വടക്കൻ കേരളത്തിന്റെ തനതു നാടൻ കലയായ പൂരക്കളി ദേശീയ ശ്രദ്ധ നേടാനുള്ള ഒരുക്കത്തിൽ. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ മാനുസ്‌ക്രിപ്റ്റ് മിഷനാണ് ഇതിനു മുൻകൈയെടുക്കുന്നത്. വടകരയിലെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ്‌ ഡവലപ്പ്മെന്റ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാസർകോട് എം.പി.യായിരുന്ന ടി.ഗോവിന്ദന്റെ ശ്രമഫലമായി ഡൽഹിയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പൂരക്കളിയും മറത്തുകളിയും ഇതിനു മുമ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ ദേശീയതലത്തിൽ അക്കാദമിക ശ്രദ്ധ നേടിയെടുക്കുന്നതിനുള്ള കാര്യമായ പ്രവർത്തനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പൂരക്കളിയെയും മറത്തുകളിയെയും കേരളത്തിനു പുറത്തുള്ള ആളുകൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പരിശ്രമമാണ് ആദ്യമായി നടക്കുക.

ഒന്നാംഘട്ടത്തിൽ പൂരക്കളിയുടെ അക്കാദമികവും സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യത്തെ വെളിപ്പെടുത്താനുതകുംവിധം സമഗ്രമായ രീതിയിൽ പൂരക്കളിയെക്കുറിച്ച് സെമിനാർ അവതരിപ്പിക്കും. ഡിസംബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പയ്യന്നൂർ കേന്ദ്രത്തിലാണ് സെമിനാർ. രണ്ടാം ഘട്ടത്തിൽ സെമിനാറിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ സമാഹരിച്ച് ഇംഗ്ലീഷിലും സംസ്കൃതത്തിലുമായി രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും. കേന്ദ്ര, കേരള സാംസ്കാരികവകുപ്പുകളുടെയും അക്കാദമികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പൂരക്കളിയെയും മറത്തുകളിയെയും ഇന്ത്യയിലെ പല ഭാഗങ്ങളിലായി അവതരിപ്പിച്ച് ഇതിന്റെ ദൃശ്യസൗന്ദര്യം ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നുള്ളതാണ് മൂന്നാംഘട്ടത്തിൽ ചെയ്യുക. ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ ദേശീയതലത്തിൽ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾക്ക് രൂപം കൊടുക്കുകയെന്നതാണ് നാലാമത്തെ ഘട്ടം.ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി പൂരക്കളിയെ ദേശീയതലത്തിലും അതിലൂടെ ആഗോളശ്രദ്ധയിലുമെത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു.കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസിലറും പ്രമുഖ ചരിത്ര പണ്ഡിതനുമായ ഡോ. കെ.കെ.എൻ.കുറുപ്പ് ഡയറക്ടറും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രം ഡയറക്ടർ ഡോ. ഇ.ശ്രീധരൻ അക്കാദമിക ഡയറക്ടറും ഡോ. എം.ടി.നാരായണൻ, വിജയകുമാർ തൃക്കരിപ്പൂർ എന്നിവർ കോ ഓർഡിനേറ്റർമാരുമായ സംഘമാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്.

പൂരക്കളിയുടെയും മറത്തുകളിയുടെയും അക്കാദമിക പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി വിദഗ്‌ധരായ പണ്ഡിതന്മാരെ അണിനിരത്തിക്കൊണ്ട്, 11 സെഷനുകളിലായി 32 വിഷയങ്ങളെ അധികരിച്ച് വിഷയാവതരണവും ചർച്ചയുമാണ് സെമിനാറിൽ നടക്കുക. പൂരക്കളിയിലെ സമഗ്രത ഉറപ്പുവരുത്തും വിധമാണ് വിഷയങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. പൂരക്കളിയുടെ ആവിർഭാവവും വികാസവും ആചാരങ്ങൾ, സംസ്കാരം, ഭാഷ, സാഹിത്യം, ദൃശ്യസ്വാധീനം, സാമൂഹിക സ്വാധീനം, പൂരക്കളി ഡമോൺസ്ട്രേഷൻ, മറത്തുകളി ഡമോൺസ്ട്രേഷൻ എന്നിവയാണ് ഉദ്ഘാടന സമാപന സെഷനുകൾക്കു പുറമെയുള്ള സെഷനുകൾ. ആദ്യദിവസം വൈകിട്ട് പൂരക്കളിയവതരണവും രണ്ടാംദിവസം വൈകിട്ട് മറത്തുകളിയവതരണവും ഉണ്ടാകും. അക്കാദമിക പണ്ഡിതന്മാർക്കുപുറമെ പൂരക്കളി പണ്ഡിതന്മാരായ വി.പി.ദാമോദരൻ പണിക്കർ, പി.മാധവൻ പണിക്കർ, കാഞ്ഞങ്ങാട് ദാമോദരൻ പണിക്കർ, എം.അപ്പുപണിക്കർ, മയ്യിച്ച ഗോവിന്ദൻ തുടങ്ങിയ പൂരക്കളി പണ്ഡിതന്മാരും പേപ്പറുകൾ അവതരിപ്പിക്കും.

