ഇരിട്ടി: ചോറും സാമ്പാറും കൂട്ടിയുള്ള ഉച്ചയൂണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് നന്നേ പിടിച്ചു. ഓരോ കറികളുടെ പേരും കൈയില്‍ കരുതിയ കൊച്ചുപുസ്തകത്തില്‍ അദ്ദേഹം കുറിച്ചിട്ടു. കേരളത്തിന്റെ രുചിവൈവിധ്യം കേന്ദ്രമന്ത്രിയുടെ നാവില്‍ തങ്ങിനിന്നു. കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഴക്കുന്ന് വിളക്കോട്ടെ വടക്കിനിയില്ലം കോളനി സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. ആദിവാസികള്‍ക്കൊപ്പമിരുന്നായിരുന്നു ഉച്ചഭക്ഷണം. കോളനിയിലെ പ്രായംകൂടിയ സ്ത്രീ വെള്ളച്ചി മന്ത്രിക്കൊപ്പമിരുന്നു. എങ്കിലും മന്ത്രിയുടെ സംശയങ്ങളൊന്നും വെള്ളച്ചി കേട്ടില്ല. മുന്നിലെ വിഭവസമൃദ്ധമായ സദ്യയിലായിരുന്നു വെള്ളച്ചിയുടെ ശ്രദ്ധ മുഴുവന്‍. 

മന്ത്രിയുടെ പിറകില്‍നിന്ന ബി.ജെ.പി. നേതാവ് മോഹനന്‍ മാനന്തേരിയാണ് കറികളുടെ പേര് അദ്ദേഹത്തിന് പറഞ്ഞുകൊടുത്തത്. പച്ചടിയായിരുന്നു മന്ത്രിയെ ഏറെ ആകര്‍ഷിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മന്ത്രി കോളനിയിലെത്തിയത്. ഭക്ഷണം കഴിച്ച് തുടങ്ങാമെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് കയറാതെ ഊണിനിരിക്കുകയായിരുന്നു. ഭക്ഷണത്തിനുശേഷം കോളനിയിലെ സുഭാഷ്-ശാന്തി ദമ്പതിമാരുടെ വീട്ടിലെത്തിയ മന്ത്രി വീടിന്റെ ഉമ്മറത്തെ തറയിലിരുന്ന് വീട്ടുകാരോട് കോളനിയിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് പ്രദേശത്തെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. കോളനിയിലെ കയമ മൂപ്പനെ ആദരിക്കുകയും ചെയ്തു. 

പരിപാടിയില്‍ ആര്‍.പി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ മാനന്തേരി മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ദേശീയസമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, സംസ്ഥാന സമിതിയംഗം വി.വി.ചന്ദ്രന്‍, ആര്‍.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബി.ഡി.ജെ.എസ്. നേതാക്കളായ പൈലി വാത്യാട്ട്, എന്‍.ഐ.സുകുമാരന്‍, ദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.