കണ്ണൂര്‍: തിരഞ്ഞെടുപ്പ് തലേന്നും പോളിങ് ദിവസവും ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം തിരക്കിന്റെയും സമ്മര്‍ദത്തിന്റെയും കനത്ത ഉത്തരവാദിത്വത്തിന്റെയും ദിവസങ്ങളാണ്. ഒപ്പം കൗതുകത്തിന്റെയും നര്‍മത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ദിനങ്ങളും. ദുരനുഭവത്തിന്റെ ഓര്‍മകളും കാണും പലര്‍ക്കും. പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍ എന്നിവരെക്കൂടാതെ സാനിറ്റൈസര്‍ വിതരണംചെയ്തയാള്‍ക്കും സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനുംവരെയുണ്ടാകും രസച്ചരടില്‍ കോര്‍ത്ത അനുഭവങ്ങള്‍. ഉദ്യോഗസ്ഥര്‍ക്കുണ്ടായ അനുഭവങ്ങളേറെയും ഇത്തവണ കള്ളവോട്ടുമായി ബന്ധപ്പെട്ടതാണ്. 'നെഗറ്റീവും' അല്ലാത്തതുമായ അനുഭവങ്ങളുടെ കനത്ത പോളിങ് നടന്ന ബൂത്തുകളിലെ ചില കാഴ്ചകളിതാ..

സഹകരിച്ചാല്‍ നാളെയും മൂത്രമൊഴിക്കാം

സംഭവംനടന്നത് പയ്യന്നൂര്‍ മണ്ഡലത്തിലെ ബൂത്തില്‍. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാനെത്തിയവര്‍ക്കുനേരേ ഫസ്റ്റ് പോളിങ് ഓഫീസര്‍ മുഖം കറുപ്പിച്ചു. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ഒരു കാരണവശാലും വോട്ട് അനുവദിക്കില്ലെന്നായി അദ്ദേഹം. മൊബൈല്‍ ഫോണിലെടുത്ത തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ പോരേ എന്നായി ആഗതര്‍. പോരെന്ന് ഉദ്യോഗസ്ഥന്‍. വോട്ട് ചെയ്യാനെത്തിയവര്‍ക്ക് ചുരുക്കത്തില്‍ നിരാശനായി മടങ്ങേണ്ടിവന്നു. അല്പനേരത്തിനുശേഷം ഉദ്യോഗസ്ഥന്‍ മൂത്രമൊഴിക്കാനായി ശൗചാലയത്തിലേക്ക് നീങ്ങി. തൊട്ടുപിറകെ വെച്ചുപിടിച്ച് മൂന്നുപേര്‍. ഉദ്യോഗസ്ഥന്‍ കാര്യം സാധിക്കുന്നതിനുമുമ്പെ വന്നു, പിറകെയെത്തിയവരുടെ മുന്നറിയിപ്പ്: സഹകരിച്ചാല്‍ നിങ്ങള്‍ക്കും നല്ലത്, ഞങ്ങള്‍ക്കും നല്ലത്. നാളെയും മൂത്രമൊക്കെ ഒഴിക്കേണ്ടതല്ലേ...''

ഇവിടെ ഹൈ ടെന്‍ഷന്‍...അവിടെ നോ ടെന്‍ഷന്‍...

ധര്‍മടം മണ്ഡലത്തിലെ ബൂത്തിലാണ് സംഭവം. 596 വോട്ടില്‍ നാനൂറെണ്ണവും സമാധാനമായി പോള്‍ചെയ്ത് നില്‍ക്കുന്ന സമയത്താണ് വൈകീട്ട് ആറോടെ ഉദ്യോഗസ്ഥരെത്തേടി ആ വിവരമെത്തുന്നത്. കോവിഡ് ബാധിതരായ മൂന്നുപേര്‍ വോട്ട് ചെയ്യാനെത്തുന്നു! ജീവിതത്തിലാദ്യമായി പി.പി.ഇ. കിറ്റിനുള്ളില്‍ കയറിപ്പറ്റാന്‍ പെട്ട പാട് ഉദ്യോഗസ്ഥര്‍ക്കേ അറിയൂ. സര്‍വസുരക്ഷാ സന്നാഹങ്ങളോടെ നില്‍ക്കുമ്പോഴേക്കും ആഗതരെത്തി. സാദാ വസ്ത്രമണിഞ്ഞ് വളരെ 'കൂളായി' ഓട്ടോറിക്ഷയില്‍! ഞെട്ടിയത് ഉദ്യോഗസ്ഥരോടൊപ്പം ബൂത്തിലുണ്ടായിരുന്ന മറ്റുള്ളവരും. കോവിഡ് സുരക്ഷാവസ്ത്രമണിയാതെ വോട്ട് ചെയ്യാനനുവദിക്കില്ലെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാടെടുത്തതോടെ സുരക്ഷാ കിറ്റണിഞ്ഞ് വോട്ടിങ് നടന്നു.

