മരണത്തിന്റെ കണക്കുപുസ്തകത്തിലാണ് കണ്ണൂരിന്റെ സമീപകാലചരിത്രം എഴുതിയത്. അതിന് ഓരോ രാഷ്ട്രീയപാർട്ടിയും താളുകൾ സംഭാവന നൽകി. ചുവപ്പും കാവിയും മറ്റേതിനേക്കാളും കൂടുതലാണെന്ന് മാത്രം. 'കണ്ണൂരെന്തേ ഇങ്ങനെ'.. എന്ന് പുറത്തുള്ളവർ ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം കണ്ണൂർ അക്രമത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. ' കണ്ണൂരിൽ എല്ലാം രാഷ്ട്രീയമാണ്' എന്നാണത്. 
    25 വർഷം കൊണ്ട് 104 രക്തസാക്ഷികൾ. കേരളത്തിലെ മറ്റൊരുജില്ലയ്ക്കും ഇങ്ങനെയൊരു അധ്യായം എഴുതിച്ചേർക്കാനാവില്ല. രാഷ്ട്രീയത്തിന്റെ പേരിൽമാത്രം വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കൊന്നവരുടെ കണക്കാണിത്. കവർച്ച, മോഷണം, മറ്റ് അടിപിടികൾ എന്നിങ്ങനെയുള്ള കാരണങ്ങളാലും മറ്റും കൊല്ലപ്പെടുന്നവർ ഈ കണക്കിൽപ്പെടില്ല. 42 സി.പി.എം., 41 ബി.ജെ.പി., 15 കോൺഗ്രസ്, നാല് ലീഗ്, രണ്ട് എൻ.ഡി.എഫ്.-ഇങ്ങനെയാണ് പോലീസിന്റെ കണക്കുപുസ്തകത്തിലെ രാഷ്ട്രീയ രക്തസാക്ഷികളുടെ നില. ഒമ്പതുമാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് അഞ്ചുപേർ. 
    രാഷ്ട്രീയപ്പാർട്ടികളുടെ മുദ്രാവാക്യംവിളിയുടെ അറ്റത്ത് ഓരോ രക്തസാക്ഷിയുടെയും ജീവന്റെ തുടിപ്പുണ്ട്. വലിയ ലക്ഷ്യത്തിനുവേണ്ടി വാരിക്കുന്തത്തിനുനേരെ വിരിമാറുകാട്ടി പാഞ്ഞടുത്ത മുൻകാല വിപ്ലവകാരികളുടെ ഓർമയുണ്ട്. മുമ്പ് ഓരോ മരണവും ഒരു ചരിത്രമായിരുന്നു.  പക്ഷേ, ഇപ്പോളങ്ങനെയല്ല. കൊല്ലുന്നതും കൊല്ലപ്പെടുന്നതും എന്തിനുവേണ്ടിയാണെന്ന് ആർക്കുമറിയില്ല.  

