ഉളിക്കല്‍: ആസ്പത്രി സ്‌ട്രെച്ചറില്‍ കിടന്ന് ജിനി പ്രിയതമനെ അവസാനമായി ഒരുനോക്കുകണ്ടു. മൂകമായ ഭാഷയില്‍ ജസ്റ്റിന്‍ യാത്രപറഞ്ഞു. പെരിങ്കരിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ജസ്റ്റിന്റെ മൃതദേഹം തിങ്കളാഴ്ച ചികിത്സയില്‍ കഴിയുന്ന ഭാര്യ ജിനിയെ കാണിക്കാന്‍ കണ്ണൂരിലെ മിംസ് ആസ്പത്രിയില്‍ കൊണ്ടുവന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ഇത്.

അതുവരെ ജസ്റ്റിന്‍ വേറെ ആസ്പത്രിയിലാണെന്നും പരിക്ക് ഗുരുതരമാണെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു ജിനിയെ. ചൊവ്വാഴ്ചയാണ് സംസ്‌കാരം.

ചികിത്സയില്‍ കഴിയുന്ന ജിനിക്ക് അതില്‍ പങ്കെടുക്കാനാകില്ല. അതിനാല്‍ ബന്ധുക്കള്‍ കൂടിയാലോചിച്ച് കാണാന്‍ അവസരമൊരുക്കുകയായിരുന്നു. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് വരണമെന്ന് ജിനി നിര്‍ബന്ധം പിടിച്ചെങ്കിലും ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പരിശോധന കഴിഞ്ഞ് ധനലക്ഷ്മി ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. വൈകുന്നേരത്തോടെ മൂത്ത സഹോദരന്‍ ജോജുവും മാതാപിതാക്കളും താമസിക്കുന്ന പെരിങ്കരിയിലെ വീട്ടിലെത്തിച്ചു.

ചൊവ്വാഴ്ച 11-ന് പെരിങ്കരി സെയ്ന്റ് അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കരിക്കും. ഞായറാഴ്ച ഈ പള്ളിയിലേക്ക് ജിനിക്കൊപ്പം ബൈക്കില്‍ പുറപ്പെട്ടപ്പോഴാണ് കാട്ടാന ആക്രമിച്ചത്.

വീട്ടിലെത്തിച്ച മൃതദേഹത്തിനരികെ ജസ്റ്റിന്റെ പിഞ്ചുമക്കള്‍ ഇരുന്നത് എല്ലാവരുടെയും കണ്ണുനനയിച്ചു. എം.എല്‍.എ.മാരായ കെ.കെ. ശൈലജ, അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍ തുടങ്ങി നിരവധിപേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം നല്‍കും

ജസ്റ്റിന്‍ തോമസിന്റെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ സഹായധനം നല്‍കും. ഇതിന്റെ ആദ്യ ഗഡുമായി അഞ്ചുലക്ഷം രൂപ ഉടന്‍ അനുവദിക്കും. ആനയുടെ അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജസ്റ്റിന്റെ ഭാര്യ ജിനിയുടെ ചികിത്സാസഹായവും ഉടന്‍ അനുവദിക്കും.