ഒരു നൂറ്റാണ്ടിന്റെ ചരിത്രസാക്ഷിയാണ് തലശ്ശേരി കടൽപ്പാലം. ഇപ്പോഴും വലിയ കേടുപാടുകളില്ലാത്ത പാലം സംരക്ഷിച്ചാൽ നിലനിർത്താവുന്ന അവസ്ഥയിലാണ്. അല്ലെങ്കിൽ പാലം കടലെടുക്കുമെന്നത് തീർച്ച...

ഒരു കാലത്ത് യൂറോപ്പിനെ കേരളക്കരയിലേക്ക് വലിച്ചടുപ്പിച്ച പാലം. ആ പാലത്തിലൂടെ ഒരു പട്ടണം തന്നെ പ്രധാന വാണിജ്യകേന്ദ്രമെന്ന നിലയിൽ വളർന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല.

 തലശ്ശേരി പട്ടണമാണ് കടൽപ്പാലത്തിലെ ചരക്ക് കയറ്റിറക്കുമതിയിലൂടെ വണിജ്യകേന്ദ്രമെന്ന നിലയിൽ വികസിച്ച് ചരിത്രത്തിലിടം പിടിച്ചത്.

  ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു തലശ്ശേരി. പഴയ കോട്ടയം താലൂക്കിന്റെ മലയോരങ്ങളിൽ നിന്നും കുടക്, വയനാട് മലയോരങ്ങളിൽ നിന്നും നാണ്യവിളകളും സുഗന്ധദ്രവ്യങ്ങളും ശേഖരിച്ച് തലശ്ശേരി കടപ്പുറത്തെ പാണ്ടികശാലകളിൽ ശേഖരിക്കുകയും അവിടെ നിന്ന് കടൽപ്പാലം വഴി കപ്പലുകളിലെത്തിക്കുകയുമാണ് ചെയ്തിരുന്നത്. തലശ്ശേരി പട്ടണത്തിലെ വ്യാപാരവും തൊഴിലും അക്കാലത്ത് കടൽപ്പാലത്തെയും പാണ്ടികശാലകളെയും കേന്ദ്രീകരിച്ചായിരുന്നു.

   1910-ൽ ബ്രിട്ടീഷുകാരാണ് വാണിജ്യാവശ്യത്തിനായി തലശ്ശേരി കടൽപ്പാലം നിർമിച്ചത്. കപ്പലുകൾക്ക് കടപ്പുറത്ത് അടുക്കാവുന്ന ആഴമില്ലാത്തതുകൊണ്ടാണ് പാലം നിർമിക്കേണ്ടി വന്നത്. കരയിൽ നിന്നും കടലിലേക്ക് തള്ളിനിൽക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്.

കടലിൽ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്. പുറം കടലിൽ നങ്കൂരമിടുന്ന കപ്പലിൽ നിന്ന് ചരക്കുകൾ ഉരുവിലും പത്തേമാരിയിലുമായി കരയിലെത്തിക്കാനും കപ്പലുകളിലേക്ക് കരയിൽ നിന്ന് നാണ്യവിളകളും മറ്റും എത്തിക്കാനും കടൽപ്പാലം ഉപയോഗിച്ചു. 1960-കളുടെ അവസാനം വരെ ചരക്കുകടത്തലിന്റെ ആരവം നിറഞ്ഞതായിരുന്നു തലശ്ശേരി കടൽപ്പാലവും പാണ്ടികശാലകളും. കരവഴിയുള്ള ചരക്കുകടത്ത് കൂടിയതോടെ കടൽപ്പാലത്തിന്റെ വാണിജ്യപ്രാധാന്യം കുറഞ്ഞു.

  ഈ സാഹചര്യത്തിലാണ് സായാഹ്നങ്ങൾ ചെലവഴിക്കാനെത്തുന്നവരുടെ കേന്ദ്രമായി കടൽപ്പാലം മാറിയത്. പത്തുവർഷം മുമ്പുവരെ വൈകുന്നേരങ്ങളിൽ കാറ്റു കൊള്ളാനെത്തുന്നവരാൽ നിറഞ്ഞിരുന്നു കടൽപ്പാലം. എട്ട് വർഷം മുമ്പ് ചില ഭാഗങ്ങൾ തകർന്നതിനാൽ വാഹനം കടക്കുന്നത് തടയാൻ കവാടത്തിൽ മതിൽകെട്ടി.