കനലുകെടാത്ത നെഞ്ചകം

 1994 ജനവരി 26ന് രാത്രിയാണ് എസ്.എഫ്.ഐ. നേതാവായിരുന്ന കെ.വി.സുധീഷ് കൊല്ലപ്പെടുന്നത്. സംഘടനായോഗം കഴിഞ്ഞ് രാത്രി വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു സുധീഷ്.  ഇരമ്പിയെത്തിയ അക്രമികൾ അച്ഛന്റെയും അമ്മയുടെയും മുമ്പിലിട്ടാണ് വെട്ടിക്കൊന്നത്. കൊല്ലുന്നതിന് ഇടവും നേരവും നോക്കേണ്ടതില്ലെന്ന പുതിയ പാഠത്തിന് തുടക്കമിട്ടത് അവിടെനിന്നാണ്. വീട്ടിൽക്കയറി വെട്ടുക, അതും നൊന്തുപെറ്റ അമ്മയ്ക്കും പ്രാണനായി കരുതുന്ന മക്കൾക്കും മുമ്പിലിട്ടായാലും കൈവിറയ്ക്കാതെ. അതിന്റെ ആദ്യത്തെ ഇരയായിരുന്നു സുധീഷ്. ഒടുവിലത്തേതാണ് പയ്യന്നൂരിലെ ബി.എം.എസ്. നേതാവും ഓട്ടോഡ്രൈവറുമായിരുന്ന രാമചന്ദ്രൻ. 
    2016 ജൂലായ് 11ന് രാത്രിയാണ് രാമചന്ദ്രൻ കൊല്ലപ്പെടുന്നത്. ഓട്ടോറിക്ഷയുടെ ഓട്ടം മതിയാക്കി, രാത്രിയിൽ ഭാര്യക്കും മക്കൾക്കും അരികിൽ ഇരിക്കുമ്പോഴായിരുന്നു കൊല്ലാനാളെത്തിയത്. അക്രമികളിൽനിന്ന് രക്ഷപ്പെടാൻ വാതിൽ തള്ളിപ്പിടിച്ചുനിന്നതായിരുന്നു രാമചന്ദ്രൻ. എന്നിട്ടും കൊല്ലാനെത്തിയവർ അകത്തുകടന്നു. മുറിക്കുള്ളിൽ ഭയന്ന് വാവിട്ട്‌ നിലവിളിക്കുന്ന ഭാര്യയും മക്കളുമുണ്ടായിരുന്നു. അവരുടെ മുമ്പിലിട്ടാണ് രാമചന്ദ്രനെ വെട്ടിക്കൊന്നത്. 
    'എണീക്കച്ഛാ.. ഓട്ടോ എടുക്കച്ഛാ..' തുന്നിക്കെട്ടികിടത്തിയ രാമചന്ദ്രന്റെ മൃതദേഹത്തിനരികിൽനിന്ന് കരഞ്ഞുവിളിച്ച മകളെ കണ്ടവരുടെയൊക്കെ നെഞ്ചകം പൊള്ളിപ്പോയിട്ടുണ്ട്. ഈ വേദനയ്ക്ക്‌ രാഷ്ട്രീയമില്ല. രാമചന്ദ്രന്റെ മാത്രമല്ല, അതിന് ഒന്നര മണിക്കർ മുമ്പ് കൊല്ലപ്പെട്ട സി.പി.എം.പ്രവർത്തകൻ ധനരാജിന്റെയും വീട്ടിനുള്ളിൽനിന്ന്‌ കേട്ടതും ഇതേ വിങ്ങലായിരുന്നു. കാലമെത്രകഴിഞ്ഞാലും മാറിയിട്ടുണ്ടാവില്ല, സുധീഷിന്റെ അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ നീറ്റൽ. കൊലപാതകങ്ങളുടെ സ്കോർ ബോർഡല്ല, ഇവരുടെ ഉള്ളിലെ കനലുകാണാൻ കണ്ണൂരിലെ രാഷ്ട്രീയ നേതാക്കൾക്കാവണം. 

310 കേസുകൾ 803 പ്രതികൾ 

 ഇപ്പോഴത്തെ സർക്കാർ അധികാരമേറ്റതിനുശേഷം 301 രാഷ്ട്രീയ അക്രമക്കേസുകളാണ് കണ്ണൂരിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ കൂത്തുപറമ്പ്, മുഴക്കുന്ന്, പയ്യന്നൂർ സ്റ്റേഷൻപരിധിയിലായി നാല് കൊലപാതകങ്ങളുമുണ്ട്. കോലക്കാവിൽ ഒരാൾ വീട്ടിനുള്ളിൽനിന്ന് ബോംബ് പൊട്ടിമരിച്ചു. ബോംബേറിലും വെട്ടേറ്റുമായി കുറേപ്പേർക്ക് മുറിവേറ്റു. കുറെ വീടുകൾ ആക്രമിക്കപ്പെട്ടു. ഈ രണ്ടുഗണത്തിലുമായി 171 കേസുകൾ രജിസ്റ്റർ ചെയ്തു. 803 പ്രതികളാണ് അഞ്ചുമാസത്തെ രാഷ്ട്രീയ അക്രമകേസുകളിലാകെയുള്ളത്. മെയ്‌മാസത്തിന് ശേഷം നടന്ന റെയ്ഡിൽമാത്രം ബോംബും തോക്കും മഴുവും വാളുകളുമായി 219 ആയുധങ്ങൾ കണ്ടെടുത്തു.     
    പിണറായി സർക്കാർ അധികാരത്തിൽവന്നതിന് ശേഷം കണ്ണൂരിൽ ഏകപക്ഷീയ അക്രമങ്ങൾ നടത്തുന്നുവെന്നാണ് ബി.ജെ.പി.യുടെ പരാതി. ഇക്കാര്യം പരിശോധിക്കാൻ കേന്ദ്രത്തിൽനിന്ന് എം.പി.മാരുടെ സംഘം വന്നു. അക്രമത്തിനിരയാകുന്നത് തങ്ങളുടെ പ്രവർത്തകരാണെന്നാണ് സി.പി.എമ്മിന്റെ പരാതി. പിണറായി സർക്കാരിന്റെ കാലത്ത് കലാപമുണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണെന്നും അവർ ആരോപിക്കുന്നു. ഇതു രണ്ടും ആരോപണങ്ങളായി നിലനിൽക്കട്ടെ. പക്ഷേ, കണ്ണൂരിലെ അക്രമങ്ങൾ പരിശോധിക്കുമ്പോൾ വിട്ടുവീഴ്ചയല്ല, എതിരാളികളുടെ രക്തം വീഴ്ത്താൻ വീറോടെ പൊരുതുന്നതിലാണ് എല്ലാവർക്കും താത്‌പര്യമെന്ന് തോന്നിപ്പോകും. 
    മെയ്‌മാസത്തിന് ശേഷം നടന്ന അക്രമങ്ങളിൽ പ്രതിചേർക്കപ്പെട്ടവരുടെ കണക്ക് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. സി.പി.എം,. പ്രവർത്തകരുടെ പരാതിയിൽ 100 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബി.ജെ.പി.ക്കാരുടെ പരാതിയിൽ 143 കേസുകളും. 58 കേസുകൾ മറ്റ് പാർട്ടിക്കാരുടെ പരാതിയിലാണ്. ഇതിനുപുറമെ, 117 കേസുകൾ പോലീസ് സ്വമേധയാ എടുത്തിട്ടുണ്ട്. അറസ്റ്റിലായവരിൽ 190 ബി.ജെ.പി. പ്രവർത്തകരും 458 സി.പി.എം.പ്രവർത്തകരുമാണ്. ശാരീരിക ആക്രമണത്തിനിരയായവരിൽ 63 സി.പി.എം.പ്രവർത്തകരും 86 ബി.ജെ.പി.ക്കാരുമാണ്. 
    സർക്കാരും പോലീസുമല്ല പ്രശ്നം. കണ്ണൂരിലെ രാഷ്ട്രീയനേതാക്കളുടെയും പ്രവർത്തകരുടെയും മനസ്സിലാണ് മാറ്റമുണ്ടാകേണ്ടത്. കൊന്നും കൊടുത്തും കണക്കുതീർക്കുമ്പോൾ ഇതിന്റെ വേദനയിൽ എരിഞ്ഞുതീരുന്നവരുണ്ടെന്ന് ഓർക്കണം. കാലത്തിന് മുമ്പേ പറന്നുപോകുന്നവരുടെ ജീവന് പകരമല്ല ഒന്നും. ചുരുങ്ങിയപക്ഷം, ആ കുടുംബത്തിനെങ്കിലും.

