“പിറ്റേന്ന് പ്രസിദ്ധീകരിക്കേണ്ട പരസ്യത്തിന്റെ മാറ്ററും ഫോട്ടോയുമുൾപ്പെടെ കണ്ണൂരിലെ പത്രമോഫീസിൽ ഏൽപിച്ചശേഷമാണ് രാത്രി മടങ്ങിയത്.മാഹി പെരിങ്ങാടിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ മുഴപ്പിലങ്ങാടെത്തിയപ്പോൾ ഒരു കോൾ. പത്രമോഫീസിൽ നിന്നാണ്. പരസ്യം പ്രസിദ്ധീകരിക്കാൻ സാങ്കേതികതടസ്സമുണ്ടെന്നും ഉടൻ ഓഫീസിലെത്തണമെന്നുമായിരുന്നു സന്ദേശം.
രാത്രി വൈകി ഓഫീസിൽ തിരിച്ചെത്തിയപ്പോഴാണറിയുന്നത്, റെഡിമെയ്ഡ് കടയുടെ പരസ്യത്തോടൊപ്പം നൽകാൻ ഉദ്ദേശിച്ച മോഡൽ ധരിച്ച സ്കേർട്ടിന് ഇറക്കം പോരാ! ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ നിർവാഹമില്ല. കംപ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ മോഡലിന്റെ സ്കേർട്ടിന്റെ ‘ഇറക്കം വർധിപ്പിച്ച്’ തിരികെ വീട്ടിലെത്തുമ്പോഴേക്കും പാതിരയായിക്കാണും”-പറയുന്നത് ടി.കെ.സി.യാണ്. ടി.കെ.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന തയ്യിൽ കടാരൻ കുഞ്ഞഹമ്മദ്.
മലബാറിലെ പരസ്യരംഗത്തെ തുടക്കക്കാരിൽ ഒരാൾ. പരസ്യമേഖലയിലെ തലമുതിർന്നവരിൽ പലരും തങ്ങളുടെ സ്ഥാപനം ഇളമുറക്കാർക്ക് കൈമാറിയപ്പോഴും മൂന്നു പതിറ്റാണ്ടിലേറെയായി പഴയ അതേ ഉൗർജത്തോടെ ടി.കെ.സി. തുടരുന്നു; കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ടി.കെ.സി.അഡ്വർടൈസേഴ്സ് എന്നസ്ഥാപനത്തിൽ. കൗതുകവും നർമവും നിറഞ്ഞ അനുഭവങ്ങൾ ആത്മകഥയായി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണിദ്ദേഹം. 146 പേജുകൾ പൂർത്തിയാക്കിക്കഴിഞ്ഞ രചനയ്ക്ക് പേരുമിട്ടു.’ടി.കെ.സി എന്ന മൂന്നക്ഷരം’.ഇതിന്റെ പ്രസിദ്ധീകരണവും പ്രകാശനവും പ്രൗഢമായി നടത്താനുള്ള ഒരുക്കത്തിലാണ് ഇൗ എഴുപത്തഞ്ചുകാരൻ.
പ്രവാസം ‘പരസ്യമാകുന്നു’
തലശ്ശേരി കായ്യത്ത് റോഡിലായിരുന്നു ടി.കെ.സി.യുടെ തുടക്കം. ഇന്നത്തെപ്പോലെ പരസ്യരംഗത്ത് കടുത്ത മത്സരം ഏറെയില്ലാത്ത കാലം. അബുദാബിയിൽ നീണ്ട ഇരുപത് വർഷക്കാലം പ്രവാസജീവിതം നയിച്ചതിനുശേഷമാണ് നാട്ടിലേക്കു മടങ്ങിയത്. ഗൾഫിൽ ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഒഴിവുസമയങ്ങളിൽ ചില പ്രസിദ്ധീകരണസ്ഥാപനങ്ങളിലും ജോലിനോക്കിയിരുന്നു. ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ്, ഗൾഫ് വോയ്സ് തുടങ്ങിയ സ്ഥാപനങ്ങളിൽ പരസ്യവിഭാഗത്തിൽ പ്രവർത്തിച്ചതാണ് പരസ്യമേഖലുമായി അടുപ്പിച്ചത്. ഇന്ന് ‘മാതൃഭൂമി’ ഉൾപ്പെടെയുള്ള ഇന്ത്യയിലെ എല്ലാ ഭാഷാപത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലും ടി.കെ.സി. പരസ്യം ചെയ്തുവരുന്നു. മാതൃഭൂമിയിൽ മാഹിപ്പള്ളിപെരുന്നാളിന്റെ സപ്ലിമെന്റ് ചെയ്തുകൊണ്ടായിരുന്നു തുടക്കം.മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രനായിരുന്നു കണ്ണൂരിലെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്; 1984ൽ.
ബ്രോഷർ മുതൽ ഓൺലൈൻവരെ
ബ്രോഷർ മുതൽ ഹോർഡിംഗ്സ് വരെയും ഓൺലൈൻ മുതൽ വിഷ്വൽമീഡിയവരെയും ഇന്ന് ഇൗ മൂന്നക്ഷരത്തിന്റെ സ്വാധീനമുണ്ട്. ദൃശ്യമാധ്യമങ്ങളിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ,ബോളിവുഡ് നടൻ വിവേക് ഒബ്റോയ് മോഡലായുള്ള പരസ്യം ഏറെ ശ്രദ്ധയാകർഷിച്ചുവരുന്നു. കോട്ടയ്ക്കൽ ശാഖയ്ക്കുപുറമെ അടുത്തുതന്നെ കൊച്ചിയിൽ യൂണിറ്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
പെരിങ്ങാടി റസിഡൻറ്‌സ് അസോസിയേഷൻ പ്രസിഡന്റായി ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു. ഫിർദൗസിയാണ് ഭാര്യ. ബീന, ഖദീജ, റംഷി, നിലോഫർ എന്നിവർ മക്കൾ. മകൻ റംഷി പിതാവിന്റെ പാത പിന്തുടർന്ന് പരസ്യരംഗത്തുതന്നെ പ്രവർത്തിച്ചുവരുന്നു.
കണ്ണൂർ അഡ്വർടൈസിങ് ക്ലബ്ബിന്റെ ആദ്യ പ്രസിഡന്റാണ്. കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ(കെ.ത്രി.എ.) വൈസ് പ്രസിഡന്റായും ജോ.സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ടി.കെ.സി. നിലവിൽ സംഘടനയുടെ ഉപദേഷ്ടാവാണ്. പരസ്യരംഗത്തെ മികവിനുള്ള പുരസ്കാരങ്ങളായ പെപ്പർ അവാർഡ്, ഫുക്ക അവാർഡ് എന്നിവ ഇദ്ദേഹത്തെ തേടിയെത്തി. കെ.ത്രി.എയുടെ എയിഡ്സ് ബോധവത്കരണകാമ്പയിൻ പരസ്യങ്ങൾക്കുള്ള പുരസ്കാരവും നേടി.