പൂരോത്സവം

വടക്കൻ കേരളത്തിൽ ഇന്നും സക്രിയമായി നിലനിന്നുപോരുന്ന നാടൻകലാരൂപമാണ് പൂരക്കളി. കാവുകളിലാണ് ഈ കല അവതരിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ പൂരോത്സവത്തിന്റെ ഭാഗമാണ് പൂരക്കളി. നൂറ്റാണ്ടുകളോളം പഴക്കമുണ്ട് ഈ കലാരൂപത്തിന്. വടക്കൻ കേരളത്തിന്റെ വസന്തോത്സവമായാണ് പൂരോത്സവത്തിന്റെ കേൾവി. പൂരോത്സവം വീടുകളിലും കാവുകളിലും ആചരിക്കപ്പെടുന്നു. ഇതിന് അവർണ-സവർണ വ്യത്യാസമില്ല. വ്രതാനുഷ്ഠാനമാണ് പ്രധാനം. ഋതുമതികളല്ലാത്ത പെൺകുട്ടികളാണ് വ്രതം നോല്ക്കുക. നാടും കാവും പൂത്തുലഞ്ഞു നില്ക്കുന്ന കാലമാണ് പൂരോത്സവകാലം. ഇത് കാമദേവന്റെ കാലം കൂടിയാണ്.

പൂരോത്സവത്തിന്റെ പുരാവൃത്തം കാമദഹനമാണ്. പരമേശ്വരന്റെ തപസ്സ്‌ മുടക്കി പാർവതിയിൽ അനുരക്തനാക്കുവാനായി കാമദേവൻ നടത്തിയ ശ്രമം പാഴായി. തനിക്കുനേരെ നടത്തിയ കാമദേവന്റെ പരാക്രമത്തെ അംഗീകരിക്കാൻ പരമേശ്വരൻ തയ്യാറായില്ല. നിടിലത്തീയിൽ ഭസ്മമാകാനായിരുന്നു കാമദേവന്റെ വിധി. കാമൻ വെന്തുവെണ്ണീറായതോടെ ലോകം കഷ്ടത്തിലായി. ലോകത്ത് കാമവികാരം ഇല്ലാതായി. പരിഹാരം കാണാൻ പരമശിവനോട് ദേവന്മാർ അപേക്ഷിച്ചു. മൂന്നു ലോകത്തിലെയും കന്യകമാർ മീനമാസത്തിലെ കാർത്തികനാൾ മുതൽ പൂരം നാൾ വരെയുള്ള ഒമ്പതുദിവസം വ്രതമെടുത്ത് കാമദേവപൂജ ചെയ്യാൻ പരമശിവൻ നിർദേശിച്ചു. എങ്കിൽ കാമൻ പുനർജനിക്കുമെന്നും പറഞ്ഞു. അതുപ്രകാരം മൂന്നുലോകത്തെയും കന്യകമാർ മലരമ്പപൂജ ചെയ്തുവന്നതിന്റെ തുടർച്ചയാണ് പൂരോത്സവമെന്നാണ് വിശ്വാസം.

വസന്തോത്സവത്തിന് കാമോത്സവം എന്നും പറയും. ഇന്ത്യയിൽ പല ഭാഗങ്ങളിലും ഇത് ആഘോഷിച്ചു വരുന്നു. കേരളത്തിൽ ഇത് പൂരോത്സവമാണ്. ചേരരാജാക്കന്മാരുടെ കാലത്തെല്ലാം ഇത് കൊണ്ടാടിയിരുന്നു. പിന്നീട് വടക്കൻ കേരളത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. ഈ മേഖലയിൽ നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള ഡോ. ഇ.ശ്രീധരൻ പറഞ്ഞു. ചന്ദ്രോത്സവം എന്ന മണിപ്രവാളകൃതിയിൽ പൂരോത്സവം സംബന്ധിച്ച പരാമർശം ഉണ്ട്.

