കേരളത്തിന്റെ കാർഷിക ഗവേഷണങ്ങളുടെ ഈറ്റില്ലമായ നീലേശ്വരം പടന്നക്കാട് ഫാമിന് (സർക്കാർ തെങ്ങിൻതോട്ടം) നൂറുവയസ്സ്. പ്രതിവർഷം ഒരുകോടിയിലേറെ രൂപയുടെ കാർഷികോത്‌പന്ന വിറ്റുവരവുള്ള, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പ്രധാന കേന്ദ്രമാണിത്. 1916-ൽ സ്ഥാപിച്ച തോട്ടത്തിന്റെ ശതാബ്ദിയുടെ ഭാഗമായി വൈവിധ്യവും നൂതനവുമായ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്‌. ഈ തോട്ടത്തിന്റെ അനുബന്ധസ്ഥാപനമായാണ് പടന്നക്കാട് കാർഷിക കോളേജ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ ഇവ രണ്ടും കേരള കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലാണ്.

 1947 ജൂണിലാണ് പടന്നക്കാട് തോട്ടത്തിൽനിന്ന് ആദ്യമായി സങ്കരയിനം തെങ്ങിൻ തൈകൾ ഉത്‌പാദിപ്പിച്ച് വിതരണം തുടങ്ങിയത്. 1957-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് നീലേശ്വരം പാലം നാടിന് സമർപ്പിച്ചതോടെ പടന്നക്കാട് തോട്ടവും വികസനക്കുതിപ്പിലായി.പടന്നക്കാട് തോട്ടത്തിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിയാണ് ആർ.എം.സാവൂർ. അദ്ദേഹം പഴയ മദിരാശി സർക്കാറിന്റെ കീഴിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറായിരുന്നു. സൗത്ത് കാനറയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. 1900-ൽ പടന്നക്കാട്ടെത്തിയ അദ്ദേഹം ഇവിടെ വീട് നിർമിച്ച് താമസം ആരംഭിച്ചു. വീടിനുചുറ്റും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നു കൊണ്ടുവന്ന നിരവധി മാവിനങ്ങൾ നട്ട് പരിപാലിക്കുകയും ചെയ്തിരുന്നു. പടന്നക്കാട് കാർഷിക കോളേജ് കാമ്പസിൽ ഇന്ന് നിലവിലുള്ള മാവുകൾ സാവൂറിന്റെ നിത്യസ്മാരകങ്ങളാണ്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചതും ഇവിടെത്തന്നെയാണ്. 

തെങ്ങുകളുടെ ഉത്‌പാദന-വിതരണത്തോടൊപ്പം പയറിനങ്ങൾ, പച്ചക്കറികൾ, വാഴകൾ, തീറ്റപ്പുൽ തുടങ്ങിയ ഹ്രസ്വകാല വിളകളും ആദ്യകാലങ്ങളിൽ കൃഷിചെയ്യാറുണ്ടായിരുന്നു. ടിxഡി സങ്കരയിനം തെങ്ങിൻതൈകളിലെ പോളിനേഷൻ വിഭാഗവും പടന്നക്കാട് തോട്ടത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു.പടന്നക്കാട് സർക്കാർ തെങ്ങിൻതോട്ടം 27 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നു. ഇതിൽ 18 ഹെക്ടറിലും കൃഷി തന്നെയാണ് പ്രധാനം. വൈവിധ്യങ്ങളായ പഴം-പച്ചക്കറി-ഫലവൃക്ഷ നടീൽവസ്തുക്കളുടെ സംസ്ഥാനത്തെ പ്രധാന ഉത്‌പാദനകേന്ദ്രമാണിത്. ഇതിൽ ഏറ്റവും പ്രാധാന്യം മാവിനങ്ങൾക്കാണ്. പ്രതിവർഷം ഒരുലക്ഷത്തോളം ഒട്ടുമാവിൻ ഗ്രാഫ്റ്റ് തൈകൾ ഇവിടെനിന്ന് പുറത്തേക്ക് പോകുന്നുണ്ട്. കൂടാതെ കശുമാവ്, തെങ്ങ്, കുരുമുളക്, പ്ളാവ്, പേര, ചെറി, നാരകം, റംബൂട്ടാൻ, ഫലവൃക്ഷങ്ങൾ, ഔഷധച്ചെടികൾ, വിവിധയിനം പച്ചക്കറിത്തൈകൾ, പപ്പായ, മുരിങ്ങ, അലങ്കാരച്ചെടികൾ, പൂച്ചെടികൾ തുടങ്ങിയ നാനാവിധങ്ങളായ നടീൽവസ്തുക്കളുടെ ഉത്‌പാദനകേന്ദ്രമാണിത്. കൂടാതെ മണ്ണിരക്കമ്പോസ്റ്റ്, മണ്ണിരകൾ, കൂൺവിത്തുകൾ എന്നിവയ്ക്കും പടന്നക്കാട് തോട്ടം കർഷകരുടെ ആശ്രയകേന്ദ്രമാണ്.