വാണിജ്യ പ്രാധാന്യം അവസാനിച്ചതോടെ പാലം സംരക്ഷിക്കുന്ന കാര്യം അധികൃതർ മറന്നു. ക്രമേണ പാലത്തിന്റെ തൂണുകൾ ദ്രവിക്കാൻ തുടങ്ങി. മുകളിലെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് പല സ്ഥലത്തും വിള്ളലുകൾ വീണിട്ടുണ്ട്. ചില ഭാഗത്ത് സ്ളാബുകൾ അടർന്നുപോയി.

മാലിന്യവും കഞ്ചാവും
മാലിന്യവും പഴയ വാഹനങ്ങൾ പൊളിച്ചതിന്റെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നതാണ് കടൽപ്പാലത്തിലേക്കുള്ള വഴി. പൊടിപടലം നിറഞ്ഞ അന്തരീക്ഷം. അറവ് മാലിന്യങ്ങളുടെ ചീഞ്ഞനാറ്റം. പരിസരത്ത് പൊളിഞ്ഞുവീഴാറായ പഴയ പാണ്ടികശാലകളുടെ മടുപ്പിക്കുന്ന കാഴ്ച. പാലത്തിലേക്കെത്താനുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതാണ്. എങ്കിലും ഇന്നും ദിനംപ്രതി നൂറോളം പേരാണ് സായാഹ്നം ചെലവഴിക്കാനായി കടൽപ്പാലം തേടിയെത്തുന്നത്.

   ഇന്ന് കടൽപ്പാലവും പരിസരവും കഞ്ചാവിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഒരു പ്രധാന വിൽപ്പന കേന്ദ്രമാണ്. ഇടനിലക്കാർ ഇവിടെ ചുറ്റിപ്പറ്റി നിൽക്കുന്നു. ആവശ്യക്കാരെത്തുമ്പോൾ രഹസ്യമായി കൈമാറുന്നു. നഗരത്തിന്റെ തിരക്കുകളില്ലാത്ത ഒറ്റപ്പെട്ട സ്ഥലമായതിനാൽ ഇത്തരക്കാർക്ക് ഇതൊരു സൗകര്യമാണ്. നേരം ഇരുട്ടിയാൽ ഇതുകൊണ്ടൊക്കെത്തന്നെ ഇവിടെ തങ്ങാനാകില്ല. ലഹരിവസ്തുക്കളുടെ വിൽപ്പന തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. പാലം സംരക്ഷിച്ച് വിനോദസഞ്ചാരത്തിനായി മാറ്റിയെടുത്താൽ സാമൂഹിക വിരുദ്ധരെ ഇവിടെ നിന്ന് തുരത്താനുമാകും.

താങ്ങിനിർത്താൻ
     തലശ്ശേരിയുടെ പഴയകാല വാണിജ്യപ്രതാപത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളിലൊന്നായ കടൽപ്പാലം സംരക്ഷിക്കാൻ പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്നപ്പോൾ പൈതൃക സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കടൽപ്പാലം സംരക്ഷിക്കുന്നതിന് കൂടിയാലോചനകൾ നടന്നിരുന്നു. തകർച്ച നേരിടുന്ന പാലം സംരക്ഷിച്ച് വിനോദസഞ്ചാര വികസനത്തിന് മുതൽക്കൂട്ടാക്കുകയായിരുന്നു ലക്ഷ്യം. പാലത്തിന്റെ ഉപരിതലം ടൈൽസ് പാകൽ, പ്രവേശന കവാടത്തിന്റെ ഇരുവശത്തും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും സഞ്ചാരികൾക്ക് വിശ്രമിക്കുവാനും സൗകര്യമൊരുക്കൽ തുടങ്ങി ഒട്ടേറെ നിർദേശങ്ങളുണ്ടായിരുന്നു. ഒന്നും നടപ്പിലായില്ല.  സംരക്ഷണ നടപടികൾ സ്വീകരിച്ചാൽ നിലനിർത്താവുന്ന അവസ്ഥയിലാണ് പാലമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പിലെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പാലം സംരക്ഷണത്തിന് ഹാർബർ എൻജിനിയറിങ്‌ വകുപ്പ് 10 കോടി രൂപയുടെ ഒരു പദ്ധതി നിർദേശം  സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ആറ്‌ മാസത്തിലേറെയായിട്ടും ഇതിനൊന്നും തുടർനടപടികളുണ്ടായില്ല.