ധർമടം ഗവ.ബ്രണ്ണൻ കോളേജ് സ്ഥാപിതമായതിന്റെ 125-ാം വാർഷികാഘോഷം നടക്കുകയാണ്. കേരളമാകട്ടെ നിയമസഭാ തിരഞ്ഞെടുപ്പ് ആഘോഷത്തിന്റെ നടുവിലും. ബ്രണ്ണൻ കോളേജിലെ അധ്യാപകനായിരുന്ന,ആദ്യ കേരള നിയമസഭാംഗങ്ങളിലൊരാളും 125-ാംജന്മവാർഷികത്തിന്റെ നിറവിലാണ്.

   ആദ്യ കേരള നിയമസഭയിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അന്തരിച്ച പി.കെ.കോരുവാണ് കോളേജിന്റെ ശതോത്തര രജതജൂബിലി ആഘോഷത്തിനൊപ്പം തന്റെ 125-ാം ജന്മവാർഷികത്തിന്റെ നിറവിലെത്തിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള കേരളത്തിന്റെ ആദ്യ മന്ത്രിസഭ- ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭ-യെ താങ്ങിനിർത്തിയ സ്വതന്ത്രരിൽ കോരുവുമുണ്ടായിരുന്നു.

    1957-ലെ ആദ്യ നിയമസഭയിൽ ജനപ്രതിനിധികൾ 125 ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രനായിട്ടായിരുന്നു മത്സരം. കോൺഗ്രസ്സിലെ എം.വി.അബൂബക്കറിനെ 2635 വോട്ടിന് തറപറ്റിച്ചാണ് കോരു ആദ്യ നിയമസഭയുടെ ചരിത്രത്തിലേക്ക് പടികയറിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണച്ച 14 സ്വതന്ത്രരിൽ അഞ്ചുപേരാണ് വിജയിച്ചത്. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ (തലശ്ശേരി),ഡോ.എ.ആർ.മേനോൻ (തൃശ്ശൂർ), വി.രാമകൃഷ്ണപിള്ള (ഹരിപ്പാട്), ജോൺ കൊടുവാക്കോട് ( കുഴൽമന്ദം) എന്നീ സ്വതന്ത്രർക്കൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടി മന്ത്രിസഭയെ വെല്ലുവിളികളെയും ഭീഷണികളെയും കൂസാതെ അദ്ദേഹവും പിന്തുണച്ചു.

  1957-ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലായിരുന്നു. കമ്യൂണിസ്റ്റ് പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രന്മാർ പാർട്ടിക്കൊപ്പം നിൽക്കണമെന്നില്ല എന്ന വാർത്ത ഈ ഘട്ടത്തിൽ പരന്നു. ഇതു സംബന്ധിച്ച് പ്രതികരണം തേടിയപ്പോൾ വി.ആർ.കൃഷ്ണയ്യർ താൻ പാർട്ടിക്കൊപ്പമാണെന്ന് പ്രതികരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കോരു അടക്കമുള്ള സ്വതന്ത്ര എം.എൽ.എ.മാരും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നു. കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ എറണാകുളത്ത് മാർച്ച് 25 നു ചേർന്ന കമ്യൂണിസ്റ്റ് പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ സ്വതന്ത്രർ പങ്കെടുക്കുകയും ചെയ്തു. പലഘട്ടത്തിലും ഇവരെ പാർട്ടിയിൽ നിന്ന് അകറ്റാൻ ശ്രമമുണ്ടായെങ്കിലും എല്ലാവരും മലപോലെ ഉറച്ചുനിന്ന് ചരിത്രത്തിന്റെ ഭാഗമായി.

