അതിനങ്ങ് അക്യാബിൽ പോകണം എന്നത്  കോലത്തുനാട്ടിലെ പഴയ ചൊല്ലുകളിലൊന്നാണ്. അക്യാബെന്നാൽ ബർമയിലെ ഒരു ഗ്രാമം. ഏറ്റവും കൂടുതൽ നെല്ല് വിളയുന്ന ഗ്രാമം. നെല്ലിന് പരമപ്രാധാന്യം കല്പിച്ചിരുന്ന കാലത്താണ് അക്യാബ് വിദൂരതയും ഉദാത്തതയും ദ്യോതിപ്പിക്കുന്നതിനുള്ള നാടൻ പ്രയോഗമായിരുന്നത്. എന്നാൽ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഒരക്യാബ്. മാടായിപ്പാറയുടെ കിഴക്കേ താഴ്വരയിൽ കോലത്തുനാടിന്റെ നെല്ലറയായ ഏഴോം. അത് നെല്ലിന്റെ അക്യാബ് മാത്രമായിരുന്നില്ല ചരിത്രത്തിലെ അക്യാബുമായിരുന്നു. കോവിലകങ്ങളും ഭരണകാര്യാലയങ്ങളും നിറഞ്ഞ ചരിത്രത്തിന്റെ ഖനികൾ, സെല്ലാറുകൾ. പഴന്തമിഴ് കാലത്തിനും പിന്നിലേക്ക്, സംഘകാലത്തിനും പിന്നിലേക്ക് നീളുന്ന ചരിത്രവേരുകളും ഐതിഹ്യങ്ങളും ഇഴപിരിഞ്ഞ ഏഴോം. 

 ഗ്രാമചരിത്രമുണരുമ്പോൾ എന്ന പേരിൽ ഏഴോം പഞ്ചായത്തിന്റെ സമഗ്രചരിത്രം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുകയാണ്. അംഗീകൃത ചരിത്രകാരന്മാർ ഇത്രയുംകാലം ഔദ്യോഗികമായി ഗവേഷിച്ചിട്ടും കാണാത്ത ഒട്ടേറെ കാര്യങ്ങൾ കാണാനും വ്യാഖ്യാനിക്കാനും സാധിക്കുന്നുവെന്നതാണ് ഇതിന്റെ മഹത്ത്വം. കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ചുള്ള ഭാവി അന്വേഷണങ്ങൾ നടത്തുമ്പോൾ ഈ പുസ്തകത്തെ തൊടാതിരിക്കാനാവില്ല എന്നിടത്താണ് ഇത് ഗ്രാമചരിത്രത്തിനേക്കാൾ കടന്നുനില്ക്കുന്നത്.  തൃശ്ശൂരിലെയും മറ്റും പൊക്കാളിക്കൃഷി പോലെ വടക്കൻ കേരളത്തിൽ കൈപ്പാട് കൃഷി വൻതോതിലുള്ള സ്ഥലമാണ് ഏഴോം. പഴയങ്ങാടിക്കും പയ്യന്നൂരിനുമിടയിൽ തീവണ്ടിയാത്രയ്ക്കിടയിൽ കാണുന്ന ചതുപ്പുകളും കണ്ടൽക്കാടുകളും ചെമ്മീൻകെട്ടുകളും തുരുത്തുകളും നിറഞ്ഞ പ്രദേശം ഏഴോമിന്റെ ഭാഗമാണ്. ആയിരത്തോളം ഹെക്ടറിൽ നെൽകൃഷിയുണ്ടായിരുന്ന ഈ ഗ്രാമത്തിൽ ഇപ്പോൾ അതിന്റെ അളവ് മൂന്നിലൊന്നായി കുറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയതും വൈവിധ്യമാർന്നതുമായ കണ്ടൽവനങ്ങൾ ഇവിടെയാണ്. കണ്ടലിന്റെ പ്രാധാന്യം ത്യാഗപൂർവം പ്രചരിപ്പിച്ച പൊക്കുടൻ പ്രവർത്തിച്ചതിവിടെയായിരുന്നു. സംഘകാലത്ത് പരണർ, അഴിശ്ശി, കപിലർ തുടങ്ങിയ കവികൾ ഈ നാടിന്റെ മനോഹാരിത പുറംലോകത്തെ അറിയിച്ചു. എരിപുരവും അടുത്തിലയും ചെങ്ങലുമെല്ലാം ചേർന്ന ഈ സ്ഥലമാണ് എരിപുരം സ്വദേശിയായ പ്രശസ്ത എഴുത്തുകാരൻ എൻ.പ്രഭാകരന്റെ തീയൂരിലെ കോമാളി, തീയൂർ രേഖകൾ, ജനകഥ എന്നീ നോവലുകളുടെ ഭൂമിക. മാടായിയും ഏഴോമുമെല്ലാമടങ്ങിയ നാട്ടിലെ ദളിത് വീരനായകനായിരുന്ന കാരി ഗുരുക്കളുടെ കഥയുമായി ബന്ധപ്പെട്ട പുലിജന്മം സിനിമ  ദേശീയ പുരസ്കാരം നേടുകയുമുണ്ടായി. വിദൂരഭൂതകാലത്തും വർത്തമാനകാലത്തും ചരിത്രത്തിലും സാഹിത്യത്തിലുമെല്ലാം നിറഞ്ഞുനില്ക്കുന്ന നാടിന്റെ ജനകീയചരിത്രമെന്നതാണ് ഗ്രാമചരിത്രമുണരുമ്പോൾ എന്ന കൃതിയുടെ സവിശേഷത. 

വാസ്തവത്തിൽ ഗ്രാമത്തെക്കുറിച്ചല്ല, തലസ്ഥാനത്തെക്കുറിച്ചാണ് ഏഴോം ചരിത്രം സംസാരിക്കുന്നത്. വില്യം ലോഗൻ തളിപ്പറമ്പ് പുഴയെന്ന് വിളിക്കുന്ന കുപ്പം പുഴയാണ് ഏഴോം ഗ്രാമത്തിന്റെ ഒരതിര്. പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതും സ്കൃതസാഹിത്യത്തിലെ ആദ്യത്തെ ചരിത്രകാവ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ മൂഷികവംശത്തിലെ കില്ലാനദി. രാമപുരം നദി മറ്റൊരതിര്. സംഘകാലത്ത് നന്ദന്റെ ഭരണകേന്ദ്രമായിരുന്ന പാഴിക്ക് (മാടായിപ്പാറ) ചുറ്റും പുഷ്ടിപ്പെട്ട സംസ്കാരത്തിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന ഏഴോമിന്റെ മഹാശിലായുഗകാലത്തെ ചരിത്രസൂചകങ്ങളിലേക്ക് വിശദമായി കടന്നുപോകുന്നു ഗ്രാമചരിത്രം.  മൂഷികവംശഭരണത്തിനുശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് ചരിത്രകാലഘട്ടത്തിൽത്തന്നെ ഏഴോം വീണ്ടും തലസ്ഥാനമായി മാറി എന്നതിന്റെ വിശദാംശമാണ് ഗ്രാമചരിത്രമുണരുമ്പോൾ എന്ന കൃതിയിൽ ചരിത്രാന്വേഷികളെ പിടിച്ചുനിർത്തുന്നത്. ഏഴോത്തെ അടുത്തിലത്തറയിൽ ശ്രീ തിരുവർകാട്ട് ഭഗവതിക്ഷേത്രം നിലകൊള്ളുന്നു. മാടായിക്കാവെന്നറിയപ്പെടുന്ന ഈ കാവും മാടായിക്കോട്ടയും കോലത്തിരിമാരുടെ തലസ്ഥാനം ദീർഘകാലം ഈ മേഖലയിലായിരുന്നെന്ന വിവരം നല്കുന്നു. തലസ്ഥാനനഗരിക്ക് തൊട്ട് താമസയോഗ്യമായ സ്ഥലത്ത് കോവിലകങ്ങളുണ്ടാകുന്നതും സ്വാഭാവികം. ആ നിലയിലാണ് മാടായിപ്പാറയുടെ, പാഴിയുടെ താഴ്വരയായ ഏഴോം കോവിലകങ്ങളുടെ നാടായതെന്ന് ഗ്രാമചരിത്രം വിരൽചൂണ്ടുന്നു. 