ജൈവകീടനാശിനികളുടെയും രോഗനാശിനികളുടെയും വിപുലമായ ഉത്‌പാദനകേന്ദ്രമാണിത്. കർഷകർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ കാർഷികപരിശീലന കേന്ദ്രമാണ് കാർഷിക കോളേജും തോട്ടവും. കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനുള്ള ധാരാളം ഭക്ഷ്യസംസ്കരണ പരിശീലനവും ഇവിടെ നടത്തുന്നുണ്ട്. കർഷകർക്ക്, കൃഷിയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങളുടെയും അവസാനവാക്കാണ് ഈ സ്ഥാപനം.മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി 1994-ലാണ് പടന്നക്കാട് കാർഷിക കോളേജ് അനുവദിച്ചത്. എന്നാൽ കെട്ടിട സൗകര്യങ്ങളുടെ പരിമിതി കാരണം ആദ്യ ബാച്ച് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലാണ് ആരംഭിച്ചത്. കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായശേഷം 1999-ൽ, മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരായിരുന്നു പടന്നക്കാട് കാർഷിക കോളേജ് നാടിന് സമർപ്പിച്ചത്.

അടുത്തകാലത്തായി പടന്നക്കാട് തോട്ടവും കാർഷിക കോളേജും വികസനത്തിന്റെ പാതയിലാണ്. വൈവിധ്യവും നൂതനവുമായ ഒട്ടേറെ പദ്ധതികൾ യാഥാർഥ്യമാക്കാൻ ഈ സർക്കാർ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അത്യുത്‌പാദനശേഷിയുള്ള ഏഴോം-3, ഏഴോം-4 എന്നീ നെൽവിത്തിനങ്ങൾ പുറത്തിറക്കിയത് കോളേജിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ഏഴോം അരിക്ക് ഭൗമസൂചികാപദവി ലഭിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി പ്രതിവർഷം 50,000 മുതൽ ഒരുലക്ഷം വരെ ടിഷ്യുകൾച്ചർ വാഴത്തൈകൾ ഉത്‌പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. 
ചക്ക, മാങ്ങ തുടങ്ങിയ പഴവർഗങ്ങളിൽനിന്ന്‌ നിരവധി ഉത്‌പന്നങ്ങളുണ്ടാക്കാനുള്ള അഗ്രോ-പ്രോസസിങ്‌ സെൻറർ, ഹോം സയൻസ് വിഭാഗത്തിൽ ആരംഭിച്ചു. കേരളത്തിൽ ആദ്യമായി നീരയുടെ ശാസ്ത്രീയ ഉത്‌പാദനത്തിനുള്ള പൈലറ്റ് പ്ളാൻറ്്‌ സ്ഥാപിച്ചു.  പ്രതിവർഷം ഒരുലക്ഷത്തോളം ഒട്ടുമാവിൻ തൈകൾ ഉത്‌പാദിപ്പിച്ച് വിതരണം ചെയ്യുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് പടന്നക്കാട് തോട്ടം.

ഏകദേശം 20 മുതൽ 40 ടൺ വരെ ട്രൈക്കോഡർമ, സൂഡോമോണാസ്, മെറ്റാറീസിയം, വെർട്ടിസീലിയം, ബ്യൂവേ റിയ, വേപ്പ് അധിഷ്ഠിത സോപ്പ് തുടങ്ങിയ ജൈവ കുമിൾ കീടനാശിനികൾ, കൂടാതെ സസ്യപോഷണത്തിന് ആവശ്യമായ വെർമിവാഷ്, പഞ്ചഗവ്യം, ജീവാമൃതം, അയർ (സൂക്ഷ്മമൂലകങ്ങളുടെ മിശ്രിതം) തുടങ്ങിയവയും ഉത്‌പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്.കോളേജിന് അഗ്രോ ടൂറിസം പദ്ധതിയിൽ പുഴയോര വിശ്രമകേന്ദ്രവും പാർക്കും തുടങ്ങാൻ പ്രഭാകരൻ കമ്മീഷൻ അംഗീകാരം നല്കിയിരുന്നുവെങ്കിലും ഫണ്ട് ലഭ്യമായില്ല..എന്നാൽ ഓഡിറ്റോറിയം, കർഷകപരിശീലന കേന്ദ്രം, ട്രെയിനീസ് ഹോസ്റ്റൽ, കാൻറീൻ തുടങ്ങിയവ യാഥാർഥ്യമായി. തോട്ടം പരിസരത്ത് ആധുനികസൗകര്യങ്ങളോടെ നിർമിച്ച അതിഥിമന്ദിരം ശതാബ്ദി സ്മാരകമായി ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്. 

10 രൂപ യന്ത്രത്തിൽ നിക്ഷേപിച്ചാൽ അത്യുത്‌പാദന ശേഷിയുള്ള ഏതുതരം ജൈവ പച്ചക്കറിവിത്തുകളും യഥേഷ്ടം ലഭിക്കുന്ന നൂതന സാങ്കേതികവിദ്യയോടുകൂടിയ വിത്ത്‌ വിതരണ യന്ത്രം (സീഡ്‌ വെൻഡിങ്‌ മെഷീൻ) പടന്നക്കാട്‌ കാർഷിക കോളേജിൽ സ്ഥാപിച്ചു. കോളേജിന്റെ അഗ്രിമ കാന്റീനിലാണ്‌ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്‌.യന്ത്രത്തിന്റെ സ്‌ക്രീനിൽ വിരലമർത്തിയാൽ ഓരോ വിത്തിന്റെ പേരും കോഡ്‌ നമ്പറും തെളിയും. അതിൽ 10 രൂപ നിക്ഷേപിച്ച്‌ ആവശ്യമുള്ള വിത്തിന്റെ കോഡിൽ വിരലമർത്തുമ്പോൾ വിത്ത്‌ പാക്കറ്റ്‌ പുറത്തേക്ക്‌വരും. എ1-വെണ്ട, എ2- കുമ്പളം എന്നീ ക്രമത്തിൽ 25-ഓളം ഇനം വിത്തുകൾ യന്ത്രത്തിൽനിന്ന്‌ ലഭിക്കും. ഇപ്പോൾ മഴക്കാല പച്ചക്കറിവിത്തുകളാണ്‌ ലഭിക്കുക. തുടർന്ന്‌ എല്ലാവിധ പച്ചക്കറിവിത്തുകളും ഓരോ കാലാവസ്ഥയ്ക്കനുസരിച്ച്‌ ലഭിക്കുന്ന രീതിയിലാണ്‌ യന്ത്രം സജ്ജീകരിച്ചിരിക്കുന്നത്‌. കാർഷിക സർവകലാശാലയിലെ കോളേജിൽ ആദ്യമായാണ്‌ ഇത്തരമൊരു യന്ത്രം സ്ഥാപിക്കുന്നത്‌. വിഷരഹിത ജൈവ പച്ചക്കറിവിത്തുകൾ യഥേഷ്ടം കർഷകർക്ക്‌ ലഭ്യമാക്കുന്ന നൂതനസംരംഭം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ്‌ അടുത്തിടെ ഉദ്‌ഘാടനം ചെയ്തത്‌