ഇ.വി.ഹരിദാസ് എന്ന നാടകക്കാരൻ പ്രേക്ഷകർക്കു നൽകുന്നത് വൈവിധ്യങ്ങളുടെ അനുഭവമാണ്. ദുർഗ്രാഹ്യങ്ങളായ ക്ലാസിക്കുകളെ നാടകമാക്കുമ്പോഴും നാട്ടുപരിസരങ്ങളിൽനിന്ന് തെരുവുനാടകങ്ങൾ കണ്ടെത്തുമ്പോഴും ഹരിദാസിന്റെ ലക്ഷ്യം പ്രേക്ഷകരിലേക്ക് നാടകം എളുപ്പത്തിലെത്തിക്കുകയെന്നതായിരുന്നു. അതിൽ നേടിയ വിജയമാണ് അദ്ദേഹത്തെ നാടകക്കാരിലെ ഒറ്റയാനാക്കുന്നത്.

 അതുകൊണ്ടുതന്നെ നാടകത്തിലെ അക്കാദമിക മികവുകളും മികച്ച അഭിനേതാക്കളുടെ സാന്നിധ്യവും ഇല്ലാതെതന്നെ ഓരോ നാടകവും മികവുറ്റതാക്കുന്ന ഉദിനൂരിലെ ഇ.വി.ഹരിദാസ് അമേച്വർ നാടകസംഘങ്ങളുടെ മികച്ച രചയിതാവും സംവിധായകനുമാണ്.

ദേശീയ യുവജന നാടകമത്സരത്തിൽ തുടർച്ചയായി മൂന്നുവർഷം കേരളത്തെ പ്രതിനിധീകരിക്കുകയെന്ന അപൂർവമികവിനൊപ്പം ഒരുവർഷം ഇന്ത്യയിലെതന്നെ മികച്ച നാടകമായി ഇദ്ദേഹത്തിന്റെ നാടകം സമ്മാനിതമാവുകയും ചെയ്തു.

രാജസ്ഥാൻ നാടോടിക്കഥയെ അവലംബിച്ച് രചനയും സംവിധാനവും നിർവഹിച്ച ദുവിധയാണ് അസമിലെ ഗുവാഹട്ടിയിൽ നടന്ന ദേശീയ മത്സരത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്.

 അമേച്വർ നാടകരംഗത്തെ സൂപ്പർഹിറ്റ് നാടകങ്ങൾക്ക് ഉടമയാണ് ഇ.വി.ഹരിദാസ്. ആസ്വാദനം കഠിനവും വിഷമകരവുമായ അമേച്വർ നാടകവേദിയിൽ സങ്കീർണമായ വിഷയങ്ങളെ ലളിതവും സുന്ദരവുമായി അവതരിപ്പിക്കുന്നതിലെ മികവാണ് ഈ മേഖലയിലെ വിജയം. 20 വർഷം മുമ്പ് എൻ. പ്രഭാകരന്റെ മറുപിറവിക്ക് രംഗഭാഷ്യമൊരുക്കി വേദിയിലെത്തിച്ച കരുത്തിൽ നിന്ന് നാടകങ്ങളുടെ എണ്ണം 100 കവിഞ്ഞു. കാരൂരിന്റെ മരപ്പാവകൾ, മഹാകവി പി.യുടെ കളിയച്ഛൻ, സാറാ ജോസഫിന്റെ ഊരുകാവൽ, സുനിൽ ഗംഗോപാധ്യായയുടെ മൊനേർ മാനുഷ് തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. 50 വേദികൾ പിന്നിടാത്ത ഇദ്ദേഹത്തിന്റെ നാടകങ്ങൾ വിരളമാണ്.

  മാനവികത ദേശബോധത്തിന് എതിരാണെന്ന്‌ പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് മാനവികതയെക്കുറിച്ചാണ് ഇ.വി.ഹരിദാസിന്റെ പുതിയ നാടകം. സുനിൽ ഗംഗോപാധ്യായയുടെ ക്ലാസിക്ക് ജീവചരിത്ര നോവലായ മൊനേർ മാനുഷാണ് ഈ നാടകത്തിന് ആധാരം. കാലം രേഖപ്പെടുത്താതെ പോയ ലാലൻ ഫക്കീർ എന്ന ബാവുളിന്റെ ജീവിതമാണ് ഉത്തരേന്ത്യൻ ജീവിതപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. ഹരിദാസിന്റെതന്നെ ആഷാഢത്തിലെ ഒരുദിവസം, ദുവിധ തുടങ്ങിയ നാടകങ്ങൾ വേദിയിലെത്തിച്ച ജ്വാല കരുവക്കോടാണ് ഇതും അവതരിപ്പിച്ചത്. ഒടുവിലായി കഴിഞ്ഞമാസം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടക മത്സരത്തിൽ കാസർകോട് ജില്ല അവതരിപ്പിച്ച ഹരിദാസ് രചിച്ച സദ്ഗതി ഒന്നാംസ്ഥാനം നേടിയിരുന്നു. കേരള ഗ്രന്ഥശാലാസംഘം കാസർകോടുമുതൽ തൃശ്ശൂർ വരെ അവതരിപ്പിച്ച എസ്.കെ. പൊറ്റെക്കാട്ടിന്റെ അഞ്ചലോട്ടക്കാരൻ എന്ന നാടകത്തിന്റെ സംവിധാനവും ഹരിദാസായിരുന്നു നിർവഹിച്ചിരുന്നത്.

ഹരിദാസിന്റെ ഓരോ നാടക പരിസരവും വ്യത്യസ്തമാണ്. ഉത്തര മലബാറിലെ ഗ്രാമീണ പശ്ചാത്തലമാണ് മറുപിറവിക്കുള്ളതെങ്കിൽ പെഴ്‌സോണയ്ക്ക് ഇലിയഡിന്റെ പശ്ചാത്തലമാണ്. രാമായണ പരിസരമാണ് ഊരുകാവലിന്റേത്. രാജസ്ഥാന്റെ നാടോടി പാരമ്പര്യമാണ് ദുവിധയിൽ കാണുന്നത്. അമേച്വർ നാടകങ്ങൾക്കൊപ്പം തെരുവുനാടകങ്ങളിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ സർവകലാശാല  കലോത്സവത്തിൽ തുടർച്ചയായി മൂന്നുവർഷം ഒന്നാംസ്ഥാനം നേടിയ തെരുവുനാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിരുന്നു. കാസർകോട് ഗവ. കോളേജ് അവതരിപ്പിച്ച ഗോവർധനുശേഷം, ഗാമ സർക്കസ്, കൊളാഷ്  എന്നിവയായിരുന്നു നാടകങ്ങൾ. കൂടാതെ ഒട്ടേറെ വേദികളിൽ അവതരിപ്പിക്കപ്പെട്ട ആട്, യക്ഷിയും കിണറും, മകുടി തുടങ്ങിയവയും ഇദ്ദേഹത്തിന്റേതാണ്.
 
   തന്റെ നാടകങ്ങൾക്ക്  കൃത്യമായ പ്രേക്ഷകരെ ഉണ്ടാക്കാനും അമേച്വർ നാടകരംഗത്ത് തന്റേതായ ഒരിടം സ്വന്തമാക്കാനും കഴിഞ്ഞിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവനകൾ മലബാറിലെ അമേച്വർ നാടകപ്രസ്ഥാനത്തെ സക്രിയമായി നിലനിർത്താൻ ഉതകുന്നതാണ്. സംഗീതനാടക അക്കാദമിയുടെ പ്രതിവാര നാടകങ്ങളിൽ ദുവിധ, ഊരുകാവൽ എന്നിവ പ്രശംസിക്കപ്പെട്ടു. മികച്ച സംവിധായകനുള്ള രസികശിരോമണി അവാർഡുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌. ആദ്യകാലത്ത്‌ ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതിയിരുന്നു. ചെറു കഥയ്ക്കുള്ള തിരുവനന്തപുരം രചന യുടെ സുരേന്ദ്രൻസ്മാരക അവാർഡ് ലഭിച്ചു. രണ്ടുവർഷം സെക്രട്ടറിയേറ്റ് എംപ്ലോയീസിന്റെ മുഖമാസികയുടെ പത്രാധിപസമിതി അംഗമായിരുന്നു. ഇപ്പോൾ ലീഗൽ മെട്രോളജി വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസ് ജീവനക്കാരനാണ് ഹരിദാസ്.