1987-ലായിരുന്നു ആ അദ്ഭുതം. തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ 11 വയസ്സുകാരൻ കലാപ്രതിഭയായി! ചൊവ്വ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി വിനീത്കുമാർ. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും ഒന്നാംസ്ഥാനവും നാടോടിനൃത്തത്തിൽ രണ്ടാംസ്ഥാനവും നേടി ആൺകുട്ടികളിൽ ഒന്നാമനായി കലാപ്രതിഭ. തൊട്ടുമുമ്പത്തെ വർഷം വെങ്ങര ഹിന്ദു എൽ.പി. സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് വിനീത്കുമാർ ആദ്യമായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മത്സരിക്കാനെത്തുന്നത്. 
അക്കാലത്ത് വിദ്യാഭ്യാസജില്ലാ അടിസ്ഥാനത്തിലും അഞ്ചാംക്ലാസ് മുതൽ പത്താംക്ലാസ് വരെ ഒറ്റ യൂണിറ്റായുമായിരുന്നു മത്സരം. പിന്നീടാണ് ഉപജില്ലാതലത്തിനപ്പുറം മത്സരം ഹൈസ്കൂളുകാർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്‌. അതിനുശേഷം ഹയർ സെക്കൻഡറി വിഭാഗത്തിനും യുവജനോത്സവത്തിൽ പ്രവേശനമായി. യുവജനോത്സവം കലോത്സവമായി മാറുകയും ചെയ്തു. 
വള്ളിനിക്കറിട്ട് എത്തിയ വിനീത്കുമാർ 1986-ലെ കൊല്ലം യുവജനോത്സവത്തിൽ പത്താം ക്ലാസുകാരെ പിന്നിലാക്കി ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടുന്നതുകണ്ട് കലാകേരളം വിസ്മയിച്ചു. പിറ്റേക്കൊല്ലം കലാപ്രതിഭയുമായ വിനീത് ഏഴിലും എട്ടിലും പഠിക്കുമ്പോൾ മത്സരത്തിൽനിന്ന് വിട്ടുനിന്നു. ചെന്നൈയിൽ വഴവൂർ സാമ്രാജിന്റെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കുകയായിരുന്നു ആ രണ്ടുവർഷവും.
ചൊവ്വ സ്കൂൾ വിട്ട് ഹൈസ്കൂൾ പഠനത്തിന് കൂടാളി ഹൈസ്കൂളിലെത്തിയ വിനീത്കുമാർ ഒൻപതിലും പത്തിലും പഠിക്കുമ്പോൾ മത്സരത്തിൽ വീണ്ടും പങ്കെടുത്തു. ഒൻപതിൽ പഠിക്കുമ്പോൾ തിരൂർ യുവജനോത്സവത്തിനെത്തിയ വിനീത് യുവജനോത്സവ നഗരിയുടെ മൊത്തം ആകർഷണ കേന്ദ്രമായി. വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയതിന്റെ ഗ്ലാമറോടെയായിരുന്നു കൊച്ചു വിനീതിന്റെ വരവ്. എന്നാൽ ഭരതനാട്യത്തിലും കുച്ചുപ്പുഡിയിലും നാടോടിനൃത്തത്തിലും രണ്ടാംസ്ഥാനം മാത്രമാണ് വിനീതിന് ലഭിച്ചത്. അടുത്ത വർഷം കാസർകോട്ട് നടന്ന യുവജനോത്സവത്തിൽ വിനീത്കുമാർ ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടി. ആ യുവജനോത്സവത്തിലാണ് മഞ്ജുവാര്യരുടെ താരോദയം.
നിരവധി സിനിമകളിൽ അഭിനയിക്കുകയും അയാൾ ഞാനല്ല എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്ത വിനീത്കുമാർ മുഴുവൻസമയ സിനിമാപ്രവർത്തനവുമായി എറണാകുളത്ത് സ്ഥിരതാമസമാണിപ്പോൾ. ഫഹദ്ഫാസിലിനെ നായകനാക്കി ഒരുസിനിമ സംവിധാനം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. വി.കെ.പ്രകാശിന്റെ കെയർഫുൾ എന്ന സിനിമയിൽ അഭിനയിക്കുന്നതിനും ഒരുക്കം നടക്കുന്നു