മയ്യഴിയുടെ ദേശീയോത്സവം തന്നെയാണ് മാഹി സെന്റ് തെരേസ ദേവാലയത്തിലെ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാൾ ആഘോഷം. 
എല്ലാവർഷവും ഒക്ടോബർ അഞ്ചുമുതൽ 18 ദിവസത്തെ ആഘോഷമാണിത്‌. പുരാതനവും ചരിത്രപ്രാധാന്യമുള്ളതുമായ  ദേവാലയങ്ങളിലൊന്നാണ് മാഹി പള്ളി. മതമൈത്രിയുടെ ശക്തമായ സന്ദേശമുൾക്കൊള്ളുന്നാണ് ഇവിടത്തെ ഉത്സവച്ചടങ്ങളും. ജാതിമതഭേദമെന്യേ പതിനായിരങ്ങളാണ് മയ്യഴിയമ്മയുടെ സന്നിധിയിലെത്തുന്നത്. ആത്മീയനവീകരണത്തിനും ഉദ്ദിഷ്ഠകാര്യസിദ്ധിക്കുമായി നാനാദിക്കുകളിൽനിന്നും എത്തുന്ന ഭക്തർ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപത്തിൽ പുഷ്പമാല്യം ചാർത്തിയും മെഴുകുതിരികൾകൊളുത്തിയും മടങ്ങുന്നു.
സ്പെയിനിലെ ആവിലായിൽ 1515 മാർച്ച് 28-നാണ് തെരേസ ഡി അഹുമേദ ദെ സിപെദ എന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ ജനനം. കഴിഞ്ഞ വർഷമാണ് വിശുദ്ധയുടെ 500-ാം ജന്മവാർഷികം ലോകം മുഴുവൻ ആഘോഷിച്ചത്. പതിനാറാം നൂറ്റാണ്ടിലെ നിഷ്പാദുക കർമലീത്ത സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകയും വേദപണ്ഡിതയുമാണ് അമ്മ ത്രേസ്യ പുണ്യവതി. സാർവത്രിക സഭയുടെയും വിശേഷിച്ച് യൂറോപ്യൻ ജനതയുടെ ക്രിസ്തീയവിശ്വാസത്തിന്റെ കാലോചിതമായ നവീകരണത്തിന് മുൻകൈയെടുത്ത് പ്രവർത്തിച്ചതും വിശുദ്ധ അമ്മ ത്രേസ്യപുണ്യവതിയാണ്. വിശുദ്ധയുടെ ആത്മീയപൈതൃകമാണ് മയ്യഴിയിലെ സെന്റ് തെരേസാസ് ദേവാലയത്തിലെ മുഖ്യ സവിശേഷത.
ക്രിസ്തീയവിശ്വാസത്തിന്റെ അടിത്തറ വിശുദ്ധജീവിതമാണ്. വിശുദ്ധി ഏതെങ്കിലും ഒരാളുടെ മാത്രം അവകാശമല്ല. മറിച്ച് എല്ലാവരുടെയും വിളിയും ഉത്തരവാദിത്വവുമാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിയവരിൽ പ്രമുഖയാണ് വിശുദ്ധ അമ്മ  ത്രേസ്യ. വിശുദ്ധയുടെ സുകൃതജീവിതംകൊണ്ട് ആർജിച്ച ദൈവകൃപയാണ് മയ്യഴിയുടെ ആധ്യാത്മിക പാരമ്പര്യം. സ്നേഹവും സാഹോദര്യവും മതമൈത്രിയും ചേർന്ന് മനുഷ്യരെ ഒറ്റമാലയിൽ കോർത്ത് മാറോടുചേർക്കുന്ന സ്നേഹസ്പർശിയായ ഒരമ്മയാണ് മയ്യഴിയമ്മ. 
ജീവിതദുരിതങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നുമൊക്കെ മയ്യഴിയമ്മ സംരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
1614-ൽ പോൾ അഞ്ചാമൻ മാർപ്പാപ്പ, ആവിലായിലെ  ത്രേസ്യവാഴ്ത്തപ്പെട്ടവൾ എന്ന് പ്രഖ്യാപിച്ചു. 1622-ൽ പതിനഞ്ചാം ഗ്രിഗോറിയസ് മാർപ്പാപ്പ വിശുദ്ധപദവിയിലേക്കുയർത്തി. 1970-ൽ പോൾ‌ ആറാമൻ മാർപാപ്പ അവർക്ക് വേദപാരംഗത പദവി നല്കി. ആ സ്ഥാനത്തേക്ക്‌ ഉയർത്തപ്പെട്ട ആദ്യത്തെ വനിതയാണ്  ത്രേസ്യ. 1736 ഡിസംബറിലാണ് സെന്റ് ത്രേസ്യയുടെ തിരുപ്രതിഷ്ഠ മയ്യഴിയിൽ നടന്നത്. 1723-ൽ മയ്യഴിയിലെത്തി. കർമലീത്ത വൈദികൻ സെന്റ് ജോണിന്റെ കാർമികത്വത്തിലായിരുന്നു പ്രതിഷ്ഠ. 1779-ലെ ഇംഗ്ലീഷ് ഫ്രഞ്ച് യുദ്ധത്തിൽ ദേവാലയം തകർക്കപ്പെട്ടു. 1788-ൽ ആബ്ബെ ദ്യുഷേനിൻ എന്ന വ്യക്തിയാണ് ഇന്നത്തെ രൂപത്തിലുള്ള മാഹിപള്ളി നിർമിച്ചത്. 
കത്തോലിക്കാ നവീകരണകാലഘട്ടത്തിലെ ആത്മീയസാഹിത്യത്തിന് മികച്ച സംഭാവന നല്കിയ ഗ്രന്ഥമാണ് വിശുദ്ധയുടെ സ്വയംകൃത ചരിത്രം. ആത്മീയ പൂർണതയിലേക്കുള്ള വഴികൾ വിവരിച്ച് എഴുതിയ സുകൃതസരണി, ഉള്ളിന്റെ ഉള്ളിൽ ദൈവത്തെ തേടിയുള്ള യാത്ര-മനുഷ്യാത്മാവിനെക്കുറിച്ചുള്ള കൃതി ആഭ്യന്തരഹർമ്യം എന്നിവയും വിശുദ്ധയുടെ ഏറ്റവുമേറെ വായിക്കപ്പെടുകയും സ്വാധീനംചെലുത്തുകയും ചെയ്തവയാണ്‌. 
അവസാനം വരെ കർമനിരതയായിരുന്നു ത്രേസ്യ. നിഷ്പാദുക കർമലീത്ത സഭയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പെയിനിലെ അൽ ബായിലേക്ക് നടത്തിയ വിഷമപൂർണമായ ഒരു യാത്രയ്ക്കിടയിൽ തീർത്തും അവശയായ ത്രേസ്യ അവിടെയെത്തി മൂന്നുദിവസം കഴിഞ്ഞ് 1582 ഒക്ടോബർ നാലിന് ദിവംഗതയായി.
ഭക്തജനങ്ങൾക്ക് താങ്ങും തണലുമായി നില്ക്കുന്ന മയ്യഴിയമ്മയുടെ തിരുനാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങൾ ഒക്ടോബർ 14, 15 തീയതികളാണ് ഫാ. ജെറോം ചിങ്ങന്തറയാണ് ഇടവക വികാരി. ഫാ. ജോസ് യേശുദാസൻ സഹവികാരിയുമാണ്.

പ്രധാന തിരുനാൾ ദിനങ്ങൾ

തിരുനാൾ ഘോഷങ്ങളുടെ പ്രധാന ദിനങ്ങളിലൊന്നായ 14-ന് തിരുനാൾ ജാഗരത്തിൽ വൈകുന്നേരം അഞ്ചിന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലിലന് സ്വീകരണം നല്കും. 
5.15-ന് ആർച്ച് ബിഷപ്പിന്റെ കാർമികത്വത്തിൽ സാഘോഷ ദിവ്യബലി, വൈകുന്നേരം ഏഴിന്  മയ്യഴിയമ്മയുടെ ദീപാലംകൃതമായ തിരുസ്വരൂപവും വഹിച്ചുള്ള നഗരപ്രദക്ഷിണം. 15-ന് തിരുനാൾ ദിനത്തിൽ പുലർച്ചെ രണ്ടുമുതൽ ഏഴുവരെ സെമിത്തേരി റോഡ് കവലമുതൽ ദേവാലയം വരെ ഭക്തരുടെ നേർച്ചയായി ശയനപ്രദക്ഷിണം. രാവിലെ 10-ന് കോഴിക്കോട് രൂപതാധ്യാക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കലിന് സ്വീകരണം. 10.30-ന് രൂപതാ മെത്രാന്റെ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. 
വൈകുന്നേരം അഞ്ചിന് മേരിമാത കമ്മ്യൂണിറ്റി ഹാളിൽ സുഹൃദ് സംഗമം, ഡോ. വി.രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും.  റീജണൽ അഡ്മിനിസ്ട്രേറ്റർ എസ്.മാണിക്കാദീപൻ, മുൻമന്ത്രി ഇ.വത്സരാജ്‌, ഫാ. ഡോ. ജെറോം ചിങ്ങന്തറ, എം.മുകുന്ദൻ എന്നിവർ പ്രസംഗിക്കും. 22-ന് വിശുദ്ധയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും.