നീട്ടിപ്പിടിച്ച വിരലറ്റംകൊണ്ട് തൊട്ട്, ഉള്ളം കൈയിലൂടെ സ്നേഹം പകർന്ന്, നിറഞ്ഞ് ചിരിച്ച് കുശലാന്വേഷണം നടത്താൻ ഇനി ഇ.അഹമ്മദുണ്ടാകില്ല. കുട്ടിക്കാലം മുതൽ നടന്നുതുടങ്ങിയ വഴികളിലൂടെ ഇനി  ഒരിക്കലും തിരിച്ചുവരാതെ അഹമ്മദ് സാഹിബ് അവസാനയാത്രപോയി. ‘സിതാര’യിൽ നിന്നിറങ്ങി താൻ പണിയിച്ച കോർപ്പറേഷൻ ആസ്ഥാനത്തിന്റെ മുറ്റത്തുകയറി ഒരിക്കൽ താൻ നയിച്ച ദീനുൽ ഇസ്‌ലാം സഭയോട് അവസാന യാത്രയും പറഞ്ഞ് അഹമ്മദ് സാഹിബ് മണ്ണിലേക്ക് മടങ്ങി. ഈറൻ കണ്ണുകളുമായി നിന്ന ആയിരങ്ങൾ അദ്ദേഹത്തിന് വിടചൊല്ലി. 
1938 ഏപ്രിൽ 29നാണ് കണ്ണൂരിന്റെ മണ്ണിലേക്ക് ഇ.അഹമ്മദിന്റെ പിറവി. ആ വെള്ളിയാഴ്ചയിൽനിന്ന് 2017 ഫെബ്രുവരി രണ്ടിലെ വ്യാഴാഴ്ചവരെയുള്ള അഹമ്മദിന്റെ യാത്രയ്ക്ക് അവസാനവഴിയിലെ താളം തന്നെയായിരുന്നു. അഹമ്മദ് ഒരിക്കലും മറക്കാത്ത വഴിയും ഇതായിരുന്നു. കണ്ണൂരിൽനിന്ന് ഇന്ത്യയുടെ ഭരണത്തതലത്തിലേക്കും അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ നയതന്ത്രജ്ഞനായും മാറിയപ്പോഴും താണയിലെ ജുമാമസ്ജിദിന്റെ പടിചവട്ടി അഹമ്മദ് ഇടയ്ക്കിടെ കയറിവരും. വിരുന്നുകാരന്റെ മുഖമില്ലാതെ. അടുപ്പമുള്ളവരെ വിരലുകൾനിവർത്തി ഉള്ളം കൈയിൽ ചേർത്തുപിടിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. പിശുക്കുകാട്ടാതെ ചിരിക്കും. പോലീസ് അകമ്പടിയും ബീക്കൺ ലൈറ്റുവെച്ച കാറും ആനയിടുക്ക് റോഡിൽ നിറഞ്ഞുനിൽക്കുമ്പോഴും ആൾക്കൂട്ടത്തിലൊരുവനായി മാത്രമായിരുന്നു അഹമ്മദിന്റെ സാനിധ്യം. 
വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് താണയിലെ ‘സിതാര’യിലേക്ക് അഹമ്മദിന്റെ ചേതനയറ്റ ദേഹമെത്തുന്നത്. അവസാനയാത്രയ്ക്ക്  സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവർത്തകരും ഒരുക്കിയ വഴി അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും നല്ല ആദരവായി. പിച്ചവച്ച മണ്ണിൽനിന്ന് തുടങ്ങി,  ആദ്യം ഭരണസാരഥ്യം ഏറ്റെടുത്ത് കോർപ്പറേഷന്റെ മുറ്റത്ത് പൊതുദർശനമൊരുക്കി, സിറ്റി ജുമാമസ്ജിദിലെ ഖബറടക്കം വരെ. അദ്ദേഹത്തിന്റെ ജീവിതവും വളർച്ചയും ഒരു ചെറുരേഖയായി വരച്ചിടുന്നപോലെയായിരുന്നു ഇത്. 
സർവകക്ഷി സഹകരണത്തോടെ നടത്തിയ ഹർത്താൽ നഗരത്തിന് പോലും ദുഃഖമുഖം നൽകി. കണ്ണൂരിന്റെ ഇടതുപക്ഷ മനസുപോലും രാഷ്ട്രീയമായി പിന്തുണച്ച നേതാവായിരുന്നു അഹമ്മദ്. മറ്റൊരു ലീഗ് നേതാവിന് ഇത് അവകാശപ്പെടാനാവില്ല. 1967-ൽ ഇടതുപിന്തുണയോടെയാണ് അഹമ്മദ് കണ്ണൂരിൽനിന്ന് നിയമസഭയിലെത്തിയത്. 1981-ലാണ് കണ്ണൂർ നഗരസഭയുടെ അധ്യക്ഷനായി ഇ.അഹമ്മദ് എത്തുന്നത്. 
‘ബാപ്പയാണ് ഗുരു’ എന്നാണ് രാഷ്ട്രീയത്തെക്കുറിച്ച് അഹമ്മദ് പറയാറുള്ള വാക്കുകൾ. പിതാവ് അബ്ദുൾഖാദർ ഹാജി മകന് നല്ല വിദ്യാഭ്യാസം കൊടുത്തു. രാഷ്ട്രീയത്തിന് സൗഹൃദം വേണമെന്ന് പഠിപ്പിച്ചു. കണ്ണൂരിന്റെ കാർക്കശ്യമല്ല, ആ ബാപ്പ പഠിപ്പിച്ച നൈർമ്മല്യമാണ് അഹമ്മദിനെ ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയുടെ മുഖമാക്കി മാറ്റിയത്. രാജ്യാതിർത്തികൾ മായ്ക്കുന്ന സൗഹൃദം അദ്ദേഹത്തിനുണ്ടായി. അതിന് തെളിവായിരുന്നു അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ വിദേശ പ്രതിനിധികളും നേതാക്കളും ഒഴുകിയെത്തിയ ജനങ്ങളും.
സൗഹൃദം നയതന്ത്ര ആയുധമാക്കിയ നേതാവാണ് അഹമ്മദ്. ഇന്ത്യയുടെ നയതന്ത്രമുഖം എന്ന വിശേഷണമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.  ആണവപ്രമേയത്തിന്റെ പേരിൽ ഇറാനുമായുള്ള ബന്ധം വഷളായപ്പോൾ ഇറാൻ നേതാക്കളുമായി സംസാരിക്കാൻ അഹമ്മദിനെയായിരുന്നു പ്രധാനമന്ത്രി ചുമതലപ്പെടുത്തിയത്. സൊമാലിയയിൽ ഇന്ത്യക്കാർ തടങ്കലിലായപ്പോഴും ഇറഖിൽ ഇന്ത്യക്കാർ തട്ടിക്കൊണ്ടുപോയപ്പോഴും ലിബിയൻ പ്രക്ഷോഭസമയത്തും ഇടപെട്ടത് അഹമ്മദായിരുന്നു. ആറുവർഷം തുടർച്ചയായി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു. 
കണ്ണൂരിന് ഇനി ഇങ്ങനെയൊരു നേതാവില്ല. ചുറ്റുമുള്ളവർക്കൊപ്പം ചിരിക്കുകയും ചുറ്റുപാടുകൾകണ്ടറിഞ്ഞ് വളരുകയും ചെയ്ത് നേതാവ്. രാഷ്ട്രീയവിയോജിപ്പ് പുലർത്തുകയും കമ്മ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലനെ സുഹത്തായി സ്വീകരിക്കുകയും ചെയ്ത നേതാവ്. രാഷ്ട്രീയസംഘർഷങ്ങൾക്കിടയിലേക്ക് ചെന്ന് സമാധനത്തിനുവേണ്ടി മുഖം കറുപ്പിക്കുകയും ശബ്ദം കനപ്പിക്കുകയും ചെയ്ത നേതാവ്. ദേശീയരാഷ്ട്രീയത്തിനും അപ്പുറത്തേക്ക് അഹമ്മദല്ലാതെ കണ്ണൂരിൽനിന്ന് ഇങ്ങനെയൊരു നേതാവുണ്ടായിട്ടില്ല. ആ നയതന്ത്രമുഖം മാഞ്ഞൂ...