താഴെചൊവ്വ: നഗരത്തിലെ റോഡില്‍ കറന്‍സി നോട്ടുകള്‍ പാറിക്കളിച്ചു! ആദ്യം അമ്പരപ്പായിരുന്നു ഇത് കണ്ടവര്‍ക്ക്. റോഡുകളില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കാന്‍ സിനിമയില്‍ വില്ലന്മാരും മറ്റും ഈ വഴി ഉപയോഗിച്ചത് നാം കണ്ടിട്ടുണ്ട്. അതിനു സമാനമായിരുന്നു ചൊവ്വാഴ്ച താഴെചൊവ്വ ബൈപ്പാസില്‍ കണ്ട കാഴ്ച.
കിഴുത്തള്ളി പോലീസ് നഗര്‍ കോളനിക്ക് സമീപം വൈകുന്നേരം 6.30- ഓടെയായിരുന്നു റോഡില്‍ കറന്‍സി നോട്ടുകളുടെ പെരുമഴ. ഒന്നിടവിട്ട് റോഡില്‍ കറന്‍സി നോട്ടുകള്‍ ചിതറിക്കിടന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അവ പൊങ്ങി മുകളിലോട്ട് പറന്നു.
നോട്ടുകളില്‍ ഏറെയും നൂറുരൂപയുടെ പുതിയ നോട്ടുകളായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
റോഡില്‍ നാഥനില്ലാതെ നോട്ടുകള്‍ കിടക്കുന്നത് കണ്ടതോടെ വാഹനങ്ങള്‍ നിര്‍ത്തി അവയെടുക്കാനുള്ള തിരക്കിലായിരുന്നു യാത്രക്കാര്‍. കോവിഡ് കാലം സമ്മാനിച്ച വറുതിയില്‍ കഴിയുന്ന ചിലര്‍ക്ക് 'നോട്ടുമഴ' ഏറെ ആശ്വാസം നല്‍കി. ഇരുചക്രവാഹനവും ഓട്ടോറിക്ഷയും കാറും എന്നില്ല വന്ന വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടായിരുന്നു പണം ശേഖരിക്കാനുള്ള ശ്രമം.
സംഭവം അറിയില്ലെന്ന് പോലീസ്
:നോട്ടുകള്‍ എവിടെനിന്ന് വന്നെന്ന് ആര്‍ക്കും ഒരു പിടിയുമുണ്ടായില്ല. നഷ്ടപ്പെട്ട പണമന്വേഷിച്ച് ഉടമസ്ഥര്‍ ആരും ഇതുവരെ പോലീസിനെയും സമീപിച്ചില്ല. ഇത് ദുരൂഹതയുണ്ടാക്കുന്നു. സംഭവത്തെ പറ്റി അറിഞ്ഞിട്ടില്ലെന്ന് ടൗണ്‍ പോലീസ് പറഞ്ഞു.
Content Highlights: Currency' on the road; source of the money is unknown