പെട്ടത് സസ്യാഹാരികള്‍

ഇനി ശുദ്ധ സസ്യാഹാരിയായ ഒരു പോളിങ് ഉദ്യോഗസ്ഥനുണ്ടായ അനുഭവം നോക്കാം: ഉച്ചയ്ക്ക് ലഭിച്ച പൊതിച്ചോറിനകത്ത് മീന്‍കറിയും പച്ചക്കറിയും പ്രത്യേകം പ്ലാസ്റ്റിക് കവറുകളിലാക്കി റബ്ബര്‍ ബാന്‍ഡ് കെട്ടി സൂക്ഷിച്ചിരിക്കുന്നു! മാനസികമായി വല്ലായ്മതോന്നിയ ഉദ്യോഗസ്ഥന് ഉച്ചഭക്ഷണം ഒഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ ഈനിലയില്‍ തുടര്‍ന്നതോടെ ഉദ്യോഗസ്ഥന് തലകറങ്ങി. ആസ്പത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷമാണ് അദ്ദേഹം പൂര്‍വസ്ഥിതി പ്രാപിച്ചത്.

അച്ഛന്റെ പേര് മറന്നു

ജില്ലയിലെ ശ്രദ്ധാകേന്ദ്രമായ മണ്ഡലത്തിലാണ് സംഭവം. വൈകീട്ട് നാലോടെ വോട്ട് ചെയ്യാനെത്തിയ വനിതാ വോട്ടറുടെ ശരീരഭാഷയില്‍ സംശയംതോന്നിയ ഉദ്യോഗസ്ഥന്‍ അവരോട് അച്ഛന്റെ പേര് ചോദിച്ചു.

ചോദ്യംകേട്ട് വോട്ടര്‍ ആദ്യമൊന്ന് വിരണ്ടു. പിന്നെ വിളിപ്പാടകലെയുള്ള ബൂത്ത് ഏജന്റിനോട് ഉച്ചത്തില്‍ ഒരു ചോദ്യം: ''ഡാ മോനേ, എന്തായിരുന്നെടാ എന്റെ അച്ഛന്റെ പേര് ?'' ഇത്തവണ ഞെട്ടിയത് ഉദ്യോഗസ്ഥരും ബൂത്തിലുണ്ടായിരുന്ന മറ്റുള്ളവരും. ഇതിന് തൊട്ടുള്ള മണ്ഡലത്തിലെ ബൂത്തില്‍ കൃത്രിമ വോട്ടര്‍കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയവരോട് സംശമുള്ളതിനാല്‍ ഫോട്ടോ എടുക്കണമെന്നായി പ്രിസൈഡിങ് ഓഫീസര്‍.

കടുംപിടിത്തംപിടിച്ച ഓഫീസര്‍ക്ക് കിട്ടിയത് തെറിയുടെ അഭിഷേകം. ഉദ്യോഗസ്ഥന് ചങ്കുറപ്പ് അല്പം ജാസ്തിയായതിനാല്‍ ഇത്തരക്കാര്‍ വോട്ട് ചെയ്യാതെ മടങ്ങേണ്ടിവന്നുവെന്നുമാത്രം.

വികാരത്തള്ളിച്ചയില്‍ കോവിഡിനെ മറന്നു

കോവിഡ് പോസിറ്റീവായ ആള്‍ വൈകീട്ട് ആറേകാലോടെ വോട്ട് ചെയ്യാനെത്തിയത് സുരക്ഷാ കിറ്റ് ധരിക്കാതെ. ആളുടെ പാര്‍ട്ടിയേതെന്ന് വ്യക്തമായി അറിയാവുന്ന എതിര്‍പാര്‍ട്ടിക്കാരില്‍ പ്രതിഷേധം സടകുടഞ്ഞെണീറ്റു. സുരക്ഷാവേഷമണിയാതെ വോട്ട് ചെയ്യാനാവില്ലെന്നുപറഞ്ഞ് എതിരാളികള്‍ വോട്ടറെ ബലമായി പിടിച്ചുമാറ്റി. ഇവരെല്ലാം ബുധനാഴ്ച കോവിഡ് പരിശോധന നടത്തിയിട്ടുണ്ടാവാനാണ് സാധ്യത. വികാരത്തള്ളിച്ചയില്‍ കോവിഡ് രോഗിയെയാണ് തങ്ങള്‍ പിടിച്ചുമാറ്റന്നതെന്നകാര്യം പലരും മറന്നു എന്നതാണ് കാര്യം. സാധാരണയായി രണ്ട് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കൂടുതല്‍ ബൂത്തുകള്‍ നിലവില്‍വന്നതറിയാതെ പഴയ ബൂത്തിലെ നിരയില്‍ ദീര്‍ഘനേരം കാത്തുനിന്നവരുണ്ട്. ഇവരുടെ സമയത്തോടൊപ്പം മറ്റുള്ളവരുടെ സമയവും പാഴായത് മിച്ചം