മഹാത്മാഗാന്ധിയെക്കുറിച്ച് പലരും പലവിധത്തിൽ പഠനം നടത്തിയിട്ടുണ്ടാകാം. എന്നാൽ തപാൽസ്റ്റാമ്പുകളിലൂടെ മഹാത്മാഗാന്ധിയുടെ  ജീവിതം നോക്കിക്കാണുക. അതിലൂടെ ഗാന്ധിജിയെക്കുറിച്ച് പഠിക്കുക. അങ്ങനെ ചെയ്തവർ അപൂർവമായിരിക്കും. ആ അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് കാഞ്ഞങ്ങാട് കോടോം-ബേളൂർ കാലിച്ചാനടുക്കത്തെ  ടോം വടക്കുംമൂല എന്ന അറുപത്തിമൂന്നുകാരൻ കർഷകൻ. അതുകൊണ്ടുതന്നെയാകണം ലോകം മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ ഒരു നിമിത്തമെന്നോണം ടോം വടക്കുംമൂലയെ തപാൽവകുപ്പിന്റെ അപൂർവ നേട്ടം തേടിയെത്തിയത്. 2019 നവംബർ 26 മുതൽ 29 വരെ തിരുവനന്തപുരത്ത് നടന്ന 14-ാമത്  കേരള ഫിലാറ്റിക് പ്രദർശനത്തിൽ മഹാത്മാഗാന്ധി എന്ന വിഷയത്തിലാണ് ടോം വടക്കുംമൂല ആദരിക്കപ്പെട്ടത്. 

ഗാന്ധിജിയയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായാണ് മഹാത്മാഗാന്ധി എന്ന വിഷയത്തിൽ പ്രത്യേക മത്സരം നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി സ്റ്റാമ്പ് പ്രേമികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാംസ്ഥാനത്തോടെ മികച്ച പ്രദർശകനായി ടോം വടക്കുംമൂല തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ടുള്ള നൂറിലധികം രാജ്യങ്ങളിലെ തപാൽ സ്റ്റാമ്പുകളെ ഗാന്ധിജിയുടെ  ജീവിത കാലഘട്ടത്തിലൂടെ 25 വ്യത്യസ്ത ഫിലാറ്റിക് എലമെന്റുകളായി തിരിച്ചാണ് ടോം വടക്കുംമൂല ശേഖരണവും പ്രദർശനവും നടത്തിയത്. നൂറോളം പേജുകളിലായി ക്രമീകരിച്ച് നടത്തിയ സ്റ്റാമ്പ് പ്രദർശനത്തിൽ  ഗാന്ധിജിയുടെ കുട്ടിക്കാലം മുതലുള്ള പ്രത്യേകമായ വേർതിരിവുകൾ നടത്തി. 
വിദ്യാർഥി, വിവാഹം, ദക്ഷിണാഫ്രിക്കയിൽ, സ്വാതന്ത്ര്യസമരമുഖത്ത്, കുട്ടികളുടെ ഗാന്ധി, ഗാന്ധിജിയുടെ യാത്രകൾ (ഇതിൽ തീവണ്ടിയാത്രയും പദയാത്രയും വെവ്വേറെ), ഗാന്ധിയെന്ന എഴുത്തുകാരൻ, സാധുവായ ഗാന്ധി, ഗാന്ധി ആദ്യമായി തപാൽ മുദ്രയായി, നൂറാം ജന്മവാർഷികം, 150-ാം ജന്മവാർഷികം, ഗാന്ധിയും നെഹ്രുവും, ഗാന്ധിയും ദേശീയനേതാക്കളും, അഹിംസാദിനം, ഗാന്ധിയുടെ സന്ദേശങ്ങൾ, ഗാന്ധിജിയുടെ വരച്ച ചിത്രങ്ങൾ എന്നിങ്ങനെ നീണ്ടുപോകുന്നതാണ്  പട്ടിക.   

വർഷങ്ങൾ നീണ്ട പ്രയത്നം
ഗാന്ധിസ്റ്റാമ്പുകളുടെ വേർതിരിവിനായി വർഷങ്ങളോളം ടോംവടക്കുംമൂല ഗാന്ധിജിയെ പുസ്തകങ്ങളിലൂടെ വിശദമായി പഠിക്കാനും മനസ്സിലാക്കാനുമുള്ള ശ്രമവും നടത്തി. ഭാരതം ഇതുവരെയായി ഇറക്കിയ 84 വ്യത്യസ്ത ഗാന്ധിസ്റ്റാമ്പുകൾ മാത്രമല്ല ലോകരാജ്യങ്ങൾ ഇറക്കിയ ഇതിലും മൂന്നിരട്ടിയോളം വരുന്ന ഗാന്ധിസ്റ്റാമ്പുകളും ഉൾപ്പെട്ടതാണ് ടോംവടക്കുംമൂലയുടെ ഗാന്ധിചരിത്രം. ഗാന്ധി സ്റ്റാമ്പുകൾക്കുപുറമെ ഗാന്ധിയുടെ ചിത്രമുള്ള ടെലിഫോൺ കാർഡ്, നാണയങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.   

