കേരളത്തിലെ മികച്ച നാടകസമിതികളിലൊന്നായ കണ്ണൂർ സംഘചേതന പല വർഷങ്ങളിലായി ചരിത്രസംഭവങ്ങൾ അരങ്ങിലെത്തിച്ചിട്ടുണ്ട്. അവയിലൊന്നായിരുന്നു കരിവെള്ളൂർ മുരളി രചനയും സംവിധാനവും നിർവഹിച്ച ചെഗുവേര.

 ബൊളീവിയൻ കാടുകളിൽ എരിഞ്ഞടങ്ങിയ വിപ്ലവയൗവ്വനം ചെഗുവേരയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ആ നാടകം. ക്യൂബൻ വിപ്ലവസൂര്യൻ ഫിദൽ കാസ്‌ട്രോ ആ നാടകത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. ആ നാടകത്തിൽ ഫിദൽ കാസ്‌ട്രോയെ അവതരിപ്പിച്ചത് പ്രാപ്പൊയിൽ പാറോത്തുംനീർ സ്വദേശി കരുണാകരൻ പനങ്ങാട് ആയിരുന്നു. 

പെെട്ടന്ന് ഒരുദിവസം നാടകരംഗത്തേക്ക് പ്രവേശിച്ചയാളല്ല കരുണാകരൻ. നാടകത്തിന്റെ സാധ്യതകൾ അന്വേഷിച്ചുള്ള യാത്രയിലാണ് കണ്ണൂർ സംഘചേതനയിൽ എത്തിച്ചേരുന്നത്. സംഘചേതനയുടെ ചരിത്രനാടകമായ പഴശ്ശിരാജയിൽ പഴയംവീട്ടിൽ ചന്തുവിന്റെ വേഷമാണ് കരുണാകരന് ലഭിച്ചത്. 

സംഘചേതനയുടെ സഖാവിലും സൂര്യാപേട്ടിലുമൊക്കെ ശ്രദ്ധേയമായ വേഷങ്ങൾ അരങ്ങിലെത്തിക്കാൻ കരുണാകരന് കഴിഞ്ഞു. ചരിത്രം അവസാനിക്കുന്നില്ല എന്ന നാടകമാണ് കരുണാകരന് വഴിത്തിരിവായത്. 

ആ നാടകത്തിൽ എംഗൽസിന്റെ വേഷം ലഭിച്ചത് കരുണാകരനെ ഏറെ പ്രശസ്തനാക്കി. കരിവെള്ളൂർ മുരളിയാണ് ‘എംഗൽസ്’ കരുണാകരന്റെ െെകയിൽ ഭദ്രമാകുമെന്നുറപ്പിച്ചത്. കരിവെള്ളൂർ മുരളിയുടെ ശിക്ഷണവും സ്നേഹവാത്സല്യവുമാണ് തന്നെ നാടകത്തിൽ വളർത്തിയതെന്ന് കരുണാകരൻ നന്ദിപൂർവം ഓർക്കുന്നു.

 ഒരുതവണ, ‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന നാടകത്തിന് മുമ്പ് ഇ.എം.എസിന്റെ പ്രഭാഷണമുണ്ടായിരുന്നു. പ്രഭാഷണം തുടങ്ങുന്നതിന് മുമ്പേ വേഷമിട്ടുനിൽക്കുന്ന നാടകപ്രവർത്തകരെ ഇ.എം.എസ്. കണ്ടു. അന്ന് ഇ.എം.എസിന്റെ പ്രഭാഷണം ആരംഭിച്ചത് ‘ഞാൻ എംഗൽസിനെ കണ്ടു’ എന്ന വാക്കുകളോടെയായിരുന്നുവെന്ന് കരുണാകരൻ അഭിമാനത്തോടെ ഓർമിക്കുന്നു. 
ഇടയ്ക്ക് ഒരുവർഷം സംഘചേതനയിൽനിന്ന്‌ മാറി കോഴിക്കോട് ചിരന്തനയിലുമെത്തി. ചിരന്തനയുടെ വേതാളം പറഞ്ഞകഥ, ഒടിയൻ എന്നീ നാടകങ്ങൾക്ക് ശേഷം കരുണാകരൻ കണ്ണൂർ സംഘചേതനയിലേക്ക് വീണ്ടുമെത്തി. 

കരിവെള്ളൂർ മുരളിയാണ് ഇത്തവണയും കരുണാകരനെ സംഘചേതനയിലേക്ക് ക്ഷണിച്ചത്. ക്യൂബൻ വിപ്ലവത്തെക്കുറിച്ച് ഒരുനാടകം എഴുതുന്നുണ്ടെന്നും അതിൽ ഫിദൽ കാസ്‌ട്രോയുടെ വേഷം കരുണാകരൻ ചെയ്യണമെന്നും കരിവെള്ളൂർ മുരളി പറഞ്ഞു. 

ഫിദൽ കാസ്‌ട്രോയുടെ ആരാധകനായ കരുണാകരൻ ഏറെ സന്തോഷത്തോടെ ആ വേഷം സ്വീകരിച്ചു. ക്യൂബൻ വിപ്ലവനായകനായ ഫിദലിന്റെ വേഷം കരുണാകരൻ പനങ്ങാട് എന്ന നാടകപ്രവർത്തകനെ ഏറെ പ്രശസ്തനാക്കി. 

15 വർഷത്തോളം നാടകരംഗത്ത് സജീവമായിരുന്ന കരുണാകരൻ ചെഗുവേരയിലെ അഭിനയത്തോടെ 2002ൽ പ്രൊഫഷണൽ നാടകത്തോട് വിടപറഞ്ഞു. കരുണാകരന്റെ തുടർന്നുള്ള ജീവിതം കൃഷിക്കാരൻ എന്ന നിലയിലാണ്.

 വെറും കൃഷിക്കാരനല്ല; ജൈവകൃഷിയുടെ ബ്രാൻഡ്‌ അംബാസഡർ എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതൽ ശരി. നാടകവും കൃഷിയും ഒരേപോലെയാണെന്ന് കരുണാകരൻ പറയുന്നു. രണ്ടും ഗുണകരമായി ഉപയോഗിച്ചാൽ സമൂഹത്തിന് ഏറെ നല്ലതാണ്. സമൂഹത്തിന് നഷ്ടമാകുന്ന നന്മകൾ തിരിച്ചുപിടിക്കാൻ നല്ല നാടകങ്ങൾക്കും ജൈവകൃഷിക്കും സാധിക്കുമെന്ന് കരുണാകൻ പറയുന്നു. മികച്ചതും സാമൂഹിക പ്രതിബദ്ധതയുള്ളവയുമായ നാടകങ്ങളിൽ അഭിനയിച്ച കരുണാകരൻ എന്ന നാടകപ്രവർത്തകൻ കൃഷിയിലും സാമൂഹികബോധം ഉയർത്തിപ്പിടിക്കുന്നു. കാർഷികമേഖലയിലേക്ക് പൂർണമായും മാറിയപ്പോഴും മാനവവംശത്തിന് ഭീഷണിയാകുന്ന രാസവളങ്ങളും കീടനാശിനികളും അദ്ദേഹം പ്രയോഗിക്കുന്നില്ല. കരുണാകരന്റെ കൃഷിയിടത്തിൽ വാഴയും ചേനയും ചേമ്പും പാവയ്ക്കയും ചീരയും പടവലവുമൊക്കെ ജൈവവളത്തിന്റെ ബലത്തിൽ തലയുയർത്തിനിൽക്കുന്നത് നമുക്ക് കാണാം. ജൈവകൃഷിക്കാവശ്യമായ വളം ലഭിക്കാനും ശുദ്ധമായ പാൽ ലഭിക്കാനുമായി പശുവളർത്തലിനും കരുണാകരൻ സമയം കണ്ടെത്തുന്നു. ഇതിനൊക്കെയുള്ള പിന്തുണയുമായി ഭാര്യ ജലജയും മകൾ അക്ഷയയും കരുണാകരന്റെ കൂടെയുണ്ട്.  

കഴിഞ്ഞവർഷം പാറോത്തുംനീർ എന്ന ഗ്രാമത്തിലെ മുഴുവൻ വീടുകളിലും ജൈവപച്ചക്കറി കൃഷി നടത്തി. നാടകത്തിലെന്നപോലെ ഈ സംരംഭത്തിലും നേതൃസ്ഥാനത്ത് കരുണാകൻ ഉണ്ടായിരുന്നു. പ്രൊഫഷണൽ നാടകത്തോട് വിടപറഞ്ഞെങ്കിലും അമേച്വർ നാടകരംഗത്ത് കരുണാകരൻ ഇന്നും സജീവമാണ്. ചെഗുവേരയിൽ കാസ്‌ട്രോ പറയുന്ന ഒരു സംഭാഷണമുണ്ട്.  

‘ഉയർന്ന മനുഷ്യനാകാൻ നമ്മെ പരീക്ഷിക്കുന്ന മുഹൂർത്തങ്ങൾ എല്ലാവരുടെയും ജീവിതത്തിലുണ്ട്’. ഈ വാക്കുകൾ തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയതായി കരുണാകരൻ പറയുന്നു. അരങ്ങിലെ വർണച്ചാർത്തിൽ മയങ്ങാതെ മണ്ണിന്റെ മനസ്സറിയാൻ കഴിയുന്നതാണ് കരുണാകരൻ പനങ്ങാട് എന്ന വ്യക്തിയുടെ സവിശേഷത