ചിറ്റാരിപ്പറമ്പ്: കൊടുവാള്‍കൊണ്ട് കവിളത്ത് വെട്ടേറ്റ് അമ്പതുകാരന്റെ താടിയെല്ലും നാല് പല്ലും തകര്‍ന്നു. പരിക്കേറ്റ മുടപ്പത്തൂരിലെ കുന്നുമ്മല്‍ രാമചന്ദ്രനെ (50) തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മുടപ്പത്തൂരിലെ വാഴയില്‍ ധര്‍മനെ (50) കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. മാനസികവിഭ്രാന്തിയുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

മുടപ്പത്തൂരിലാണ് സംഭവം. വയല്‍ക്കരയില്‍ വീണ അടക്ക പെറുക്കുകയായിരുന്നു രാമചന്ദ്രന്‍. കൊടുവാളുമായി സമീപത്തുകൂടി നടന്നുപോകുകയായിരുന്ന വാഴയില്‍ ധര്‍മന്‍ പെട്ടെന്നാണ് രാമചന്ദ്രന്റെ തലയ്ക്ക് നേരെ കൊടുവാള്‍ വീശിയത്. കൊടുവാള്‍ വീശുന്നത് കണ്ട് തലവെട്ടിച്ച രാമചന്ദ്രന്റെ കവിളത്താണ് വെട്ടേറ്റത്.

കവിള് തുളച്ചെത്തിയ കൊടുവാള്‍ രാമചന്ദ്രന്റെ നാല് പല്ലും താടിയെല്ലും തകര്‍ത്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാമചന്ദ്രനെ ആസ്പത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തുവെച്ച് പിടികൂടിയ വാഴയില്‍ ധര്‍മനെ നാട്ടുകാര്‍ കോഴിക്കോട് കുതിരവട്ടം മാനസികാസ്പത്രിയില്‍ എത്തിച്ചെങ്കിലും മതിയായ പരിശോധനാരേഖകള്‍ ഇല്ലാത്തതിനാല്‍ തിരിച്ചയക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ധര്‍മനെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു.