കാഞ്ഞങ്ങാട്: അപ്പീല്‍ അനുവദിച്ചിട്ടും ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ട് മത്സരത്തിന് പങ്കെടുക്കാന്‍ ഉത്തരവുമായി അധികൃതര്‍ എത്താത്തതായിരുന്നു തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസിലെ സിദ്ധാര്‍ത്ഥ എ എസിന് കിട്ടിയ ആദ്യത്തെ തിരിച്ചടി. ഇന്ന് രാവിലെ കാഞ്ഞങ്ങാടു മുതല്‍ നീലേശ്വരം വരെ കിലോമീറ്ററുകണക്കിന് രൂപപ്പെട്ട ഗതാഗതക്കുരുക്ക് രണ്ടാമത്തെ വില്ലന്‍. 

ഒടുവില്‍ സിനിമാ സ്‌റ്റൈലിലുള്ള ഓട്ടം. ക്ലൈമാക്‌സില്‍ ഒടുക്കത്തെ സസ്‌പെന്‍സ്. ഒടുവില്‍ വിജയശ്രീലാളിതനായി സിദ്ധാര്‍ത്ഥ. ഒന്നാം ദിവസം ഹൈസ്‌കൂള്‍ മോണോ ആക്ട് വേദിയില്‍ അരങ്ങേറിയ സസ്‌പെന്‍സ് ത്രില്ലറിന്റെ ചുരുക്കം ഇങ്ങനെയാണ്.

അതിനിടെ ഒരുകാര്യം കൂടെയുണ്ട്. സിദ്ധാര്‍ത്ഥയുടെ വിഷയം നല്ല ചൂടുള്ളതു കൂടിയായിരന്നു. വയനാട്ടില്‍ സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് പാമ്പു കടിയേറ്റത്. 

മോണോ ആക്ട് വേദിയില്‍ പലതവണ പേര്‍ വിളിക്കുമ്പോഴും സിദ്ധാര്‍ത്ഥ ലോകായുക്തയുടെ ഉത്തരവിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. കാത്തിരിപ്പിന് ഒടുവില്‍ കണ്ണൂരില്‍ നിന്നും അധികൃതര്‍ ഉത്തരവുമായെത്തി. മത്സരത്തിനെത്താന്‍ സംഘാടകര്‍ പത്തുമിനിട്ടുകൂടി നല്‍കി. 

അപ്പോള്‍ ഓട്ടോയില്‍ കടുത്ത ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുകയായിരുന്നു സിദ്ധാര്‍ത്ഥയും അച്ഛനും.  രക്ഷയില്ലാതായപ്പോള്‍ ഓട്ടോയില്‍ നിന്നിറങ്ങി ഒരു ബൈക്ക് യാത്രക്കാരന്റെ സഹായം തേടി. ഒരു വിധത്തില്‍ വേദിയിലെത്തിയപ്പോഴാണ് അവസരം നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്.

സംഘാടകരില്‍ ചിലര്‍ ഇടപെട്ടതോടെയാണ് സിദ്ധാര്‍ത്ഥിക്ക് വീണ്ടും അവസരം നല്‍കാന്‍ തീരുമാനമായത്. ഒടുവില്‍ ഫലം വന്നു, എ ഗ്രേഡ്. 

അധ്യാപകരുടെ അനാസ്ഥയും കുട്ടികളുടെ വെപ്രാളവും എല്ലാം ഭംഗിയായി അവതരിപ്പിച്ച സിദ്ധാര്‍ത്ഥക്ക്  കാണികളുടെ പ്രശംസയും കിട്ടി.

Content highlights: Photo finish, Sidhartha bags A grade in HS Mono act in Kalolsavam 2019