നാടകത്തിൽ രജിത മധുക

രിവെള്ളൂർ മുരളി രചനയും സംവിധാനവും നിർവഹിച്ച്‌ രജിത മധു 2003 മുതൽ അവതരിപ്പിച്ചുവരുന്ന ‘അബൂബക്കറിന്റെ ഉമ്മ പറയുന്നു’ എന്ന ഏകപാത്ര നാടകം ഗിന്നസ്‌ ബുക്കിൽ ഇടം നേടുന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക്‌ ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച നാടകം എന്നനിലയിലാണ്‌ രജിത മധു ലോക റെക്കോഡിലേക്ക്‌ കടക്കുന്നത്‌. 
1681-ാമത്‌ വേദിയിൽ ഏപ്രിൽ എട്ടിന്‌ ഏഴുമണിക്ക്‌ ഗിന്നസ്‌ റെക്കോഡിന്റെ യോഗ്യതയ്ക്കായി യു.ആർ.എഫ്‌. ഏഷ്യൻ റെക്കോഡ്‌സിനു വേണ്ടിയുള്ള അവതരണം നെരുവമ്പ്രം യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 
യൂണിവേഴ്‌സൽ റെക്കോഡ്‌സ്‌ ഫോറം (URF) ജൂറി ഡോ. സുനിൽ ജോസഫ്‌ പരിപാടിയിൽ സംബന്ധിക്കും. ടി.വി.രാജേഷ്‌ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. നെരുവമ്പ്രം ജോളി ആർട്‌സാണ്‌ സംഘാടകർ. 1943 മാർച്ച്‌ 29-ന്‌ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ട കയ്യൂർ രക്തസാക്ഷികളായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കാൽ അബൂബക്കർ എന്നിവരുടെ സ്മരണയിൽ, രക്തസാക്ഷി അബൂബക്കറിന്റെ ഉമ്മ 60 വർഷത്തെ കേരളത്തിലെ തീക്ഷ്ണമായ രാഷ്ട്രീയ സംഭവങ്ങളോട്‌ പ്രതികരിക്കുന്ന വിധത്തിലാണ്‌ ‘അബൂബക്കറിന്റെ ഉമ്മ പറയുന്നു’ എന്ന ഏകപാത്രനാടകം അവതരിപ്പിക്കുന്നത്‌. 
 
 സംഗീതജ്ഞനായ മധു വെങ്ങര ജീവിതപങ്കാളിയായതോടെയാണ്‌ രജിതയുടെ നാടകജീവിതം പൂർണതയിലേക്ക്‌ വളർന്നത്‌. 
ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും സർവകലാശാലകളിലുമെല്ലാം അബൂബക്കറിന്റെ ഉമ്മയായി രജിത മധു എത്തി. ലോക റെക്കോഡിലേക്ക്‌ കടക്കുന്നതിന്റെ യോഗ്യതാ പത്രം വെള്ളിയാഴ്ച രാത്രി േഡാ. സുനിൽ ജോസഫ്‌ രജിത മധുവിന്‌ സമർപ്പിക്കും.