കണ്ണൂരിൽ എല്ലാം രാഷ്ട്രീയമാണ്

കണ്ണൂരിൽ എല്ലാം രാഷ്ട്രീയമാണെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിലെ പരിമാർശത്തിന് ഏറെ പ്രാധാന്യമുണ്ട്. വ്യക്തിതർക്കത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളുംവരെ രാഷ്ട്രീയ അക്കൗണ്ടിലേക്ക് വഴിമാറുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഓരോ പാർട്ടിക്കും സ്വാധീനമുള്ള മേഖലകളിൽ എതിർവിഭാഗത്തിലുള്ളവർ ഒറ്റപ്പെടും. ഇവർക്ക് ഒരുപാട് എതിർപ്പുകളും ദുരനുഭവങ്ങളും നേരിടേണ്ടിവരും. അതിനെതിരെ എന്തെങ്കിലും ശബ്ദിച്ചുപോയതിന്, ചെറുത്തുനിൽക്കാൻ ശ്രമിച്ചുപോയതിന് ശാരീരിക അക്രമങ്ങൾക്കിരയാകേണ്ടിവന്നവരുണ്ട്. അതിൽ കൊല്ലപ്പെട്ടവരുണ്ട്. അവരെയും രക്തസാക്ഷിപ്പട്ടികയിലേക്ക് മാറ്റും. പണമിടപാട് തർക്കം പോലും കണ്ണൂരിൽ രാഷ്ട്രീയമായി മാറുന്നുവെന്നാണ് കണ്ണൂർ അക്രമത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയുടെ അവലോകന റിപ്പോർട്ടിലെ ഉള്ളടക്കം. 
    തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് കണ്ണൂരിനെപ്പോലെ കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന ജില്ലകൾ. എന്നാൽ, കൊലപാതകത്തിന്റെ ജില്ലയായി അറിയപ്പെടാനുള്ള ദുര്യോഗം കണ്ണൂരിന് മാത്രമേയുള്ളൂ. 'കണ്ണൂരിൽ എല്ലാം രാഷ്ട്രീയമാണ്' എന്ന വിലയിരുത്തിലിന്റെ പ്രാധാന്യം ഇവിടെയാണ്. മറ്റുജില്ലകളിലെ കൊലപാതകങ്ങളിൽ രാഷ്ട്രീയ കൊലപാതകം വർഷത്തിൽ പരമാവധി അഞ്ചെണ്ണത്തിൽ കവിയില്ല. എന്നാൽ, കണ്ണൂരിൽ മറ്റുവിഭാഗത്തിലുള്ള കൊലപാതകങ്ങൾ അഞ്ചെണ്ണം വരില്ല. അതുകൊണ്ട്, കണ്ണൂരിലെ ഓരോ കൊലപാതകവും മാധ്യമങ്ങളിൽ വാർത്തയാകും. രാഷ്ട്രീയക്കാർ ഏറ്റെടുത്ത് ദേശീയപ്രാധാന്യത്തിലെത്തിക്കാൻ മത്സരിക്കും. 
    കൊലപാതകത്തിന്റെ രീതിക്കും ഉപയോഗിക്കുന്ന ആയുധത്തിനും കണ്ണൂരിൽ രാഷ്ട്രീയമുണ്ട്. വയറുകീറി കുടൽമാലയിൽ മണ്ണുവാരിയിടുന്നതും മുഖംവെട്ടിമുറിക്കുന്നതും ഒരു രീതിയാണ്. 'എസ്' കത്തി ഒരുവിഭാഗത്തിന്റെ രാഷ്ട്രീയ ആയുധമാകുന്നതും അങ്ങനെയാണ്. 
    ഒരു ചെറിയ ജോലിയും കുഞ്ഞുവീടും സ്വസ്ഥമായ കുടുംബ ജീവിതവും ആഗ്രഹിക്കുന്നവരാണ് കണ്ണൂരിലെയും യുവാക്കൾ. പ്രതിഷേധവും പ്രതിരോധവും അവരുടെ രാഷ്ട്രീയ-സാമൂഹ്യബോധത്തിന്റെയും സഹാനുഭൂതിയുടെയും പ്രതിഫലനമാണ്. ജന്മിവ്യവസ്ഥിതിക്കെതിരെ പോരടിച്ച, നെല്ലുപിടിച്ചെടുത്ത് പാവങ്ങൾക്ക് വിശപ്പടക്കാൻ നൽകിയ മുൻഗാമികൾ പകർന്നു നൽകിയ ബോധമാണത്. ആ ചരിത്രമുള്ള കണ്ണൂർ ഒപ്പംനടക്കുന്നവന്റെ രാഷ്ട്രീയം നോക്കി നെഞ്ചിലേക്ക് കത്തി കുത്തിയിറക്കാൻ പ്രേരിപ്പിക്കുന്ന അക്രമരാഷ്ട്രീയത്തിലേക്ക് വഴിതെറ്റി...

 bijuparavath@gmail.com