   പഴയ മദ്രാസ് സർക്കാരിന് കീഴിൽ 1923-ലാണ് അധ്യാപകനായി കോരു ജോലിയിൽ പ്രവേശിച്ചത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്ന അദ്ദേഹം ഒടുവിലാണ് ബ്രണ്ണനിലെത്തിയത്. ബ്രണ്ണൻ കോളേജ് തലശ്ശേരി പട്ടണത്തിൽ പ്രവർത്തിക്കുമ്പോഴാണ് കോരു അധ്യാപകനായെത്തിയത്. ഗണിതമായിരുന്നു വിഷയം. കോളേജിന്റെ ഭാഗമായ സ്കൂൾ വിഭാഗത്തിലെ അധ്യാപകനായിരുന്നു അദ്ദേഹം. അക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ഡെപ്യൂട്ടേഷനിലും കുറച്ചുകാലം അധ്യാപകനായിരുന്നു അദ്ദേഹം.

   ബ്രണ്ണനിൽ അധ്യാപകനായിരുന്ന കാലത്ത്, തലശ്ശേരിയിലെ സാഹിത്യ,സാംസ്കാരിക രംഗത്തും സക്രിയമായി കോരുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഗണിതമായിരുന്നു വിഷയമെങ്കിലും ജ്യോതിശ്ശാസ്ത്രത്തിലും നല്ല പ്രാവീണ്യമായിരുന്നു. സംസ്കൃതത്തിൽ രചിച്ച പ്രശസ്ത ഭാരതീയ ഗണിതശാസ്ത്ര ഗ്രന്ഥമായ 'ലീലാവതി' യെക്കുറിച്ച് അദ്ദേഹം കോളേജ് മാഗസിനിൽ 'ലീലാവതിയും ബീജഗണിതവും' എന്ന പേരിൽ ലേഖനമെഴുതിയിരുന്നു. വേദഗണിതത്തെയും മറ്റുമുള്ള ഗവേഷണങ്ങളിൽ പലരും ഇദ്ദേഹത്തിന്റെ ഗണിതപഠനങ്ങളെ അവലംബിച്ചിട്ടുണ്ട്.

  1944-ലാണ് ബ്രണ്ണനിൽ നിന്ന് കോരു വിരമിച്ചത്. അതേ വർഷത്തെ ബ്രണ്ണൻ മാഗസിനിൽ കോരുവിന് പ്രണാമമർപ്പിച്ച് കെ.കേശവൻ വാഴുന്നവർ എന്ന വിദ്യാർഥിയെഴുതിയ മംഗളപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   'നാളെയും പതിവുപോൽ പുസ്തകങ്ങളുമേന്തി-
  ക്കോളേജിൽ പഠിയ്ക്കുവാൻ ഞങ്ങൾ വന്നെത്തും; പക്ഷേ,
  കേൾക്കുകയില്ല ജ്ഞാനോദ്ദീപകങ്ങളാം ഭവ-
  വാക്യങ്ങളെത്രനേരം കാത്തുകാത്തിരുന്നാലും! '

   അദ്ദേഹത്തിന് നൽകിയ മംഗളപത്രത്തിലെ ഈ വരികൾ ഗുരുവിനോട് വിദ്യാർഥികൾക്കുള്ള ആദരവ് വ്യക്തമാക്കുന്നതാണ്.

  തൃശ്ശൂർ ജില്ലയിലെ എളവള്ളി വില്ലേജിലെ ചിറ്റാട്ടുകര ഗ്രാമത്തിൽ 1890 ജനവരി 15-നാണ് കോരുവിന്റെ ജനനം. ഇദ്ദേഹത്തിന്റെ കുടുംബ വിവരങ്ങളും മറ്റും കൂടുതലായൊന്നും ലഭ്യമല്ല. 1968 ജനവരി 16-നായിരുന്നു അദ്ദേഹത്തിന്റെ മരണം.

  'നക്ഷത്ര ദീപിക', 'ജ്യോതിഷ ബാലബോധിനി', 'മലയാളം സാങ്കേതിക നിഘണ്ടു' എന്നീ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. പുതുമന സോമയാജിയുടെ സംസ്‌കൃതത്തിലുള്ള ഗണിത ശാസ്ത്ര ഗ്രന്ഥമായ 'കരണപദത്തി' യുടെ മലയാള വ്യാഖ്യാനവും തയ്യാറാക്കിയിട്ടുണ്ട്.