എം.കെ.ഹരിദാസൻ മയ്യിൽ
കുംഭമാസത്തിലും ജലസമൃദ്ധിയോടെ വേളത്തെ അമ്പലക്കുളം പുനർജനിച്ചു. ജലസമ്പത്തിനപ്പുറം കെട്ടിലും കാഴ്ചയിലും നാടിന്റെ അഭിമാനമായ കുളം സമർപ്പണത്തിനൊരുങ്ങുകയാണ് ഈ പ്രദേശത്തെ ജനങ്ങൾ. വേളം ശ്രീ മഹാഗണപതിക്ഷേത്രക്കുളത്തിന് 2000 വർഷത്തിലധികം പഴക്കമുണ്ട്. പുനർജനിച്ച കുളത്തിനു പിന്നിൽ പ്രാർഥനയോടെ കഴിഞ്ഞ ഒരു ജനതയുടെ പ്രയത്നമുണ്ട്. കുറെ കല്ലുകളും ചെളിയും പായലും നിറഞ്ഞ് ആരാലും ശ്രദ്ധിക്കാതെ കഴിഞ്ഞിരുന്ന കുളത്തെപ്പറ്റി 2010-ലാണ് ആലോചന തുടങ്ങിയത്. നാട്ടുകാരുടെ യോഗം വിളിച്ചു ചേർത്ത് 75 പേരുടെ കമ്മിറ്റി രൂപവത്കരിച്ച് എം.വി.കുഞ്ഞിരാമൻ മാസ്റ്റർ ചെയർമാനും  കെ.ലക്ഷ്മണൻ ചെയർമാനുമായി. പ്രവൃത്തി ഉദ്ഘാടനം അന്നത്തെ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് നിർവഹിച്ചത്. വിദഗ്ധ എൻജിനീയർമാർ ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. 

അരയേക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുളത്തിന് അധികമായി വേണ്ട സ്ഥലം സമീപത്തെ കുട്ടിരാമമാരാരും കുട്ടഞ്ചേരി ലക്ഷ്മണനും സൗജന്യമായി നൽകിയതാണ്. കുളം നവീകരണത്തിന് നിരവധി സ്വകാര്യ കരാറുകാർ മുന്നോട്ടുവന്നെങ്കിലും കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവൃത്തി നടക്കുകയായിരുന്നു. നവീകരണ കമ്മിറ്റി 25000 ത്തിൽപരം ജനങ്ങളിൽ നിന്നായി 75 ലക്ഷം രൂപ പിരിച്ചെടുത്തു. വേളം ഗണപതി ക്ഷേത്ര ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചുകൊടുത്തു. ഇങ്ങനെ ഏകദേശം ഒരു കോടി രൂപയിലധികം ചെലവാക്കി എസ്റ്റിമേറ്റ് തുകയ്ക്കുള്ളിൽ കുളം സമർപ്പണത്തിനായൊരുങ്ങിക്കഴിഞ്ഞു.കുളത്തിന്റെ ചുറ്റുമതിലിലെ ശില്പചാതുരിയുള്ള 36 തൂണുകൾ നിർമിച്ചത് തഞ്ചാവൂർ ശില്പികളായ ഭാസ്കരറാവുവും സംഘവുമാണ്.  ഓരോ കൽത്തൂണിലും വൈദ്യുതി അലങ്കാരങ്ങളും തയ്യാറായി വരുന്നു. 41 പടവുകളാണ് കുളത്തിനുള്ളത്. മൂന്നര മീറ്റർ ആഴത്തിലാണ് ചെളിയും പായലും നീക്കി അടിത്തറ പണിതത്. കുളത്തിന്റെ അടിഭാഗത്ത് 22 മീറ്റർ നീളവും 21 മീറ്റർ വീതിയുമുണ്ട്. ഇതിനാവശ്യമായ ഒന്നരലക്ഷം ചെങ്കല്ലുകൾ പ്രത്യേക ഭൂമിപൂജ നടത്തി കൊത്തിയെടുത്തതാണ്. പ്രത്യേക അളവിലുള്ള ചെങ്കല്ലുകൾ കാര്യാംപറമ്പ്, ചേപ്പറമ്പ് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്നു. ഇത് പാകിയെടുത്ത് സിമന്റ് ഉപയോഗിക്കാതെ മണൽ മാത്രം ഉപയോഗിച്ചാണ് ഏകദേശം 20000 അടി മണൽ ഇതിന് വേണ്ടിവന്നു. പുറവൂരിലുള്ള ഗിരീഷിന്റെ നേതൃത്വത്തിലാണ് ഈ പ്രവൃത്തി ചെയ്തു തീർത്തത്.

ഈ അമ്പലക്കുളത്തിന് അഞ്ച് പ്രവേശനവാതിലുകളുണ്ട്. പ്രധാന വാതിലിനടുത്തായി മൂന്ന് കുളപ്പുരകൾ. ഇവിടെ ക്ഷേത്ര ജീവനക്കാർ, പുരുഷന്മാർ, സ്ത്രീകൾ എന്നിവർക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യവും  ഒരുക്കിയിട്ടുണ്ട്. വർഷകാലം വെള്ളം പുറത്തോട്ടൊഴുകുന്നതിന് ഓവുപാലം പണിതത് ശ്രദ്ധേയമാണ്. ശ്രീ മഹാഗണപതി സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ നീന്തൽ പരിശീലന പരിപാടി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 90 കുട്ടികൾ പരിശീലനം പൂർത്തിയാക്കി. കണ്ണൂർ മത്സ്യഫെഡ് ശുദ്ധജലമത്സ്യപരിപോഷണത്തിന്റെ ഭാഗമായി 400 കാർപ്പ് ഇനം മത്സ്യക്കുഞ്ഞുങ്ങളെ ഈ വർഷം കുളത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. കുളം നവീകരിച്ചതോടെ പരിസരത്തുള്ള മുഴുവൻ കിണറുകളിലും വെള്ളം ഉയർന്നിട്ടുണ്ട്. പൊതുവേ വെള്ളത്തിന് ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് ക്ഷേത്രക്കുളം അനുഗ്രഹമാവുകയാണ്. കുളം നിർമാണത്തിന് ഒരു ലക്ഷം രൂപ വരെ നൽകിയ 15  ഓളം പേർ ഈ പ്രദേശത്തുണ്ട്. കൂടാതെ പരിസരവാസികളുടെ എല്ലാതരത്തിലുമുള്ള സഹകരണം കുളം നിർമിക്കുന്നതിന് അങ്ങേയറ്റം സഹായകമായി. നാടിനും ക്ഷേത്രത്തിന് ഐശ്വര്യദായകവുമായ ക്ഷേത്രക്കുളം മാർച്ച് 6ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് സമർപ്പിക്കുകയാണ്.  

ദശവാര്‍ഷിക നിറവില്‍ പീപ്പിള്‍സ് കോളേജ്
സുരേഷ്‌ പയ്യങ്ങാനം
അ ക്ഷര ഗ്രാമത്തിലെ സഹകരണ കലാലയം പത്ത്‌ വയസ്സിന്റെ നിറവിൽ. ഗുണമേന്മയേറിയ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച മുന്നാട്‌ പീപ്പിൾസ്‌ കോ-ഓപ്പറേറ്റീവ്‌ ആർട്‌സ്‌ ആൻഡ് സയൻസ്‌ കോളേജ്‌ മലയോര മേഖലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷയാണ്. കാസർകോട്‌ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ 2005 ജൂണിലാണ്‌  മുന്നാട്‌ കോളേജ്‌ തുടങ്ങിയത്‌. പത്ത്‌ വർഷം കൊണ്ട്‌ 9 ബിരുദ കോഴ്‌സുകളും 4 ബിരുദാനന്തര കോഴ്‌സുകളുമായി. കണ്ണൂർ സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള കോളേജുകളിൽ കോഴ്‌സുകളുടെ കാര്യത്തിലും വിദ്യാർഥികളുടെ എണ്ണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്താണ്‌ പീപ്പിൾസ്‌.  മാസ്റ്റർ ഓഫ്‌ ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദകോഴ്‌സ്‌ നടത്തുന്ന ഏക സ്ഥാപനം പീപ്പിൾസ്‌ ആണ്. പാഠ്യേതര പ്രവർത്തനങ്ങളിലും കലാരംഗത്തും കായിക രംഗത്തും ഏറെ മുന്നിലാണ്‌.
