് ചിത്രങ്ങൾവരച്ച് സമ്മാനിച്ചിരുന്നു. പയ്യന്നൂരിനടുത്ത അന്നൂരിലെ കെ.സി.കുഞ്ഞിക്കണ്ണന്റെയും ടി.എ.രാധയുടെയും മകനാണ്. ഭാര്യ: കെ.കെ.സന്ധ്യ. മക്കൾ: ഗോപിക, രാധിക