ആയിരം കാതം നടന്നും ആയിരത്തിരി കാണണമെന്ന്‌ ഉത്തരകേരളത്തിൽ ഒരുചൊല്ലുണ്ട്. പാലക്കുന്ന്‌ ഭഗവതിക്ഷേത്രവും ഭരണി ഉത്സവത്തിന് സമാപനം കുറിക്കുന്ന ആയിരത്തിരി ഉത്സവത്തിന്റെ പെരുമയും തലമുറകളായി കൈമാറിയത് ഈ വാമൊഴിയിലുടെയായിരുന്നു. വടക്കൻ കേരളത്തിലെ പതിനായിരക്കണക്കിനാളുകൾ പാലക്കുന്ന്‌ ഭഗവതിയുടെസന്നിധിയിൽ ആയിരത്തിരി ഉത്സവം കാണാൻ എല്ലാ വർഷവും എത്താറുണ്ട്. വിശ്വാസത്തിന്റെയും മതമൈത്രിയുടെയും മാതൃകയായ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഈവർഷത്തെ ആയിരത്തിരി ഉത്സവം ബുധനാഴ്ച പുലർച്ചെ നാലുമണിക്കാണ്

ഐതിഹ്യം

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് പാലക്കുന്ന് ക്ഷേത്രത്തിലെ ഐതിഹ്യം. തൃക്കണ്ണാട്ടപ്പന്റെ അനുഗ്രഹത്താൽ കുടിയിരുത്തിയതാണ് ഇവിടത്തെ ഭഗവതി. തൃക്കണ്ണാട്ടുനിന്ന് ഒന്നരകിലോമീറ്റർ വടക്കുമാറിയാണ് പാലക്കുന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

മൂന്ന്‌ കപ്പലുകളിലെത്തിയ പാണ്ഡ്യരാജാവ് തൃക്കണ്ണാട് ക്ഷേത്രം ആക്രമിച്ചു. ആപത്ത്‌ തിരിച്ചറിഞ്ഞ, ശിവപുത്രിയായ കൊടുങ്ങല്ലുരമ്മ തന്റെ ദൂതനെ സംരക്ഷകനായി തൃക്കണ്ണാട്ട് നിയോഗിച്ചു. ശ്രീകോവിലിൽ നിന്നെടുത്ത നെയ്ത്തിരികൊണ്ട് ദൂതൻ പടക്കപ്പലുകളെ കല്ലാക്കിമാറ്റി. തൃക്കണ്ണാട് ക്ഷേത്രത്തിനുമുമ്പിലുള്ള പുറംകടലിൽ ഇപ്പോഴും കാണാം ആ മുന്നു കരിമ്പാറകൾ. ഈ കല്ലിന് പാണ്ഡ്യൻ കല്ലെന്നാണ് വിളിപ്പേര്. ശത്രുനാശത്തിനു ദൂതനെ അയച്ച മകളെ (കൊടുങ്ങല്ലൂരമ്മയെ) മഹാദേവൻ അനുഗ്രഹിക്കുകയും വലതുഭാഗത്ത് കുടിയിരുത്തുകയും ചെയ്തു.

ദേവിയും ദാരികനും തമ്മിലുള്ള പോരാട്ടമാണ് ആയിരത്തിരി ഉത്സവത്തിന്റെ ഐതിഹ്യം.ഇതിനായി തീർക്കുന്ന നാഗക്കളവും കളംമായ്ക്കലും വിശേഷപ്പെട്ട ചടങ്ങാണ്. ഉത്സവത്തിന് കൊടിയേറി രണ്ടാംനാൾ മുതൽ മൂന്നുദിവസം നാഗക്കളം വരയും. ദാരികാസുരവധമാണ് ഇതിൽ ചിത്രീകരിക്കുന്നത്. ദേവിയും ദാരികനും തമ്മിലുള്ളഘോരയുദ്ധത്തിൽ വധിക്കപ്പെടും എന്ന ഘട്ടത്തിൽ, സർപ്പരൂപം പൂണ്ട്‌ ദാരികൻ അപ്രത്യക്ഷനാകുന്നു. ദേവീവാഹകനായ വേതാളം ഇത് തിരിച്ചറിഞ്ഞ് ഒന്നാംദിവസം ഒരുതലയുള്ള സർപ്പത്തെയും രണ്ടാം നാൾ ഇരുതലയുള്ളതിനെയും മൂന്നാംദിവസം മൂന്ന്‌ തലയുള്ള സർപ്പത്തിനെയും ദേവിക്ക് കാണിച്ചുകൊടുക്കുന്നത് അനുസ്മരിപ്പിക്കുന്നതാണ് നാഗക്കളവും കളംമായ്ക്കലും. കോപിഷ്ഠയായി ദേവി, മൂന്നാംനാൾ ദാരികനെ വധിച്ച്, ആയിരത്തിരിയോടുകൂടി വിജയാഘോഷം നടത്തിയെന്ന പുരാണത്തെ അനുസ്മരിക്കുന്നതാണ് ആയിരത്തിരി ഉത്സവം.

മൂത്തഭഗവതിയുടെയും വിഷ്ണുമൂർത്തിയുടെയും നർത്തകർ കളംമായ്ക്കൽ ചടങ്ങ് നടത്തും. വരയ്ക്കാനുപയോഗിച്ചപൊടി വിശേഷപ്പെട്ട പ്രസാദമാണ്. മറ്റു ദേവീക്ഷേത്രങ്ങളിൽ ഭരണി ഉത്സവം മീനമാസത്തിലെ ഭരണി നക്ഷത്രത്തിലാകും നടത്തുക. എന്നാൽ, നാളോ തീയതിയോ നോക്കാതെ തൃക്കണ്ണാട് ആറാട്ടിന്‌ കൊടിയിറങ്ങിയ രാത്രിയിൽ പാലക്കുന്ന് ഭരണി ഉത്സവം കൊടിയേറും. ദേവീസങ്കല്പമായി ഭരണിനാളിൽ ജനിച്ച ഋതുമതിയാകാത്തബാലിക (ഭരണികുഞ്ഞി)യുടെ സാന്നിധ്യവും എല്ലാ ചടങ്ങുകൾക്കുമുണ്ടാകും. ഓരോ വർഷവും ഭരണികുഞ്ഞിയെ കണ്ടെത്തി സ്ഥാനികർ ചടങ്ങുകൾ പൂർത്തിയാക്കി ദിവസങ്ങൾക്കുമുമ്പേ ബാലികയെ ക്ഷേത്രത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരും. മൂത്ത ഭഗവതിയാണ് പ്രധാന ആരാധനാമൂർത്തി. ഇളയഭഗവതി, ദണ്ഡൻ ദേവൻ,ഘണ്ഠാകർണൻ, വിഷ്ണുമൂർത്തി,ഗുളികൻ എന്നീ ഉപദേവന്മാരുമുണ്ട്.

തൃശ്ശൂർ പാറമ്മേക്കാവ് സംഘത്തിന് വെടിക്കെട്ട് ഒരുക്കുന്ന ടീമിന്റെ കരിമരുന്ന്പ്രയോഗംഇത്തവണയും ആയിരത്തിരി ഉത്സവനാളിലുണ്ട്. ക്ഷേത്രത്തിന് കീഴിൽ 28 പ്രാദേശികസമിതികളുണ്ട്. പൊതുജനങ്ങളിൽ നിന്ന്‌ പിരിവെടുക്കാതെ ഉത്സവം നടത്തുന്ന അപൂർവം ചില ആരാധനാകേന്ദ്രങ്ങളിൽ ഒന്നാണ് പാലക്കുന്ന്‌ ഭഗവതിക്ഷേത്രം. സി.ബി.എസ്.ഇ. ഹയർ സെക്കൻഡറി സ്കൂൾ, രണ്ട് എൽ.പി. സ്കൂൾ, വായനശാല, കഴകത്തിന് കിഴീലെ നിർധനരായ രോഗികൾക്ക് ചികിത്സാസഹായം തുടങ്ങി ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങളും ക്ഷേത്രത്തിന് കീഴിലുണ്ട്.