കോട്ടയത്തുനിന്ന്‌ കൂടെക്കൂട്ടിയ വിനോദം
കോട്ടയം കടുത്തുരുത്തിൽ ആറാംതരത്തിൽ പഠിക്കുമ്പോഴാണ് ടോം എന്ന കൊച്ചുപയ്യൻ തപാൽസ്റ്റാമ്പ് ശേഖരണത്തിലും നാണയശേഖരണത്തിലും തത്പരനാകുന്നത്. അമ്മാവനായിരുന്നു മാർഗദർശി. കേവലം ഒരു കൗതുകത്തിന് തുടങ്ങിയ ശേഖരണം ഗൗരവതരമായി മാറാൻ അധിക വർഷങ്ങൾ വേണ്ടിവന്നില്ല. 
കടുത്തുരുത്തിയിൽനിന്ന്‌ 1977-ൽ കാലിച്ചാനടുക്കത്തേക്കുള്ള പറിച്ചുനടീലിനിടയിലും തന്റെ വിനോദത്തെ മുറുകെപ്പിടിച്ചു. 
മുഴുവൻസമയ കർഷകനായും പൊതുപ്രവർത്തകനായും ജീവിതം മുന്നോട്ടുപോകുമ്പോഴും സ്റ്റാന്പുശേഖരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പഠനങ്ങളും തുടർന്നു. സ്റ്റാമ്പ് ശേഖരണത്തിനു പുറമെ നാണയ-കറൻസി ശേഖരണം എന്നിവയിലും ടോം മുൻനിരക്കാരനാണ്.   തന്റെ ഹോബിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ചുകൊണ്ടായിരുന്നു ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധാലുവായത്.  2002 മുതൽ ദേശീയതലത്തിൽ നടക്കുന്ന സ്റ്റാമ്പ് പ്രദർശന മത്സരങ്ങളിൽ ഇദ്ദേഹം സ്ഥിരമായി മത്സരിക്കുകയും അംഗീകാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിടുണ്ട്. കേരള ന്യുമിസ്മാറ്റിക് സൊസൈറ്റിയുടെ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.   

സ്റ്റാന്പും കൃഷിയും
ഗാന്ധിജിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമായിരുന്നു ഗ്രാമീണ കർഷകരും കൃഷിയും. ടോം വടക്കുംമൂല ഗാന്ധി വിഷയം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശ്രദ്ധപതിപ്പിച്ചതും കൃഷിയിൽ തന്നെയായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട് ഇദ്ദേഹം തയ്യാറാക്കിയ വിപുലമായ സ്റ്റാമ്പ് ശേഖരണവും വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിടുണ്ട്. കലപ്പകളുടെ ചരിത്രം മുതൽ ആധുനിക കൃഷിരീതികളുമായി ബന്ധപ്പെട്ട ലോകരാജ്യങ്ങളുടെ അയ്യായിരത്തിലധികം സ്റ്റാമ്പുകൾ ഇദ്ദേഹത്തിന്റ ശേഖരത്തിലുണ്ട്.   

2008-ൽ കൊച്ചിയിൽ നടന്ന കാർഷിക പ്രദർശനത്തിൽ നടത്തിയ സ്റ്റാമ്പ് പ്രദർശനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രദർശനം കാണാനെത്തിയ ഡോ. എം.സ്വാമിനാഥൻ ഒരുമണിക്കൂറിലധികം സമയം സ്റ്റാമ്പ് പ്രദർശനം നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്തത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായാണ് ടോംവടക്കുംമൂല കരുതുന്നത്. 
പ്രദർശനത്തെ അഭിനന്ദിച്ച് ഡോ.സ്വാമിനാഥൻ എഴുതിയ കത്ത് ഒരു നിധിപോലെയാണ് അദ്ദേഹം സൂക്ഷിച്ചുവരുന്നത്.  

കാസർകോട് സി.പി.സി.ആർ.ഐ.യിൽ തെങ്ങ് വിഷയത്തിലുള്ള സ്റ്റാമ്പ് പ്രദർശനവും കോട്ടയത്ത് റബ്ബർവിഷയത്തിലുള്ള സ്റ്റാമ്പ് പ്രദർശനവും പട്ടാമ്പിയിൽ നെല്ല് വിഷയത്തിലുള്ള പ്രദർശനവും ഇദ്ദേഹം നടത്തിയിരുന്നു. പിന്തുണയുമായി ഭാര്യ ആൻസിയും മക്കളായ ലിസും ജിയോ ടോമും ജോസ്‌ ടോമും ടോം വടക്കുംമൂലയ്ക്ക് ഒപ്പമുണ്ട്.