ഒരുകാലത്ത്‌ കുറെ കശുമാവുകളും ബാക്കി തരിശുഭൂമിയും ഉണ്ടായിരുന്നിടത്താണ്‌ ഇന്ന്‌ പീപ്പിൾസ്‌ കോളേജിന്റെ കെട്ടിടങ്ങൾ ഉയർന്നുനിൽക്കുന്നത്‌. 

സംസ്ഥാന-ദേശീയതലത്തിൽ റെക്കോഡുകൾ സൃഷ്ടിച്ച്‌ കായികപ്രതിഭകളെ വളർത്തിയെടുത്ത്‌ പത്ത്‌ വർഷത്തിനുള്ളിൽ പീപ്പിൾസ്‌ കോളേജ്‌ മുന്നേറി. 2015 മാർച്ച്‌ 19ന്‌ ഇ.എം.എസ്‌. ചരമദിനത്തിൽ തുടങ്ങിയ ദശവാർഷികാഘോഷ പരിപാടികൾ കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. ഖാദർ മാങ്ങാട്‌ ഉദ്‌ഘാടനം ചെയ്തു. കോളേജ്‌ അങ്കണത്തിൽ സ്ഥാപിച്ച ഇ.എം.എസിന്റെ അർധകായ വെങ്കല പ്രതിമ ഇ.എം.എസിന്റെ മകൾ ഇ.എം.രാധയാണ്‌ അനാച്ഛാദനം ചെയ്തത്‌. ദശവാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചില പരിപാടികൾ  എടുത്തുപറയേണ്ടതാണ്‌. മാലിന്യ സംസ്കരണ പരിപാടി അതിലൊന്നാണ്‌. ആവശ്യമായ വീടുകളിലും കേന്ദ്രങ്ങളിലും മാലിന്യപ്ളാന്റുകൾ സ്ഥാപിച്ച്‌ മാലിന്യ സംസ്കരണത്തിന്‌ പുതിയതലം കണ്ടെത്തുകയാണ്‌ പ്രവർത്തനത്തിലൂടെ ലക്ഷ്യമിട്ടത്‌. പ്രധാന പട്ടികജാതി-വർഗ കോളനികൾ തുടങ്ങി സാമൂഹ്യപരമായി പിന്നാക്കം നിൽക്കുന്ന വീടുകളിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന കോളനിവത്‌കരണ പദ്ധതി പ്രവർത്തനവും സംഘടിപ്പിക്കുന്നുണ്ട്‌.

