''ദേടീ ആ സാറ് നിക്കുന്നു, ഇവിടേം സിനിമാ പിടിക്കുന്നുണ്ടോ?'' കൊവ്വല്‍പ്പള്ളിയില്‍ കലോത്സവ ഊട്ടുപുരയ്ക്കടുത്ത് ട്രാഫിക് നിയന്ത്രിക്കുന്ന ഇന്‍സ്‌പെക്ടര്‍ സിബി തോമസിനെ കണ്ട് കലോത്സവത്തിന് വന്നവര്‍ക്ക് അദ്ഭുതം. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയില്‍ സബ് ഇന്‍സ്പെക്ടര്‍ സാജന്‍ മാത്യുവായി തിളങ്ങിയ സിബി തോമസ് കാസര്‍കോട് തീരദേശ പോലീസില്‍ ഇന്‍സ്‌പെക്ടറാണ്. സംസ്ഥാന കലോത്സവ ഡ്യൂട്ടിക്കാണ് കൊവ്വല്‍പ്പള്ളിയില്‍ എത്തിയത്. പക്ഷേ, ശരിക്കും പോലീസ് ഓഫീസറാണെന്ന് വിശ്വസിക്കാന്‍ ആളുകള്‍ക്ക് പ്രയാസം. സംശയിച്ചുനിന്ന പലരും മെല്ലെ അടുത്തൂകൂടി. കഥാപാത്രം സാങ്കല്പികമല്ല, സത്യമാണെന്നറിഞ്ഞതോടെ സെല്‍ഫിയെടുക്കാന്‍ തിരക്കായി. ചിലര്‍ തൊട്ടുനോക്കി. വെള്ളിത്തിരയില്‍ പോലീസ് വേഷത്തില്‍തന്നെ കണ്ടതുകൊണ്ട് പെട്ടെന്ന് ആളുകള്‍ തിരിച്ചറിയുന്നു. വാഹനങ്ങള്‍ ഒരു നിമിഷം നിര്‍ത്തി മുഖത്തേക്ക് നോക്കി സംശയം തീരാതെ പോയവരുമുണ്ട്.

കലോത്സവത്തിന്റെ ഭാഗമായി ബല്ല ഈസ്റ്റ് സ്‌കൂളില്‍ കുട്ടികള്‍ക്ക് പ്രശസ്തരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കിയിരുന്നു. ശനിയാഴ്ച സിബി തോമസായിരുന്നു വേദിയില്‍. ഹിറ്റ് സിനിമയിലെ പ്രധാന വേഷക്കാരനെ അടുത്തുകിട്ടിയതോടെ കുട്ടികള്‍ പൊതിഞ്ഞു. എത്ര ചോദിച്ചിട്ടും അവര്‍ക്ക് ചോദ്യങ്ങള്‍ തീരുന്നില്ല. സിനിമയാണോ പോലീസാണോ കൂടുതല്‍ ഇഷ്ടം എന്നായി ഒരു വിദ്യാര്‍ഥി:

രണ്ടും ഇഷ്ടമാണ്. പക്ഷേ, യഥാര്‍ഥ പോലീസ് ഓഫീസറായതുകൊണ്ടാണ് സിനിമയില്‍ തന്‍മയത്വത്തോടെ ആ വേഷം ചെയ്യാനായത്, അതുകൊണ്ട് പോലീസ് ജോലിയാണ് കൂടുതല്‍ താത്പര്യമെന്ന് സിബി തോമസ്. മുഴുവന്‍സമയം സിനിമാക്കാരനാകുന്നത് ജോലിയില്‍നിന്ന് വിരമിച്ചശേഷമെന്ന് മറുപടി.

ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് സിനിമയില്‍ എങ്ങനെ എത്തിപ്പെട്ടു എന്നായിരുന്നു. ഡിഗ്രിക്കുശേഷം അഭിനയക്കമ്പം മൂത്ത് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷ പാസായി അവസാനവട്ട അഭിമുഖത്തില്‍ കടമ്പ കടക്കാനാകാതെ നിരാശപ്പെട്ട് മടങ്ങിയ കഥ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. പോലീസ് ഓഫീസറായപ്പോള്‍ അഭിനയമോഹം മാറ്റിവെച്ച് ജോലിയില്‍ മുഴുകി. തൊണ്ടിമുതല്‍ സിനിമയിലേക്ക് നടനെ ആവശ്യപ്പെട്ടുള്ള പരസ്യം കണ്ട് അപേക്ഷിച്ച് തിരഞ്ഞെടുക്കപ്പെട്ടതാണ്. അതാണ് ഇവിടെവരെ എത്തിച്ചത് -അദ്ദേഹം പറഞ്ഞു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ കാസര്‍കോട്ടുനിന്ന് സിബി തോമസടക്കം ആറ് പോലീസുദ്യോഗസ്ഥരുണ്ടായിരുന്നു. ഇവരില്‍ സബിത് പടന്ന, ബാബുദാസ് കോടോത്ത്, വനിതാ പോലീസുകാരായ ഷീബ, സരള എന്നിവരും കലോത്സവ ഡ്യൂട്ടിയിലുണ്ട്.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Sibi Thomas police officer Kerala State School Youth festival 2019