പൂരക്കളി

പൂരോത്സവത്തിന്റെ ഭാഗമാണ് പൂരക്കളി. പൂരക്കളിയെ കലയെന്നു വിളിക്കണോ കളിയെന്നു വിളിക്കണോ എന്ന കാര്യത്തിൽ സംശയമുണ്ട്.കാരണം ഇതിൽ കളിയുമുണ്ട്, കലയുമുണ്ട്. നാടൻ കലയുടെ ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്. ക്ലാസിക് കലയായും ഗവേഷകർ പൂരക്കളിയെ വിശേഷിപ്പിച്ചിട്ടുണ്ട്. പൂരവ്രതം നോറ്റ മൂന്നു ലോകത്തെയും 18 കന്യകമാർ കാമന്റെ പുനർജനിക്കായി ശ്രീനാരായണനെ സ്തുതിച്ച് പാടിയാടിക്കളിച്ചത്രെ. ശ്രീപരമേശ്വരന്റെ നിർദ്ദേശമനുസരിച്ചാണ് അവരിങ്ങനെ ചെയ്തത്. ശ്രീനാരായണന് പുത്രനായിട്ട് രുഗ്മിണിയിലാണത്രെ കാമൻ പുനർജനിക്കുക.

പൂരക്കളിയെ പ്രധാനമായും നാലുതരത്തിലാണ് വിഭജിക്കുന്നത്. പൂരമാല, വൻകളി, ആട്ടം, തൊഴുതുകളി എന്നിങ്ങനെയാണത്. ഇതിൽ പൂരമാലയും വൻ കളിയുമാണ് പൂരക്കളിയിലെ ആകർഷകമായ രണ്ടിനങ്ങൾ. അതിൽ പൂരമാലയെ പൂരക്കളിയുടെ മൗലികരൂപമെന്നു വിളിക്കാൻ സാധിക്കും. 18 തരത്തിലാണ് പൂരമാലകൾ. മൂന്നു ലോകത്തെയും 18 കന്യകമാർ 18 നിറത്തിലുള്ള പൂക്കളുപയോഗിച്ച് മലരമ്പപൂജ ചെയ്യുകയും 18 തരത്തിലാടുകയും ചെയ്തതിന്റെ സ്മരണയിലത്രെ 18 തരം പൂരമാലകൾ. പൂക്കളുടെ നിറത്തെ അടിസ്ഥാനമാക്കി 18 നിറങ്ങളെന്നും പൂരമാലകളെ വിളിച്ചുവരുന്ന പതിവുണ്ട് -ഡോ.ഇ.ശ്രീധരന്റെ ലേഖനത്തിൽ ഇക്കാര്യം വിശദീകരിക്കുന്നു. നീണ്ടസമയമെടുത്ത് കളിക്കുന്നവയും വലിയ കഥ ഇതിവൃത്തമായി സ്വീകരിക്കുന്നവയുമാണ് വൻ കളികൾ. രാമായണം കഥ, ഗണപതിക്കഥ തുടങ്ങി വ്യത്യസ്ത കഥകൾ വൻ കളിക്കായി ഉപയോഗിക്കുന്നു. യോഗിയാട്ടമെന്നും നാടകമാട്ടമെന്നും ആട്ടങ്ങൾ രണ്ടു തരത്തിലുണ്ട്. കാവമ്മയുടെ ആഗമനകഥ പാടി മുഴുവൻ ദേവന്മാരെയും പേരെടുത്തു വിളിച്ചുകൊണ്ട്‌ തൊഴുതു പാടിയാടിക്കളിക്കുന്നവയാണ് തൊഴുതുകളികൾ- ലേഖനം വിശദീകരിക്കുന്നു. പാട്ടിനനുസരിച്ചുള്ള ചുവടുവെപ്പുകളും അംഗക്രിയകളുമാണ് പൂരക്കളിയിലുള്ളത്. നേർക്കളി, ചാഞ്ഞുകളി, ഇരുന്നുകളി, മറിഞ്ഞുകളി, ചാടിക്കളി എന്നിങ്ങനെ പലതരം കളികളുണ്ട്.