ഏഴോത്ത് പണ്ടേതന്നെയുണ്ടായിരുന്ന രാജകീയ കേന്ദ്രത്തിനടുത്തായി 18 നാലുകെട്ടുകളോടുകൂടിയ കോവിലകം ഉണ്ടാക്കിയിരുന്നെന്നും അതിന്റെ അവശിഷ്ടങ്ങളുണ്ടെന്നും സൂചിപ്പിക്കുന്നു. തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തുമുണ്ടായിരുന്ന കോവിലകങ്ങളിലുള്ളവരെയെല്ലാം അടുത്തിലയിലേക്ക് കൊണ്ടുവരികയായിരുന്നു. അന്തച്ഛിദ്രം ഒഴിവാക്കാനും ഭരണം സുഗമമാക്കാനും ഉദ്ദേശിച്ചാണ് അടുത്തിലയിൽ കോലത്തിരിമാരുടെ ആസ്ഥാനകോവിലകം. 18 നാലുകെട്ടുകളോടെ 18 കുടുംബങ്ങൾ.. ഒരിക്കലും കൂട്ടിയോജിപ്പാക്കാനാവാത്ത ഛിദ്രങ്ങളിലേക്കും ദുരന്തത്തിലേക്കുമാണത് വഴിതുറന്നതെന്ന ഇതേവരെ അത്രത്തോളം തുറസ്സായിരുന്നിട്ടില്ലാത്ത ചരിത്രഖനിയിലേക്കാണ് ഗ്രാമചരിത്രകാരന്മാർ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. 

18 താവഴി  പള്ളിക്കോവിലകവും ഉദയമംഗലം കോവിലകവും മാത്രമാണ് കാലപ്രവാഹത്തിൽ അവശേഷിച്ചത്. ഉദയമംഗലം കോവിലകം മീത്തലെ കോവിലകം, ചെറിയ കോവിലകം, കുഞ്ഞികോവിലകം, നടുവിലെ കോവിലകം എന്നിങ്ങനെ നാലായി. ഇതിൽ മീത്തലെ കോവിലകം തിരുവിതാംകൂറിൽ കൊട്ടാരക്കര, മറിയപ്പള്ളി, തിരുവല്ല എന്നിവിടങ്ങളിലേക്ക് മാറുകയായിരുന്നു. കുഞ്ഞിക്കോവിലകം പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽത്തന്നെ നാമാവശേഷമായി. പള്ളിക്കോവിലകം പള്ളിക്കോവിലകവും പുതുപ്പള്ളിക്കോവിലകവുമായി പിരിഞ്ഞു. അതിൽ പള്ളിക്കോവിലകത്തുനിന്നാണ് ചിറക്കൽ, തേണങ്കോട്, അടുത്തില പടിഞ്ഞാറ്, ചെങ്ങൽ, കവിണിശ്ശേരി (ചെറുകുന്ന്) എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1937-ൽ എടുത്ത റവന്യു കണക്ക് പ്രകാരം അടുത്തിലയിലും ചെങ്ങലിലുമായി 13 കോവിലകങ്ങളുണ്ടായിരുന്നു. അടുത്തിലയും ചെങ്ങലും ചേർന്ന ഏഴോം ഗ്രാമം വിശാലമായ പൂഴിനാടിന്റെ തലസ്ഥാനമായിരുന്നു ദീർഘകാലം എന്ന ചരിത്രത്തിലേക്കാണിത് ക്ഷണിക്കുന്നത്. 

വാസ്തവത്തിൽ കോലവംശം നാമാവശേഷമായതും ചിറക്കൽ വംശം മാത്രം അവശേഷിച്ചതും എങ്ങനെയെന്ന് ബെദനൂർ, മൈസൂർ ആക്രമണ ചരിത്രത്തിന്റെ വിശദമായ പ്രതിപാദനത്തിലൂടെ വ്യക്തമാക്കുന്നു. കോലത്തിരിമാരുടെ തലസ്ഥാനം പതിനഞ്ചാം നൂറ്റാണ്ടോടെയാണ് വളപട്ടണത്തേക്ക് മാറ്റിയെങ്കിലും ഭരണത്തിൽ മൂന്നാമനായ വടക്കിളംകൂറിന്റെ ഭരണകേന്ദ്രമായി അടുത്തില തുടർന്നു. കോലത്തിരി കുടുംബത്തിലെ തമ്മിൽത്തല്ല് ആ രാജകുടുംബത്തെ മാത്രമല്ല, നാട്ടിനെയാകെ നാശത്തിലേക്ക് തള്ളിയിട്ട സംഭവങ്ങളുടെ പ്രധാന രംഗങ്ങളെല്ലാം അരങ്ങേറിയത് ഏഴോത്താണ്.1692-ൽ അന്നത്തെ കോലത്തിരി മരിച്ചപ്പോൾ വളപട്ടണത്തെയും അടുത്തില, ചെങ്ങൽ കോവിലകങ്ങളും മാടായി കോട്ടയും ചേർന്ന ഏഴോത്തെ ഭരണകേന്ദ്രങ്ങളും തമ്മിൽ കടുത്ത പോര്‌ തുടങ്ങി. അതിനുമുമ്പുതന്നെ അടുത്തിലയിലെ വടക്കിളംകൂർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് തലശ്ശേരിയിൽ ഫാക്ടറി തുടങ്ങാൻ വലിയ രാജാവിന്റെ അനുമതി കൂടാതെ സ്ഥലം നല്കി. വളപട്ടണത്തെ പാണ്ടികശാല പൊളിച്ചാണ് തലശ്ശേരിയിൽ കമ്പനി സ്ഥിരം കേന്ദ്രം തുടങ്ങിയത്. ഇതേകാലത്തുതന്നെ കർണാടകയിൽ നിന്നുള്ള ഭരണക്കാരെ ക്ഷണിച്ചുവരുത്തി മലബാറിൽ അധിനിവേശത്തിന് വഴി തുറന്നതും ഏഴോത്തെ കോവിലകക്കാർതന്നെ. 1731-ൽ ബെദനൂർ നായ്ക്കന്മാരെ അടുത്തിലയിലെ ഉദയമംഗലം കോവിലകക്കാരാണ് വിളിച്ചുവരുത്തിയത്. സ്വന്തം കാരണവരായ കോലത്തിരിയെ ആക്രമിക്കാൻ. ഉത്തരകേരളത്തിലാകെ നാശം വിതച്ച, ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ യുദ്ധപരമ്പരകൾക്കാണത് തുടക്കം കുറിച്ചത്. ജയവും തോൽവിയും വീണ്ടും ജയവുമെല്ലാമടങ്ങിയ യുദ്ധപരമ്പരകൾ. ചെങ്ങലിലും എരിപുരത്തും വെള്ളുവ കമ്മുവിന്റെ നേതൃത്വത്തിൽ മൂത്ത കോലത്തിരിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ വിശദ കഥയും ഗ്രാമചരിത്രത്തിലുണ്ട്. 

പിന്നീട് ഹൈദരലിയും ടിപ്പുസുൽത്താനും മൈസൂർപ്പടയെ നയിച്ചെത്തുകയും ഭരണം െെകയടക്കുകയും ചെയ്തതും അതോടെ കോവിലകക്കാർ നാടുവിട്ടോടിയതും ജനങ്ങൾ നേതൃത്വമില്ലാതെ അവ്യവസ്ഥിതത്വത്തിലായതും പഴയ ചരിത്ര ഗ്രന്ഥങ്ങളിലൊന്നുമില്ലാത്ത വിശദാംശങ്ങളോടെ ഇതിൽചേർത്തിരിക്കുന്നു. സുൽത്താൻ ഭരണകാലത്ത് സുൽത്താൻകനാലുണ്ടാക്കിയ മഹാസംഭവവും ടിപ്പു പട്ടുവം തലസ്ഥാനമാക്കി ഭരിച്ചതിന്റെ വിശദാംശവും പുതിയ അറിവ് പോലെ ഈ ഗ്രാമചരിത്രത്തിൽ വായിക്കാം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൊളോണിയൽ ആധിപത്യത്തിനെതിരെ പഴശ്ശി രാജാവിന്റെ കാലത്തുതന്നെ ഏഴോത്തുനിന്നും വലിയൊരു പോരാട്ടം നടന്നിരുന്നുവെന്ന അത്ര പ്രസിദ്ധമല്ലാത്ത ചരിത്ര സത്യവും ഈ പുസ്തകം തുറന്നിടുന്നു. 1790-കളിൽ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പ്രലോഭനങ്ങൾക്കൊന്നും വഴങ്ങാതെ ദീർഘനാൾ പൊരുതുകയും ഭരണം കയ്യാളുകയും ചെയ്ത ചെങ്ങൽ കോവിലകത്തെ രവിവർമരാജ. രവിവർമരാജ 1798-ലാണ് രക്തസാക്ഷിയായത്. അലക്സാണ്ടർ ഡോവിന്റെ നേതൃത്വത്തിലുള്ള വെള്ളപ്പട്ടാളത്തോടേറ്റുമുട്ടിയായിരുന്നു മരണം. 

ചെങ്ങലിലെ പള്ളിക്കോവിലകത്തു നിന്നും തിരുവിതാംകൂർ കുടുംബത്തിലേക്ക് 13-ാം നൂറ്റാണ്ടുമുതൽ ദത്ത് നടന്നു. ആ ദത്തുകളിലൂടെയാണ് തിരുവിതാംകൂർഭരണത്തിന്റെ സാരഥ്യത്തിൽ ഏഴോം രേഖപ്പെടുത്തപ്പെട്ടത്. വഞ്ചിയൂർ തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കിയത് ഏഴോത്ത് നിന്ന് ദത്തെടുക്കപ്പെട്ട റാമിയുടെ പുത്രനായ വീരമാർത്താണ്ഡവർമായാണ്. 
തിരുവന്തപുരം കേരള തലസ്ഥാനമാകുന്നതിന്റെ തുടക്കം അതാണ്. പിന്നീട് ശ്രീ പത്മനാഭദാസൻ എന്ന പേരിൽ തൃപ്പടിത്താനം നടത്തി ഭരണം നടത്തിയ സാക്ഷാൽ മാർത്താണ്ഡവർമയുടെയും സ്വാതിതിരുനാളിന്റെയുമെല്ലാം അമ്മവീടും ഏഴോത്തെ കോവിലകം തന്നെ.

ഏഴോം ഗ്രാമത്തിന്റെ ചരിത്രം കേരളചരിത്രത്തിന്റെ മാത്രമല്ല, ഇന്ത്യാചരിത്രത്തിന്റെ തന്നെ അവിഭാജ്യഭാഗമാകുന്നത് സംഘകാലം മുതൽ ഏഴിമലയും മാടായിയും ചുറ്റുമുള്ള പ്രദേശങ്ങളും ഭരണകേന്ദ്രങ്ങളായതാണ്.
 രാഷ്ട്രീയചരിത്രത്തോടൊപ്പം പ്രദേശത്തിന്റെ സമൃദ്ധമായ കാർഷികചരിത്രവും മണ്ണിന്റെ സവിശേഷതകളുമെല്ലാം അതിവിശദമായി പ്രതിപാദിക്കുന്നുവെന്നതിനാൽക്കൂടിയാണ് ഗ്രമചരിത്രമുണരുമ്പോൾ ശ്രദ്ധേയമാകുന്നത്.
ഏഴോം ഗ്രാമപ്പഞ്ചായത്തിനുവേണ്ടി പ്രൊഫ. എം.വി.കണ്ണൻ ചീഫ്‌ എഡിറ്ററായ സമിതിയുടെ നേതൃത്വത്തിലാണ്‌ പുസ്തകം തയ്യാറാക്കിയത്.