കാർഷിക മേഖലയിലെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ത്രിദിന കാർഷികോത്സവം പത്താം വാർഷികാഘോഷത്തിന്റെ മാറ്റുകൂട്ടിയ പരിപാടികളിൽ ഒന്നായിരുന്നു. വിവിധ കാർഷിക വിളകളെ പരാമർശിച്ച്‌ നടത്തിയ കാർഷിക സെമിനാറും കാർഷിക ഉത്‌പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനങ്ങൾ, പുഷ്പ-ഫലസസ്യ പ്രദർശനങ്ങൾ, ചരിത്രപ്രദർശനം എന്നിവ ശ്രദ്ധേയമായി. ദശവാർഷികത്തിന്റെ ഭാഗമായി മുഴുവൻ പട്ടികജാതി-വർഗ സംവരണസീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക്‌ മുഴുവൻ ഫീസും ഇളവ്‌ നൽകുന്നു. മുന്നാട്‌, കുറ്റിക്കോൽ വില്ലേജുകളിലായി 35.5 ഏക്കർ സ്ഥലത്ത്‌ വ്യാപിച്ചു കിടക്കുന്നു. നഴ്‌സറി സ്കൂളിൽ നിന്ന്‌ തുടങ്ങി ജോലിസാധ്യതയുള്ള ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്‌, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ തുടങ്ങി കല, സാഹിത്യം, ശാസ്ത്രം മുതലായ ബിരുദാനന്തര ബിരുദം വരെ ഗുണനിലവാരത്തോടെ പഠിക്കാനുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ഗ്രാമം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണുള്ളത്‌. 1983ൽ രൂപവത്‌കരിക്കപ്പെട്ട കാസർകോട്‌ കോ-ഓപ്പറേറ്റീവ്‌ എഡ്യുക്കേഷൽ സൊസൈറ്റിയാണ്‌ പീപ്പിൾസ്‌ കോളേജിന്‌ നേതൃത്വം നൽകുന്നത്‌. മുൻ എം.എൽ.എ.യും മികച്ച സഹകാരിയുമായ പി.രാഘവനാണ്‌ സംഘത്തിന്റെ പ്രസിഡന്റ്‌. കാസർകോട്ടുള്ള വിവേകാനന്ദ കോളേജും മുന്നാട്‌ പ്രവർത്തിക്കുന്ന പ്രൊഫഷണൽ എം.ബി.എ. കോളേജായ പീപ്പിൾസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസും അടക്കം 6 സ്ഥാപനങ്ങൾ ഈ സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്നു. സംഘത്തിനു കീഴിൽ 132 ജീവനക്കാർ ജോലി ചെയ്യുന്നു. സിവിൽ സർവീസിന്‌ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക്‌ പരിശീലനം നൽകാനുള്ള പീപ്പിൾസ്‌ അക്കാദമി ഓഫ്‌ സിവിൽ സർവീസസ്‌ കാഞ്ഞങ്ങാട്ട്‌ പ്രവർത്തനമാരംഭിച്ചു. 

നീര്‍ക്കടവില്‍ ഫിഷിങ് ഹാര്‍ബര്‍ വരുന്നു
സവിതാലയം ബാബു
അ ഴീക്കോട് പഞ്ചായത്തിലെ നീർക്കടവിൽ മത്സ്യബന്ധന തുറമുഖം വരുന്നു. പ്രാരംഭപ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ രണ്ട് കോടി അനുവദിച്ചു. ആയിരത്തിലേറെ മത്സ്യത്തൊഴിലാളികളുള്ള നീർക്കടവിൽ ഹാർബർ സ്ഥാപിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പ്രദേശത്തെ 16 ഇൻബോർഡ് വള്ളങ്ങളും അമ്പതിലേറെ ചെറുതോണികളും സമീപത്തെ കണ്ണൂർ ആയിക്കര, അഴീക്കൽ ഹാർബറുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. അഴീക്കോട് നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സുപ്രധാന ചുവടുവെപ്പാണ് പുതിയ ഹാർബർ. കെ.എം.ഷാജി എം.എൽ.എ.യുടെ ഇടപെടലാണ് നീർക്കടവിൽ ഹാർബറെന്ന സ്വപ്നപദ്ധതിക്ക് നിറമേകിയത്. 
പഠനം നടത്തുന്നതിനായി പുണെയിലെ സി.ഡബ്ല്യൂ.പി.ആർ.എസിനെ ഏല്പിച്ചിട്ടുണ്ടെന്ന് തുറമുഖ ഫിഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു. പാറയിടുക്കുകളുള്ള നീർക്കടവ് തീരം ഹാർബറിന് അനുയോജ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മീൻകുന്നിൽ പാലം സ്ഥാപിച്ച് പയ്യാമ്പലം തീരവുമായി ബന്ധിപ്പിക്കും വിധം തീരദേശ റോഡിനും പദ്ധതിയുണ്ട്. 

സഞ്ചാരികളേ കണ്ണടയ്ക്കുക
ഒ.കെ.നാരായണൻ നമ്പൂതിരി
പത്തുമാസങ്ങൾക്കുമുമ്പ്‌ പത്രമാധ്യമങ്ങളിൽ വന്ന വാർത്തയുടെ തലവാചകമാണ്‌ ‘സഞ്ചാരികളെകാത്ത്‌ അടുപ്പൂട്ടിപ്പാറ’. ചരിത്രത്തിന്റെ തിരുശേഷിപ്പായി ഏഴിലോട്‌ കുഞ്ഞിമംഗലം റോഡിലുള്ള അടുപ്പൂട്ടിപ്പാറ ചരിത്രോദ്യാനമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു അന്ന്‌ നാട്ടുകാർ. എന്നാൽ, ഇന്ന്‌ ഇതുവഴി പോകുന്നവർ പറയുന്നു ‘സഞ്ചാരികളെ നിങ്ങൾ കണ്ണടച്ച്‌ കാണണം’. പ്രദേശത്തുകാർ ചോദിക്കുന്നു ‘ഇതാണോ ചരിത്രശേഷിപ്പുകളുടെ സംരക്ഷണം?’ ഏഴിലോട്‌ കാരാട്ട്‌ പ്രദേശത്താണ്‌ ശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പ്‌ എന്നുകരുതുന്ന അടുപ്പൂട്ടിപ്പാറ. അഞ്ച്‌ കൂറ്റൻ പാറക്കല്ലുകളാണ്‌ ഇവിടെയുള്ളത്‌. മൂന്ന്‌ പാറക്കല്ലുകൾ അടുപ്പുകൾ കൂട്ടിയിട്ടതുപോലെവെച്ച്‌ അതിനുമുകളിൽ വട്ടളം കമിഴ്‌ത്തിവെച്ചതുപോലെയാണ്‌ അടുപ്പൂട്ടിപ്പാറയുടെ രൂപം. ഒരു കല്ല്‌ താഴെ കിടത്തിവെച്ച നിലയിലാണ്‌. മഹാശിലായുഗ കാലഘട്ടത്തിൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിന്റെ ഉദാഹരണമാണ്‌ ഈ പാറകൾ എന്ന്‌ ചരിത്രസ്നേഹികൾ ചൂണ്ടിക്കാട്ടുന്നു.പഞ്ചപാണ്ഡവന്മാർ വനവാസകാലത്ത്‌ നിവസിച്ചിരുന്ന പ്രദേശമാണിതെന്നും അവർ ഭക്ഷണം പാകംചെയ്ത്‌ കഴിച്ചതിന്റെ പ്രതീകമായി പാറകൊണ്ട്‌ അടുപ്പുകൂട്ടി വെച്ചതാണെന്നതുമടക്കം നിരവധി മിത്തുകളും ഇതുസംബന്ധിച്ച്‌ ഉണ്ടായിട്ടുണ്ട്‌. 

വർഷങ്ങളായി കാടുമൂടിക്കിടക്കുകയായിരുന്നു അടുപ്പൂട്ടിപ്പാറയുടെ ഈ പ്രദേശം. സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു ഇൗ സ്ഥലം. കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക്‌ ഈ പാറയ്ക്കടുത്തുകൂടിയാണ്‌ ഏഴിലോട്‌ ഭാഗത്തുനിന്നുള്ള വിദ്യാർഥികൾ നടന്നുപോയിരുന്നത്‌. സ്കൂളിൽനിന്ന്‌ തൊട്ടടുത്താണ്‌ ഈ അടുപ്പ്‌കൂട്ടിപ്പാറ. സ്കൂളിനോടുചേർന്ന്‌ ശിലായുഗ കാലഘട്ടത്തിലേത്‌ എന്നുകരുതുന്ന ഒരു ഗുഹയും ഉണ്ട്‌. കഴിഞ്ഞവർഷം സ്കൂൾ പി.ടി.എ.യും കുഞ്ഞിമംഗലം പഞ്ചായത്തും ചേർന്ന്‌ ഗുഹയ്ക്ക്‌ ചുറ്റും മതിൽകെട്ടി ആകർഷകമാക്കിയിട്ടുണ്ട്‌.വിദ്യാർഥികൾ ഒരുദിവസം അടുപ്പൂട്ടിപ്പാറയ്ക്ക്‌ സമീപത്തെ കാടുവെട്ടി ശുചിയാക്കി. അന്നത്തെ ചെറുതാഴം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എം.വേണുഗോപാലൻ സ്ഥലം സന്ദർശിച്ച്‌ ചരിത്രസ്മാരകം സംരക്ഷണത്തിന്‌ പ്രത്യേക താത്‌പര്യമെടുത്തു. ചെറുതാഴം പഞ്ചായത്ത്‌ അടുപ്പൂട്ടിപ്പാറ സംരക്ഷിക്കാനുള്ള നടപടി തുടങ്ങി. തുടർന്ന്‌ സ്ഥലം വിലയ്ക്കുവാങ്ങി ലക്ഷങ്ങൾ ചെലവിട്ട്‌ ആകർഷകമാക്കി. മതിൽകെട്ടി ഉറപ്പാക്കിയശേഷം പടവുകളും ഇരിപ്പിടവും നിർമിച്ച്‌ സന്ദർശകർക്ക്‌ വരാൻ പാകത്തിൽ പാകപ്പെടുത്തി. പൂഴിയും മണ്ണുമിട്ട്‌ ഇന്റർലോക്ക്‌ ചെയ്ത്‌ മനോഹരമാക്കി.

അടുപ്പൂട്ടിപ്പാറയുടെ ചരിത്രപശ്ചാത്തലം ലിഖിതംചെയ്ത്‌ ചരിത്ര ഉദ്യാനമായി നാമകരണം ചെയ്തു. കളക്ടറുടെ സാന്നിധ്യത്തിൽ സഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി തുറന്നുകൊടുക്കാൻ ആഘോഷപ്പൊലിമ കൂട്ടി. കളക്ടറുടെ അഭാവത്തിൽ ചെറുതാഴം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാഘോഷം അടുപ്പൂട്ടിപ്പാറ ചരിത്രോദ്യാനം കഴിഞ്ഞവർഷം ഏപ്രിൽ 17-ന്‌ ഉദ്‌ഘാടനം ചെയ്തു. നാട്ടുകാർ തലമുറകളായി കേട്ട ‘അടുപ്പൂട്ടിപ്പാറ’യുടെ ഉദ്യാനഭംഗി കാണാനെത്തി. ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കാരാട്ടെ ഈ ചരിത്രസ്മാരകം കാണാൻ ഇരു പഞ്ചായത്തുകളിലെയും ചില വിദ്യാലയങ്ങളിൽനിന്ന്‌ കുട്ടികളെ കൂട്ടി അധ്യാപകരെത്തി. ഇവിടെയെത്തുന്നവർക്ക്‌ സമീപവാസികൾ ആവേശപൂർവം പാറകളുടെ പഴമയും ഉദ്യാനമാക്കിയതും വിവരിച്ചു.എന്നാൽ, ഈ ചരിത്രസ്മാരകത്തിന്റെ സംരക്ഷണമെന്നത്‌ മാസങ്ങൾകൊണ്ട്‌ തീർന്നുവോ? കാലം നീങ്ങിയപ്പോൾ അടുപ്പൂട്ടിപ്പാറ ചരിത്രോദ്യാനം കാടുകയറി മൂടുകയാണ്‌. മതിലും ഇരുമ്പ്‌ ഗേറ്റും കുറ്റിച്ചെടികൾകൊണ്ട്‌ മൂടപ്പെടുന്നു. ഉദ്യാനത്തിലെ പാറകളും അടുപ്പുമടങ്ങുന്ന ചരിത്രശേഷിപ്പ്‌ ഇപ്പോൾ കാണണമെങ്കിൽ കാട്ടിനുള്ളിൽ തപ്പണം. ഉദ്യാനത്തിന്റെ ബോർഡ്‌പോലും കാടുകയറി മൂടിക്കൊണ്ടേയിരിക്കുന്നു. സഞ്ചാരികൾ വന്നാൽ ഒന്നും കാണാത്തവിധം.