മറത്തുകളി

പൂരക്കളിയുടെ മെറ്റാ ഫോക്‌ലോർ എന്നു വിളിക്കാവുന്ന അനുബന്ധ കലാരൂപമാണ് മറത്തുകളി. ആദ്യകാലത്ത് ഇത് പൂരക്കളിയുടെ മത്സര രൂപമായിരുന്നു. രണ്ടു കളിസംഘങ്ങൾ ഒരിടത്തു വച്ച് മത്സരിച്ചു കളിക്കുന്നതിനെയാണ് മറുത്തുകളി എന്നു പറയുന്നത്. പൂരക്കളിയിലെ ഓരോ ഇനവും ഒന്നാം കളി സംഘമവതരിപ്പിച്ച ശേഷം രണ്ടാംകളിസംഘം അവതരിപ്പിക്കുകയായി. 
ചേരുവകളുടെ സാംഗത്യത്തെക്കുറിച്ചും അതിന്റെ പൗരാണിക പിൻബലത്തെക്കുറിച്ചും ചോദ്യംചെയ്യുന്ന പതിവ് പിന്നീടുണ്ടായി. അങ്ങനെ ചോദ്യത്തിനു മറുചോദ്യം, പാട്ടിന് മറുപാട്ട്, കളിക്ക് മറുകളി- അതെല്ലാം ചേർന്നപ്പോൾ മറത്തുകളിയായി.

മറത്തുകളി ആസൂത്രിതമായ രൂപത്തിലേക്ക് കടന്നപ്പോൾ പണ്ഡിതസദസ്സിന്റെ മാനം അതിന് കൈവന്നു. ചിട്ടപ്പെടുത്തലുകൾ കളിരൂപത്തിനുവന്നു. സാധാരണ രാവിലെ തുടങ്ങിയാൽ പിറ്റേന്നു രാവിലെ വരെ 24 മണിക്കൂർ ദൈർഘ്യമുള്ള മറത്തുകളിയാണുണ്ടാവുക. എന്നാൽ രണ്ടുദിവസത്തോളം നീളുന്ന മറത്തുകളിയും ചിലയിടങ്ങളിൽ കണ്ടുവരുന്നു. സംവാദമാണ് പ്രത്യേകത. ആദ്യം സംസ്കൃതപദ്യം അവതരിപ്പിക്കും. അതിന്റെ അന്വയം, അന്വയാർഥം, പരിഭാഷ എന്നിവ പറയുന്നു.തുടർന്ന് ചോദ്യത്തെയും പ്രകരണത്തെയും മുൻ നിർത്തി മറത്തു ചോദിക്കുന്നു. ഉത്തരം പറയാൻ കഴിയാത്ത കളി സംഘം വിയർക്കുന്നു. ശരിയും തെറ്റും ചൂണ്ടിക്കാട്ടാൻ പണ്ഡിതന്മാരെ മധ്യസ്ഥരായി നിർത്തുന്ന പതിവുമുണ്ട്. ഓരോ കളിസംഘവും മികച്ച ഒരു പണ്ഡിതനെ കാലേക്കൂട്ടി ഏർപ്പാട് ചെയ്യുകയും എതിരാളികളെ തോല്പിക്കാൻ പാകത്തിൽ പരിശീലിക്കുകയും ചെയ്യുന്നു. ഇവരെ പണിക്കർ എന്നു വിളിച്ചുവരുന്നു.സംസ്കൃതഭാഷ, സാഹിത്യം, ശാസ്ത്രം, പുരാണാദികൾ, മലയാളഭാഷാവിജ്ഞാനം എന്നിവയിലെല്ലാം പാണ്ഡിത്യമുള്ളയാളായിരിക്കും പണിക്കർ.

സെമിനാർ

സെമിനാർ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിൽ ഡിസംബർ ഏഴിന് രാവിലെ തുടങ്ങും. 10 മണിക്കുള്ള ഉദ്ഘാടന സെഷനിൽ ഫോക്‌ലോർ രംഗത്തെ പ്രഗല്‌ഭനായ ഡോ. എം.വി.വിഷ്ണുനമ്പൂതിരിയെ ആദരിക്കും. ഡൽഹി മാനുസ്ക്രിപ്റ്റ് മിഷൻ ഡയറക്ടർ വെങ്കട്ടരമണ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സി.കൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി.ദിലീപ് കുമാർ മുഖ്യാതിഥിയാകും. ഡോ. കെ.കെ.എൻ.കുറുപ്പ് ആമുഖ ഭാഷണം നടത്തും.
കേരള പൂരക്കളി അക്കാദമി പ്രസിഡന്റ് എൻ.കൃഷ്ണൻ, കേരള പൂരക്കളി കലാപരിഷത്ത് അധ്യക്ഷൻ മടിക്കൈ ഗോപാലകൃഷ്ണൻ പണിക്കർ തുടങ്ങിയവർ പങ്കെടുക്കും.
ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് സമാപന സെഷനിൽ ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ നേരത്തേ തിരഞ്ഞെടുത്ത 50 പ്രതിനിധികളുണ്ടാകും. താത്‌പര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം.