ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ പുകയില വിരുദ്ധ ശില്പമൊരുക്കി പ്രതിരോധം തീർക്കുകയാണ് മംഗൽപാടി ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനും നീലേശ്വരം കോട്ടപ്പുറം സ്വദേശിയുമായ നൗഷാദ്. ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിനുമുന്നിലാണ് കൂറ്റൻ കോൺക്രീറ്റ് ശില്പം തീർത്തിരിക്കുന്നത്. പായ്ക്കറ്റിനകത്തെ സിഗരറ്റുകൾ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിമെതിക്കുന്ന രൂപത്തിലാണ് ശില്പം നിർമിച്ചിരിക്കുന്നത്. സിമന്റിൽ നിർമ്മിച്ചിരിക്കുന്ന ശില്പത്തിലെ സിഗരറ്റ് പായ്ക്കിനു പുറത്ത് പുകയില ഉത്‌പന്നങ്ങൾ ഉപയോഗിച്ചാലുണ്ടാകുന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പും നല്കിയിരിക്കുന്നു. ഒരു മാസത്തെ പ്രയത്നം കൊണ്ടാണ് പതിന്നാലടി ഉയരമുള്ള ശില്പമൊരുക്കിയത്. കലാ-സാംസ്കാരികമേഖലകളിലും നൗഷാദിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. മംഗൽപാടി ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര ലാബ് ഇതിന്റെ മികച്ച ഉദാഹരണമാണ്. ചരിത്രാവശിഷ്ട മ്യൂസിയത്തിന്റെ ഒരു ചെറു പതിപ്പാണിവിടം. ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമായ നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെയും പുരോഹിതരാജാവിന്റെയും ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായ സ്ഫിങ് സിന്റെയും മമ്മിയുടെയുമെല്ലാം ചാരുതയാർന്ന കളിമൺ മാതൃകകൾ നൗഷാദിന്റെ കരവിരുതിൽ ഇവിടെ പുനർജനിച്ചിരിക്കുന്നു. കഴിഞ്ഞ അധ്യയനവർഷാരംഭത്തിൽ സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നിർമിച്ച കഥകളിശില്പമാണ് വേറിട്ട മറ്റൊരു നിർമിതി. സിമന്റിൽ നിർമിച്ച കഥകളിരൂപത്തിന് പത്തടിയോളം ഉയരമുണ്ട്. ഹിരോഷിമദിനത്തോടനുബന്ധിച്ച് സ്കൂളിൽ നിർമിച്ച ഘടികാരമാതൃകയും സോഷ്യൽ സയൻസ് ലാബിനെ സമ്പന്നമാക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ചപ്പോൾ ചില്ലുകളുടഞ്ഞ് നിശ്ചലമായ, ജപ്പാനിലെ മ്യൂസിയത്തിൽ ഇന്നും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കൂറ്റൻ ഘടികാരത്തിന്റെ മാതൃക ഇവിടെ ഫൈബർ ഷീറ്റുകളും തെർമോക്കോളും ചില്ലുകഷ്ണങ്ങളുംകൊണ്ട് രൂപപ്പെടുത്തിയിരിക്കുന്നു.
ഇവകൂടാതെ ഡോക്യുമെന്ററികളും ഹ്രസ്വസിനിമയും നിർമിച്ച് ശ്രദ്ധേയനായ അധ്യാപകൻ കൂടിയാണ് നൗഷാദ്. മഹാകവി പി.കുഞ്ഞിരാമൻ നായരെക്കുറിച്ച് 'കളിയച്ഛന്റെ കൈമുദ്രകൾ' എന്ന ഇരുപത്തിയാറ് മിനുട്ട് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി നിർമിക്കുകയുണ്ടായി.ഇതിന്റെ തിരക്കഥ, സംഭാഷണം, നിർമാണം, കലാസംവിധാനം, ക്യാമറ എല്ലാം ഇദ്ദേഹമാണ് നിർവഹിച്ചത്. 2008ൽ തൃശ്ശൂരിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി മേളയിൽ ഇതിന് അവാർഡ് ലഭിക്കുകയുമുണ്ടായി. 2012ൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 'ഫൈനൽ വിസിൽ' എന്ന പേരിൽ എഴുപത്തിരണ്ട് മിനുട്ട് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രവും നിർമിക്കുകയുണ്ടായി. തീവ്രവാദത്തിനെതിരായ സന്ദേശം നല്കുന്ന ഈ ഹ്രസ്വചിത്രത്തിൽ വേഷമിട്ടത് മംഗൽപാടി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു. 2013ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ഈ ഹ്രസ്വചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.